Health

ഗര്‍ഭകാലത്ത് പല്ലിന്റെ ആരോഗ്യം നിസാരമാക്കരുത്

ഗര്‍ഭാവസ്ഥയില്‍ മോണരോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയേറെയാണ്. മോണയിലും പല്ലുകളിലും അഴുക്ക്് അടിയുക, വെളുത്തദ്രാവകമായ പ്ലേക്ക് എന്നിവ ഗര്‍ഭാവസ്ഥയില്‍ സാധാരണ ഉണ്ടാകാറുണ്ട്. ഇതു മോണകളില്‍ നീരുണ്ടാകാന്‍ കാരണമാകും. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവ് ഗര്‍ഭകാലത്ത് കൂടുതലായി ഉണ്ടാകുന്നതാണ്് ഇത്തരത്തിലുള്ള ക്രമരഹിതമായ മാറ്റങ്ങള്‍ക്ക് കാരണം.

ലക്ഷണങ്ങള്‍

  • മോണയില്‍ നിന്നും തുടര്‍ച്ചയായുള്ള രക്തസ്രാവം
  • മോണയുടെ നിറം ചുവപ്പ് അല്ലെങ്കില്‍ നീല നിറമാകുക.
  • മോണയില്‍ ബ്രഷ് കൊള്ളുമ്പോള്‍ അസ്വസ്ഥതയും വേദനയും ഉണ്ടാകുക.
  • ദീര്‍ഘനാളായി അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ ഗര്‍ഭാവസ്ഥയില്‍ പ്രെഗ്നന്‍സി ട്യൂമര്‍ എന്ന വളര്‍ച്ചയ്ക്ക് ഇടയാക്കുക.

പ്രതിരോധമാര്‍ഗങ്ങള്‍

പല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കുകയെന്നതാണ് പ്രധാനം. ഗര്‍ഭാവസ്ഥയ്ക്ക് മുന്‍പ് തന്നെ ദന്തപരിശോധന ആരംഭിക്കേണ്ടതുള്ളതിനാല്‍ പ്രതിരോധ മാര്‍ഗങ്ങളാണ് മുഖ്യമായി അവലംബിക്കേണ്ടത്. പല്ലുകളുടെയും വായയുടെയും സംരക്ഷണവും വൃത്തിയും പാലിക്കേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ കൃത്യമായി ചെയ്യേണ്ട ദന്തസംരക്ഷണ രീതികളുണ്ട്. മൂന്ന് മാസം അല്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ പല്ലുകള്‍ വൃത്തിയാക്കുന്നത് എല്ലാവിഭാഗം ആളുകള്‍ക്കും ഗുണം ചെയ്യും. എന്നാല്‍ സാധാരണയായി ഓറല്‍ ഹൈജിന്‍ അത്ര കൃത്യമായി പാലിക്കപ്പെടാറില്ല. പല്ലുകള്‍ക്ക് കേടുപാടുകളും വേദനയും അനുഭവപ്പെടുമ്പോള്‍ മാത്രമാണ് ചികിത്സ തേടാറുള്ളത്.

ഡോക്ടറെ കാണണം

ഗര്‍ഭധാരണത്തിനു മുന്‍പ് ഡെന്റിസ്റ്റിനെ കണ്ട് പല്ലുകള്‍ വൃത്തിയാക്കുന്നതാണ് നല്ലത്. ഓരോ ഗര്‍ഭധാരണ സമയത്തും ദന്തസംരക്ഷണത്തിനു നല്‍കേണ്ട പ്രാധാന്യം തീര്‍ച്ചയായും നല്‍കണം. ദന്തസംരക്ഷണത്തെക്കുറിച്ചു മനസിലാക്കി ഡോക്ടറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അവ ചെയ്യണം. ഭക്ഷണത്തിനു ശേഷം കൃത്യമായി പല്ലുകള്‍ വൃത്തിയാക്കുക, പല്ലുകളില്‍ അടിഞ്ഞിരിക്കുന്ന അഴുക്കുകള്‍ എടുത്തു കളഞ്ഞു വൃത്തിയാക്കുക, ചെറുചൂടുവെള്ളം വായില്‍ കവിള്‍കൊള്ളുക, ഇത്തരത്തിലുള്ള ഓറല്‍ ഹൈജിന്‍ പാലിക്കുന്നത് ഗര്‍ഭകാലത്തെ പല്ലുകളുടെ സംരക്ഷണത്തിനു വളരെയധികം സഹായിക്കും.

