Good News

ലക്ഷ്യത്തിലേക്ക് നോക്കി അമ്പ് പിടിക്കാൻ ഈ 16-കാരിക്ക് രണ്ട് കൈകളുമില്ല; അമ്പെയ്ത്തിൽ വിസ്മയമായി ശീതൾ

കഠിനാധ്വാനവും ആത്മധൈര്യവും കൊണ്ട് തന്റെ പരിമിതികളെ മറികടന്ന് മുന്നേറിയ നിരവധി വ്യക്തികളെ നമ്മുക്ക് പരിചിതമാണ്. അവര്‍ പലപ്പോഴും നമ്മുക്കും പ്രചോദനം പകരാറുണ്ട്. അത്തരത്തില്‍ തന്റെ പരിമിതികളെ നിഷ്പ്രയാസം ധൈര്യം കൊണ്ട് മറികടന്ന വ്യക്തിയാണ് 16 കാരിയായ ശീതള്‍ ദേവി. ജന്മനാ കൈകളില്ലായിരുന്നെങ്കിലും അമ്പെയ്ത്തില്‍ ഒരു വിസ്മയമായിരിക്കുകയാണ് ഈ മിടുക്കി. കശ്മീരിലെ ലോയ്ദാര്‍ എന്ന് കൊച്ചു ഗ്രാമത്തില്‍ നിന്നാണ് ശീതള്‍ എത്തുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ പ്രതിഭയാണിവര്‍. കൂടാതെ ലോകത്തിലെ കൈകളില്ലാത്ത ആദ്യ വനിത അമ്പെയ്ത്ത്കാരിയെന്ന നേട്ടവും ഇവര്‍ക്ക് സ്വന്തമാണ്.ഫോക്കോമേലിയ എന്ന അപൂര്‍വ്വ രോഗത്തോടെയാണ് ശീതള്‍ ഭൂമിയില്‍ പിറന്ന് വീണത്ത്. പിന്നീട് അവള്‍ കൊയ്ത നേട്ടങ്ങളെല്ലാം അവളുടെ ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെ കൂടി ഫലമായിരുന്നു. കായിക മത്സരത്തിനോടുള്ള അവളുടെ അതിയായ ഇഷ്ടമാണ് ശീതളിനെ അമ്പെയ്ത്തിലേക്ക് എത്തിച്ചേര്‍ത്തത്.

2019ല്‍ ഇന്ത്യന്‍ ആര്‍മിയുടെ രാഷ്ട്രീയ റൈഫിള്‍സ് വിഭാഗം കിഷ്ത്വാറില്‍ സംഘടിപ്പിച്ച കായിക മത്സരത്തില്‍ ശീതളും പങ്കെടുത്തിരുന്നു. തന്റെ ശാരീരിക പരിമിതികള്‍ക്കു മുന്നില്‍ വീണുപോകാതെയുള്ള ശീതളിന്റെ പ്രകടനം ഏവരുടെയും മനം കവരുന്നതായിരുന്നു. ശാരീരിക പരിമിതികള്‍ക്ക് മുന്നില്‍ പതറാതെ മുന്നോട്ടുനീങ്ങിയ ശീതള്‍ തന്റെ 12-ാം വയസിലാണ് ആദ്യമായി അമ്പെയ്ത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് 2024 ല്‍ ശീതള്‍ പങ്കെടുത്ത നാല് അന്താരാഷ്ട്ര മത്സരങ്ങളുടെയും ഫൈനലില്‍ എത്തുകയും കൂടാതെ ഡബിള്‍സ് വിഭാഗത്തില്‍ നിരവദി മെഡലുകള്‍ നേടുകയും ചെയ്തു.ചെക്കറിപ്പബ്ലിക്കില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക ആര്‍ച്ചറി പാരാ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുകയും പാരാ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യത്തെ കൈകളില്ലാത്ത വനിത എന്ന നേട്ടം സ്വന്തമാക്കുകയും ചെയ്തു.കൂടാതെ വ്യക്തിഗത കോമ്പൗണ്ടിലും മിക്‌സഡ് ടീം ഇനങ്ങളിലും സ്വര്‍ണം നേടാനുമായിരുന്നു ശീതളിന്. മികച്ച പ്രകടനം തുടര്‍ന്ന ഈ പെണ്‍കുട്ടി ഏഷ്യന്‍ പാരാ ഗെയിംസിലും മെഡലുകള്‍ വാരിക്കൂട്ടി. ഇതോടെ പാരാ കോമ്പൗണ്ട് ആര്‍ച്ചര്‍മാരുടെ റാങ്കിങില്‍ ശീതള്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

അരങ്ങേറ്റ സീസണില്‍ തന്നെ മിന്നും പ്രകടനം കാഴ്ച്ചവച്ച ശീതള്‍ ഏഷ്യന്‍ പാരാലിമ്പിക് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ മികച്ച യൂത്ത് അത്‌ലറ്റായി തെരഞ്ഞെടുക്കപ്പെട്ടു.അര്‍ജുന അവാര്‍ഡ് സമ്മാനിച്ചാണ് രാജ്യം ശീതളിനെ ആദരിച്ചത്. കൂടാതെ ശീതൾ ദേവിയെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പിഡബ്ല്യുഡി ദേശീയ ഐക്കണായും കഴിഞ്ഞദിവസം തിരഞ്ഞെടുത്തു.പരിമിതികളില്‍ പതറിവീഴാതെ ധൈര്യത്തോടെ മുന്നേറി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഈ കൊച്ചുമിടുക്കി ജീവിതത്തില്‍ അടിപതറാതെ സധൈര്യം മുന്നോട്ട് പോകാന്‍ മറ്റുള്ളവര്‍ക്കും മാതൃകയാകുമെന്നത് തീര്‍ച്ച.