നിരന്തരമായ പ്രയത്നവും കഴിവും കൊണ്ടാണ് മിക്ക താരങ്ങളും തങ്ങളുടെ സ്റ്റാര്‍ഡത്തിലേക്ക് എത്തിയത്. ഒരു കാലത്ത് നായകന്റെ പിന്നില്‍ നിന്ന് ഡാന്‍സ് ചെയ്തിരുന്ന ഒരാള്‍ ഇപ്പോള്‍ ബോളിവുഡിലെ മികച്ച ആക്ഷന്‍ ഹീറോയായി മാറിയിരിയ്ക്കുകയാണ്. ബോളിവുഡിന്റെ മസില്മാന് സല്‍മാന്‍ഖാന്റെ ചിത്രത്തില്‍ പിന്നില്‍ നിന്ന് ഡാന്‍സ് ചെയ്തിരുന്ന ഒരു യുവാവ് ഇപ്പോള്‍ ബോളിവുഡിലെ ആക്ഷന്‍ ഹീറോയാണ്. പറഞ്ഞു വരുന്നത് ബോളിവുഡിന്റെ ആക്ഷന്‍ ഹീറോ വിദ്യുത് ജാംവാലിനെ കുറിച്ചാണ്.
മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ അമ്മയുടെ നേതൃത്വത്തില്‍ പാലക്കാട്ടെ ഒരു ആശ്രമത്തില്‍ നിന്ന് താരം കളരിപ്പയറ്റ് പരിശീലിച്ചിരുന്നു. മുന്‍നിര ആക്ഷന്‍ ഹീറോകളില്‍ ഒരാളാകുന്നതിന് മുമ്പ്, വിദ്യുത് ജംവാള്‍ 2004 ല്‍ പുറത്തിറങ്ങിയ സല്മാന് ഖാന്റെ ചിത്രമായ ‘ദില്‍ നെ ജിസെ അപ്നാ കഹാ’യിലെ ഗോ ബല്ലേ ബല്ലേ എന്ന ഗാനത്തിന്റെ പിന്നണിയില്‍ നൃത്തം ചെയ്യുന്നവരുടെ കൂട്ടത്തില്‍ വിദ്യുത്തും ഉണ്ടായിരുന്നു. പിന്നീട് ശക്തി എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം 2011-ല്‍ ജോണ്‍ എബ്രഹാമിനൊപ്പം ഫോഴ്സില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ചിത്രം പക്ഷേ, ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.
വിദ്യുത് പിന്നീട് കമാന്‍ഡോ, ബുള്ളറ്റ് രാജ, ബാദ്ഷാഹോ, ജംഗ്ലീ, കമാന്‍ഡോ 3, ഖുദാ ഹാഫിസ് തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരു ചിത്രത്തിന് നാല് കോടി രൂപയാണ് വിദ്യുത് പ്രതിഫലമായി വാങ്ങുന്നത്. 1.20 കോടി രൂപ വിലമതിക്കുന്ന പോര്‍ഷെ കയെന്, 55 ലക്ഷം രൂപ വിലമതിക്കുന്ന ജാഗ്വാര്‍ XF, 22 കോടി രൂപ വിലമതിക്കുന്ന ലംബോര്‍ഗിനി ഹുറാകാന് എന്നിങ്ങനെയുള്ള കാറുകളുടെ ശേഖരം സ്വന്തമായുള്ള താരം കൂടിയാണ് വിദ്യുത്. 49 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷേര്‍ സിംഗ് റാണ എന്ന ചിത്രമാണ് വിദ്യുത്തിന്റെ അടുത്ത പ്രൊജക്ട്.