കൊച്ചി: ടി20 ക്രിക്കറ്റ് വന്നതോടെ ഒരോവറിലെ ആറു പന്തുകളും സിക്സര്‍ പറത്തുന്നത് അത്ര പുതുമയുള്ള കാര്യമല്ലാതായിട്ടുണ്ട്. ഈ നേട്ടം അടിക്കാന്‍ ശേഷിയുള്ളവര്‍ കേരളത്തിലുമുണ്ട്. കൊച്ചിയില്‍ നടന്ന സി.കെ. നായിഡു ട്രോഫിയില്‍ ഒരോവറിലെ ആറുപന്തും സിക്സറിന് വിട്ട് ആഭ്യന്തരക്രിക്കറ്റിലെ ഒരു നേട്ടം കൊയ്തിരിക്കുകയാണ് അഭിജിത് പ്രവീണ്‍. സി.കെ. നായിഡു ട്രോഫിയില്‍ ആന്ധ്രാ ഓപ്പണര്‍ വംശികൃഷ്ണ ഈ നേട്ടം കൊയ്ത് ഒരാഴ്ച പിന്നിടും മുമ്പാണ് അഭിജിത്തിന്റെ നേട്ടം.
തിരുവനന്തപുരം മാസ്റ്റേഴ്സ് സിസിയ്ക്കായി കളിക്കുന്ന അഭിജിത് 22 വയസ്സില്‍ താഴ്ന്നവരുടെ ടൂര്‍ണമെന്റായ നാവിയോ യൂത്ത് ട്രോഫിയില്‍ ശനിയാഴ്ച തൃശൂരിലെ ആത്രേയ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് ഓവറിലെ ആറു പന്തും സിക്സര്‍ അടിച്ചത്. തൃശൂരിലെ ട്രിഡന്റ് അക്കാദമിയുടെ ലെഗ് സ്പിന്നര്‍ ജോയി ഫ്രാന്‍സിസ് എറിഞ്ഞ ഇരുപത്തൊന്നാമത്തെ ഓവറിലായിരുന്നു താണ്ഡവം. 69 പന്തുകളില്‍ അര്‍ദ്ധശതകം കുറിച്ച താരം ജോയി എറിഞ്ഞ ആദ്യ രണ്ടു പന്തുകളും ലോംഗ് ഓഫിലൂടെ സിക്സര്‍ പറത്തി. മൂന്നാം പന്ത് ഡീപ് മിഡ്വിക്കറ്റിലും നാലാം പന്ത് കൗ കോര്‍ണറിലും അവസന രണ്ടു പന്ത് ലോംഗ് ഓണിന് മുകളിലൂടെയും പറത്തിയപ്പോള്‍ വ്യക്തിഗത സ്കോര്‍ 105 ആയി. എന്നാല്‍ പിന്നാലെ ഒരു റണ്‍കൂടി നേടാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. തൊട്ടടുത്ത ഓവര്‍ എറിഞ്ഞ അക്ഷയ് യുടെ പന്തില്‍ അടുത്ത സിക്സര്‍ നേടാനുള്ള ശ്രമം ലോംഗ് ഓണില്‍ അഭിറാമിന്റെ കയ്യില്‍ അവസാനിച്ചു. പുറത്താകുമ്പോള്‍ 52 പന്തുകളില്‍ 106 റണ്‍സ് എടുത്ത നിലയിലായിരുന്നു അഭിജിത്ത്.
ഇന്നിംഗ്സില്‍ 10 സിക്സറുകള്‍ അഭിജിത് നേടി. രണ്ടു ഫോറുകളും ഇന്നിംഗ്സില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശിയാണ് അഭിജിത്. മുമ്പ് ഒരോവറില്‍ അഞ്ചു സിക്സറുകള്‍ വരെ നേടിയിട്ടുള്ള താരം ഇതാദ്യമായിട്ടാണ് ആറു പന്തും സിക്സര്‍ അടിക്കുന്നതെന്നും സ്വപ്നം സത്യമായെന്നും പറഞ്ഞു. കേരളത്തിന്റെ ലിസ്റ്റ് എ യില്‍ ഉള്‍പ്പെട്ടിട്ടുള്ള താരമാണ് അഭിജിത്. എബി ഡിവിലിയേഴ്സും ഹര്‍ദിക് പാണ്ഡ്യയേയും ഇഷ്ടപ്പെടുന്ന അഭിജിത് മീഡിയം പേസ് ബൗളര്‍ കൂടിയാണ്. വിജയ് ഹസാരേയില്‍ സിക്കിമിനെതിരേ കളിച്ചിരുന്നു. മൂന്ന് വിക്കറ്റും എടുത്തു.