ഭക്ഷണവിഭവങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. വിചിത്രങ്ങളായ വിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വിഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒറ്റ നോട്ടത്തില്‍ ഗംഭീരന്‍ ഒരു തന്തൂരി ചിക്കനാണെന്നാണ് പറയാന്‍ സാധിയ്ക്കുന്നത്.
എന്നാല്‍ സംഭവം ചിക്കന്‍ അല്ല. ചിക്കന്റെ രൂപത്തില്‍ തയാറാക്കിയ ഒരു കേക്ക് ആണ്. ദയീത പാല് എന്ന ബേക്കറാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിഭവത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഇതൊരു കേക്ക് ആണോ എന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ ഈ തന്തൂരി ചിക്കന്‍ കേക്കിനു കഴിയും. കൂടെ കത്തിയും ഫോര്‍ക്കും പച്ചക്കറികള്‍ കൊണ്ട് തയാറാക്കിയ സാലഡും കൂടി വെച്ചിരിയ്ക്കുന്നതിനാല്‍ തന്തൂരി ചിക്കന്‍ തന്നെയാണെന്ന് നമ്മള് വിചാരിയ്ക്കും.
എന്നാല്‍ കത്തിയുപയോഗിച്ച് മുറിക്കുമ്പോള്‍ പുറത്തു വരുന്നതോ വാനില ഫോണ്ടന്റും ചോക്ലേറ്റ് ഫില്ലിങ്ങുമാണ്. ഇതോടെയാണ് ഇത് ഒരു കേക്കാണെന്ന് മനസിലാകുന്നത്. ഈ തന്തൂരി ചിക്കന്‍ കേക്കിന്റെ വീഡിയോ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. 7.6 മില്യണ്‍ ആളുകള്‍ ഇതിനോടകം ആ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് രസകരമായ കമെന്റുകള്‍ കുറിച്ചിരിക്കുന്നത്.