Crime

അധോലോക നായകന് വധു ‘റിവോള്‍വര്‍ റാണി’; കനത്ത പോലീസ് കാവലില്‍ ഗ്യാങ്സ്റ്റര്‍ വിവാഹം!

അധോലോക നായകന്‍ കാലാ ജതേഡിയും റിവോള്‍വര്‍ റാണിയെന്ന് അറിയപ്പെടുന്ന അനുരാധ ചൗധരിയും വിവാഹിതരായി. കനത്ത പോലീസ് കാവലില്‍ ഡല്‍ഹി ദ്വാരകയിലെ സ്വകാര്യഹാളിലായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹവേദിയില്‍ അധോലോകസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് വേദിയിലും പുറത്തും പോലീസ് കര്‍ശന സുരക്ഷ് ഏര്‍പ്പെടുത്തിയത്. വിവാഹത്തിനായി പരോളിലിറങ്ങിയ ജതേഡി രക്ഷപ്പെടാതിരിക്കാനും പോലീസിന്റെ കനത്ത ജാഗ്രത. ആയുധധാരികളായ കമാന്‍ഡോകളും 250-ലേറെ പോലീസുകാരുമാണ് സുരക്ഷ ഒരുക്കിയത്.

വിവാഹത്തില്‍ സംബന്ധിക്കാനെത്തിയ 150 അതിഥികളുടെ പേരുവിവരങ്ങള്‍ ബന്ധുക്കള്‍ നേരത്തെതന്നെ പോലീസിന്മാ കൈമാറിയിരുന്നു. വിവാഹസല്‍ക്കാരത്തില്‍ ഭക്ഷണം വിളമ്പുന്നവര്‍ക്കും പ്രത്യേക ഐ.ഡി. കാര്‍ഡ് ഉണ്ടായിരുന്നു. മുന്‍കൂട്ടി പാസെടുക്കാത്ത വാഹനങ്ങള്‍ക്കും വിവാഹവേദിക്ക് സമീപം പ്രവേശനമില്ലായിരുന്നു. വിവാഹപ്പന്തലിന്റെ പ്രവേശന കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറുമുണ്ടായിരുന്നു.

വിവാഹവേദിയില്‍ നിരീക്ഷണത്തിനായി സിസിടിവി ക്യാമറകളും ഡ്രോണ്‍ സംവിധാനും പുറമെ പോലീസിന്റെ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും നേരത്തെ പരിശോധന നടത്തിയിരുന്നു. തിഹാര്‍ ജയിലില്‍ കഴിയുന്ന കാലാ ജതേഡിക്ക് വിവാഹത്തിനായി ചൊവ്വാഴ്ച രാവിലെ പത്തുമണി മുതല്‍ െവെകിട്ട് നാലുമണി വരെ ആറുമണിക്കൂര്‍ പരോളാണ് കോടതി അനുവദിച്ചത്.

അതിനിടെ, അനുരാധ വിവാഹവേദിയിലേക്ക് എത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹച്ചടങ്ങിന് മുന്നോടിയായി അനുരാധ മെഹന്തിയിടുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹരിയാനയിലെ സോണിപത് സ്വദേശിയാണ് സന്ദീപ് എന്ന കാലാ ജതേഡി. 40-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ഇയാള്‍ക്ക് കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുമായും ബന്ധമുണ്ട്.

റിവോള്‍വര്‍ റാണി, മാഡം മിന്‍സ് തുടങ്ങിയ പേരുകളിലാണ് അനുരാധ അറിയപ്പെടുന്നത്. 2017-ല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രാജസ്ഥാനിലെ ഗുണ്ടാത്തലവന്‍ ആനന്ദ് പാലിന്റെ അടുത്ത കൂട്ടാളി കൂടിയായിരുന്നു. ഓപ്പറേഷനുകള്‍ക്ക് എ.കെ.47 തോക്ക് ഉപയോഗിക്കുന്നതിനാലാണു ”റിവോള്‍വര്‍ റാണി” എന്ന വിളിപ്പേര് കിട്ടിയത്. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദധാരിയായ അനുരാധ പങ്കാളിയുടെ തട്ടിപ്പിനിരയായതിന് പിന്നാലെയാണ് ക്രിമിനല്‍ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. അനുരാധയുടെ രണ്ടാംവിവാഹമാണിത്. കാലായും അനുരാധയും 2020 മുതല്‍ അടുപ്പത്തിലായിരുന്നു. ദമ്പതിമാരെന്ന വ്യാജേന പലയിടങ്ങളിലായി ഒളിവില്‍ കഴിയവേ 2021 ലണ് ഇവരെ ഡല്‍ഹി പോലീസ് പിടികൂടിയത്. നിലവില്‍ അനുരാധ ജാമ്യത്തിലാണ്.