Sports

യൂറോയും കോപ്പാഅമേരിക്കയും ശേഷം ഒളിമ്പിക്‌സും ; മെസ്സിയും എംബാപ്പേയും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരുമോ

അര്‍ജന്റീന ഒളിമ്പിക്‌സില്‍ കളിക്കാന്‍ യോഗ്യത നേടിയതു മുതല്‍ ആരാധകരുടെ മനസ്സുകളില്‍ ഉയരുന്ന ചോദ്യം മെസ്സി ആഗോളകായിക മേളയ്ക്ക് ഉണ്ടാകുമോ എന്നതാണ്. ഇന്റര്‍ മിയാമിയിലെ ക്ലബ് പ്രതിബദ്ധതകളും ഈ വേനല്‍ക്കാലത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റും ഉള്ളതിനാല്‍ ഒളിമ്പിക്‌സില്‍ ഇതിഹാസതാരം അര്‍ജന്റീനയ്ക്കായി പന്തു തട്ടാനെത്തുമോ എന്ന ആകാംഷയിലാണ് അര്‍ജന്റീനയ്ക്ക് പുറമേ ഫ്രാന്‍സിലെയും ആരാധകര്‍. ഫ്രഞ്ച് ഇതിഹാസതാരം എംബാപ്പേയും മെസ്സിയും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരുന്നത് അവര്‍ സ്വപ്‌നം കാണുകയാണ്.

അതേസമയം പാരീസിലെ പങ്കാളിത്തത്തെക്കുറിച്ച് എട്ട് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസ്സിയുടെ തീരുമാനത്തിനായി അര്‍ജന്റീന ഇപ്പോഴും കാത്തിരിക്കുകയാണ്. മറുവശത്ത് നാട്ടില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള തന്റെ ആഗ്രഹം എംബാപ്പെ നേരത്തേ തന്നെ പ്രസ്താവിച്ചിരിക്കുകയാണ്. ഇതോടെ ഇവന്റിന്റെ പോസ്റ്റര്‍ ബോയ് ആയി എംബാപ്പേ മാറുമെന്നു കരുതുന്നവരും ഏറെയാണ്. എന്നിരുന്നാലും തന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ക്ലബ്ബാണെന്ന് എംബാപ്പേ പറയുന്നു.

”അത്തരമൊരു കായികമേളയില്‍ കളിക്കുന്നത് സന്തോഷകരമാണ്, പക്ഷേ എന്റെ തൊഴിലുടമ ആഗ്രഹിക്കുന്നില്ലെങ്കില്‍, ഞാന്‍ ആ തീരുമാനത്തെ പിന്തുണയ്ക്കും. അതിനെക്കുറിച്ച് ചിന്തിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല.” എംബാപ്പേ പറഞ്ഞു. എംബാപ്പേ ഒളിമ്പിക്‌സില്‍ കളിക്കണോ എന്ന് തീരുമാനിക്കേണ്ടത് താരത്തിന്റെ ക്ലബ്ബായ പിഎസ്ജി ആണ്്. സ്വന്തം നഗരത്തില്‍ നടക്കുന്ന ഒരു ആഗോള ഷോപീസില്‍ തങ്ങളുടെ നാടിനെ പ്രതിനിധീകരിക്കുന്നത് എംബാപ്പെയെ സംബന്ധിച്ചിടത്തോളം സന്തോഷമാണ്. എന്നാല്‍ ഈ സമയത്ത് എംബാപ്പേ പിഎസ്ജിയിലെ കരാറില്‍ നിന്നും മോചിതനാകുകയും ചെയ്യും.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് 10 ദിവസങ്ങള്‍ക്ക് ശേഷം 2024 ഒളിമ്പിക്സ് ജൂലൈ 24-ന് ആരംഭിക്കും. പിഎസ്ജിയുടെ കരാര്‍ പൂര്‍ത്തിയാകുന്ന എംബാപ്പേ മിക്കവാറും റയലില്‍ എത്താനാണ് സാധ്യത. സ്പാനിഷ്‌ക്ലബ്ബിന്റെ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ എംബാപ്പേ തന്റെ സ്‌പെല്‍ ആരംഭിക്കുമ്പോള്‍ 2024 യൂറോയ്ക്കും ഒളിമ്പിക് മത്സരത്തിനും എംബാപ്പെയെ മോചിപ്പിക്കാന്‍ റയല്‍ വിമുഖത കാട്ടിയേക്കും. അങ്ങിനെ വന്നാല്‍ എംബാപ്പേ ഒളിമ്പിക്‌സില്‍ കളിക്കാനുള്ള സാധ്യത മങ്ങും. കോപ്പാ അമേരിക്ക മുന്‍ നിര്‍ത്തി വരുന്ന വിടവ് കണക്കാക്കി ഇന്റര്‍ മിയാമി മെസ്സിയെ തടഞ്ഞുവെച്ചാലും ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാനുള്ള സാധ്യത കുറയും.