Movie News

‘ഷാരൂഖ് ഖാന്റെ പത്താന്‍ പോലുള്ള സിനിമകള്‍ താങ്കള്‍ ചെയ്യണം” ; ആരാധകന്റെ കമന്റിന് ആമിര്‍ഖാന്റെ മറുപടി ഇങ്ങനെ

ബോളിവുഡിലെ മൂന്ന് ഖാന്‍മാരായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളില്‍ ഒരുമിച്ച് എത്തിയത് അപൂര്‍വ്വ കാഴ്ച തന്നെയായിരുന്നു. അടുത്തിടെ, മുന്‍ ഭാര്യ കിരണ്‍ റാവു സംവിധാനം ‘ലാപത ലേഡീസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പ്ലാനുകളുടെ ഭാഗമായി ആമിര്‍ ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു തത്സമയ സെഷന്‍ നടത്തിയിരുന്നു. നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ അദ്ദേഹത്തോട് ആരാഞ്ഞത്. എന്നാല്‍ അതില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു.

ഒരു ആരാധകന്‍ കമന്റ് ചെയ്തു, ”ഷാരൂഖ് ഖാന്റെ പത്താന്‍ പോലുള്ള സിനിമകള്‍ താങ്കള്‍ ചെയ്യണം”.  അതിന് താരം മറുപടി പറഞ്ഞു, ” പത്താന്‍ പോലുള്ള സിനിമ ഷാരൂഖ് ഖാന്‍ ചെയ്യുന്നുണ്ട്. ഞാന്‍ ‘ലാപത ലേഡീസ്’ പോലുള്ള ചിത്രങ്ങള്‍ ചെയ്യുന്നുണ്ട്. നിങ്ങള്‍ അതു കാണൂ”. ‘ മാര്‍ച്ച് 1-ന് പുറത്തിറങ്ങിയ ‘ലാപത ലേഡീസ്’ എന്ന ചിത്രം 2001-ലുള്ള മധ്യപ്രദേശിന്റെ പശ്ചാത്തലത്തിലാണ് നടക്കുന്നതാണ്. മൊബൈല്‍ ഫോണുകള്‍ വിലപ്പെട്ടതും ഇന്റര്‍നെറ്റും സാങ്കേതികവിദ്യയും എല്ലാം എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ പറ്റാത്തതുമായ കാലമായിരുന്നു. സ്പര്‍ഷ് ശ്രീവാസ്തവ, രവി കിഷന്‍, ഛായ കദം എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

16 വര്‍ഷത്തിന് ശേഷം ഒരു പ്രത്യേക പ്രോജക്റ്റിനായി ആമിര്‍ ‘താരെ സമീന്‍ പര്‍’ സഹതാരം ദര്‍ശില്‍ സഫാരിയുമായി വീണ്ടും ഒന്നിക്കുകയാണ്. ‘സിത്താരെ സമീന്‍ പര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അവരുടെ ആദ്യ സിനിമയുടെ തുടര്‍ച്ചയാണ്. ക്രിസ്മസ് റിലീസായി ആയിരിയ്ക്കും ചിത്രം പുറത്തിറങ്ങുക. ചിത്രത്തില്‍ ജനീലിയ ദേശ്മുഖ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.