Crime

കാഞ്ഞങ്ങാട് ജ്യേഷ്ഠന്‍ അനുജനെ വെടിവച്ച് കൊന്നു

കാഞ്ഞങ്ങാട്(കാസര്‍ഗോഡ്): ജ്യഷ്ഠന്‍ അനുജനെ വെടിവച്ച് കൊന്നു. കുറ്റിക്കോല്‍ വളവില്‍ നൂഞ്ഞങ്ങാനത്ത് അശോകന്‍ (45) ആണ് മരിച്ചത്. ജ്യേഷ്ഠന്‍ ബാലകൃഷ്ണനെ (47) ബേഡകം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച രാത്രി മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണന്‍ സഹോദരനെ വെടിവെക്കുകയായിരുന്നു.

രാത്രി എട്ടുമണിയോടെയാണ് സംഭവം. അശോകന്റെ തുടയ്ക്ക് മുകളിലായാണ് വെടിയേറ്റത്. മുന്‍പും മദ്യപിച്ചശേഷം ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. അശോകനും ഭാര്യ ബിന്ദുവും പ്രതി ബാലകൃഷ്ണനും ഒരേ വീട്ടിലാണ് താമസം. ഇവര്‍ മദ്യപിച്ച് സ്ഥിരമായി വഴക്ക് കൂടാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.

ഞായറാഴ്ചയും പതിവുപോലെ സന്ധ്യയ്ക്ക് ഇരുവരും വഴക്കുകൂടി. വരാന്തയില്‍ ഇരിക്കുകയായിരുന്ന ബാലകൃഷ്ണന്റെ കാലില്‍ അശോകന്‍ വെട്ടുകല്ല് കൊണ്ടിടുകയായിരുന്നു. തുടര്‍ന്നു വീട്ടില്‍നിന്നിറങ്ങിയ ബാലകൃഷ്ണന്‍ അയല്‍വാസിയായ മാധവന്‍ നായരുടെ വീട്ടില്‍നിന്നും തോക്ക് സംഘടിപ്പിച്ച് തിരികെ വന്ന് അശോകന് നേരെ വെടിയുതിര്‍ത്തു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അശോകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

യാത്രാസൗകര്യം കുറഞ്ഞ സ്ഥലമായതിനാല്‍ രാത്രി 12 മണിയോടെയാണ് അശോകനെ ആശുപത്രിയിലെത്തിച്ചത്. തുടയില്‍ വെടിയേറ്റ അശോകന്‍ ചോര വാര്‍ന്നാണ് മരിച്ചതെന്നതാണ് പ്രാഥമിക നിഗമനം. പ്രതി ബാലകൃഷ്ണന്‍ അവിവാഹിതനാണ്.