ദന്തസംരക്ഷണം എപ്പോള്‍

ഗര്‍ഭകാലം ആദ്യമൂന്നു മാസം, രണ്ടാമത്തെ മൂന്നു മാസം, അവസാനത്തെ മൂന്നുമാസം എന്നിങ്ങനെ തരംതിരിക്കാറുണ്ട്. ഗര്‍ഭകാലത്ത് ചിലര്‍ക്ക് ഛര്‍ദ്ദി അധികമായിരിക്കും. ഛര്‍ദിയോടൊപ്പം വയറ്റില്‍ നിന്നും ആസിഡ് പോലുള്ള രാസപദാര്‍ഥങ്ങള്‍ വായിലേക്ക് വരും. ഇതു പല്ലുകള്‍ക്ക് ദോഷം ചെയ്യും. ആദ്യമൂന്നു മാസങ്ങളിലാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഗര്‍ഭിണികളില്‍ ഉണ്ടാകുന്നത്. നാലാം മാസം മുതല്‍ ആറാം മാസം വരെയുള്ള രണ്ടാമത്തെ ട്രൈമസ്റ്ററില്‍ പല്ലിനുള്ള കേടുപാടുകള്‍ പരിഹരിക്കുന്നതില്‍ തെറ്റില്ല. കേടുപാടുള്ള പല്ലുകള്‍ നീക്കം ചെയ്യുക, പല്ലിന്റെ സുഷിരങ്ങള്‍ അടയ്ക്കുക,റൂട്ട് കനാല്‍ എന്നിവയിലൂടെ ഗര്‍ഭാവസ്ഥയുടെ നാലു മുതല്‍ ആറ് മാസം വരെയുള്ള സമയങ്ങളില്‍ വിദഗ്ധ നിര്‍ദേശത്തോടെ പരിഹരിക്കാവുന്നതാണ്.
ഗര്‍ഭാവസ്ഥയില്‍ മരുന്നുകള്‍ ഉപയോഗിക്കാന്‍ പാടില്ല. അതിനാല്‍ പല്ലിന്റെ സംരക്ഷണത്തിനായി മരുന്നുകള്‍ കൂടാതെയുള്ള ചികിത്സകള്‍ ചെയ്യുന്നതാകും ഉത്തമം. ആദ്യ മൂന്നു മാസങ്ങളില്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ മസ്തിഷ്‌ക വളര്‍ച്ചയെ ബാധിക്കും. രണ്ടാം ട്രൈമസ്റ്ററില്‍ ദന്തസംരക്ഷണത്തിനായുള്ള ചികിത്സകള്‍ ആരംഭിക്കാം. മൂന്നാം ട്രൈമസ്റ്ററില്‍ അതായത് ഏഴാം മാസം മുതല്‍ ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദം കൂടാനുള്ള സാധ്യതയുണ്ട്. ഈ സമയം പല്ലുവേദന അധികരിച്ചേക്കാം. അതിനാല്‍ പല്ലിനുണ്ടാകുന്ന കേടുപാടുകള്‍ രണ്ടാം ട്രൈമസ്റ്ററില്‍ പരിഹരിക്കേണ്ടതുണ്ട്. അഥവാ ഗര്‍ഭാവസ്ഥയുടെ അവസാന മാസങ്ങളില്‍ എന്തെങ്കിലും ചികിത്സ ചെയ്യേണ്ടി വന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ സ്ഥാനമുള്‍പ്പെടെ പരിഗണിച്ചു മാത്രമേ ചികിത്സിക്കാവൂ. അതായത് ഗര്‍ഭിണി ചികിത്സയ്ക്കായി ഇരുത്തുന്നതില്‍ പോലും ശ്രദ്ധിക്കണം. ഗര്‍ഭാവസ്ഥയില്‍ സാധാരണയായി റേഡിയോഗ്രാഫ് അനുവദിക്കുന്നതല്ല. അപൂര്‍വമായി മാത്രം ചില കേസുകളില്‍ റേഡിയോഗ്രാഫ് എക്‌സറേ എടുക്കാറുണ്ട്. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ സംരക്ഷണം ഉറപ്പാക്കി മാത്രമേ ഇവ ചെയ്യാവൂ.