രക്തത്തിലെ പഞ്ചസാര എന്നറിയപ്പെടുന്ന ഗ്ലൂക്കോസിനെ സംസ്‌കരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്ന അവസ്ഥയാണ് പ്രമേഹം. അമേരിക്കന്‍ ഐക്യനാടുകളില്‍ രോഗ നിര്‍ണയം ചെയ്തതും ചെയ്യാത്തതുമായ പ്രമേഹമുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 30.2 ദശലക്ഷണമാണ്.
ജനസംഖ്യയുടെ 27.9 മുതല്‍ 32.7 ശതമാനം വരെ ഈ കണക്ക് പ്രതിനിധീകരിക്കുന്നു. വളരെ ശ്രദ്ധയോടെ ചികിത്സാരീതികള്‍ ചെയ്യാതിരുന്നാല്‍ പ്രമേഹം രക്തത്തില്‍ പഞ്ചസാരയുടെ വര്‍ധനവിന് ഇടയാക്കുകയും അതുവഴി ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണവും അപകടകരവുമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു.
ഫിസിയോതെറാപ്പിയുടെ പങ്ക്
പ്രമേഹം സാധാരണയായി രണ്ടുതരത്തിലാണ് കണ്ടുവരുന്നത്. ഇന്‍സുലിന്‍ അഭാവം മൂലം ഉണ്ടാകുന്നത് ടൈപ്പ് – 1 എന്നും ഇന്‍സുലിനോടുള്ള പ്രതിരോധവും ഇന്‍സുലിന്‍ അളവിലുണ്ടാകുന്ന കുറവും കാരണം ഉണ്ടാകുന്നതിനെ ടൈപ്പ് 2 പ്രമേഹം എന്നും പറയുന്നു. മേല്‍പ്പറഞ്ഞ രണ്ടുതരം പ്രമേഹത്തെയും നിയന്ത്രിക്കുന്നതില്‍ വ്യായാമത്തിനും ഫിസിയോതെറാപ്പിക്കും വളരെ വലിയ പങ്കാണുള്ളത്.
- മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കി രക്തത്തിലെ പഞ്ചസാര നില നിയന്ത്രിക്കുവാന്‍ സാധിക്കുന്നു.
- ടൈപ്പ് 2 പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം വ്യായാമശേഷിയും വര്‍ധിക്കുന്നു.
- രോഗികളില്‍ മാനസികവും ശാരീരികവുമായ ഉണര്‍വ് നല്‍കുന്നു.
- നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്‍ നില കൂടുകയും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ നില കുറയ്ക്കുകയും ചെയ്യും.
- പ്രമേഹരോഗികളില്‍ കണ്ടുവരുന്ന ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ ഒരുപരിധിവരെ നിയന്ത്രിക്കുവാന്‍ സാധിക്കുന്നു.
വ്യായാമ രീതികള്‍
പ്രമേഹരോഗികള്‍ പ്രധാനമായും നാല് തരത്തിലുള്ള വ്യായാമമുറകളാണ് പരിശീലിക്കേണ്ടത്. ആയാസം കുറഞ്ഞ എയറോബിക് എക്‌സര്‍സൈസ് അവയില്‍ പ്രധാനമാണ്. പേശികള്‍ക്ക് വഴക്കം കൂടുവാനുള്ള ഫ്‌ളക്‌സിബിലിറ്റി എക്‌സര്‍സൈസ്, ബലം വര്‍ധിപ്പിക്കാനുള്ള റെസിസ്റ്റഡ് എക്‌സര്‍സൈസ്, ബാലന്‍സ്ഡ് എക്‌സര്‍സൈസ് എന്നിവയാണ് പരിശോധിക്കേണ്ടത്.
- എയറോബിക് വ്യായാമത്തില്‍ ചെറു നടത്തം, നീന്തല്‍, സൈക്ലിംഗ്, ജോഗിംഗ്, ഗാര്‍ഡനിംഗ്, ഗാര്‍ഡനിംഗ്, സൂംബ തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്.
- കൈകാലുകള്‍ക്കും പേശികള്‍ക്കും ബലം വര്‍ധിപ്പിക്കുന്നതിനായി ചെറിയ ഡംബെല്‍, അല്ലെങ്കില്‍ എക്‌സര്‍സൈസ് ബാന്‍ഡ് ഉപയോഗിച്ച് ചെയ്യുന്ന വ്യായാമത്തിനെ റെസിസ്റ്റഡ് എക്‌സര്‍സൈസില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
- ശരീരത്തിന് വഴക്കം ലഭിക്കുന്നതിനായി ചെയ്യുന്ന വ്യായാമമാണ് ഫ്‌ളക്‌സിബിലിറ്റി എക്‌സര്‍സൈസ്. പേശികള്‍ക്ക് അയവ് വരുത്തുന്നതിനും സന്ധികളുടെ ചലനശേഷി വര്‍ധിപ്പിക്കു
ന്നതിനുമാണിത്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൃത്യതയും സുരക്ഷിതവുമായ വ്യായാമത്തിന് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
- വ്യായാമത്തിന് മുമ്പും ശേഷവും കൃത്യമായും പ്രമേഹത്തിന്റെ അളവും ഹൃദയമിടിപ്പും പരിശോധിക്കേണ്ടതാണ്.
- വ്യായാമത്തിന് ഉപയോഗിക്കുന്ന പാദരക്ഷകള്‍ കാലുകള്‍ക്ക് പരുക്കുകള്‍ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. കൃത്യമായ അളവിലുള്ള പാദരക്ഷകള്‍ തെരഞ്ഞെടുക്കുക.
- വ്യായാമത്തിനിടയില്‍ ശ്വാസം പിടിച്ച് വയ്ക്കാന്‍ ശ്രമിക്കരുത്. മിതമായ സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന രീതിയില്‍ മാത്രം ആയാസപ്പെടാതെ വ്യായാമം ചെയ്യുക.
- വ്യായാമശേഷം കാല്‍പാദത്തില്‍ മുറിവുകള്‍ വല്ലതും സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.