Movie News

പ്രണവിനൊപ്പം തന്നെ ആടിത്തിമര്‍ത്ത് വിനീത് ശ്രീനിവാസനും സെറ്റും ; ‘മധു പകരൂ…’ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്

നടന്‍, സംവിധായകന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിലെ പല മേഖലകളിലും തന്റേതായ ഇടം നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസന്റെ പേര് നില നിര്‍ത്തി അദ്ദേഹത്തേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കാന്‍ തന്നെയാണ് വിനീത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

‘മധു പകരൂ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും വിനീത് ശ്രീനിവാസനാണ്. പുറത്തിറങ്ങിയതിന് പിന്നാലെ ഗാനം ട്രെന്‍ഡിംഗായിരുന്നു. ഇപ്പോള്‍ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിയ്ക്കുകയാണ് വിനീത് ശ്രീനിവാസന്‍. മോഹന്‍ലാലിനെ ഓര്‍മ്മിപ്പിയ്ക്കുന്ന മാനറിസങ്ങള്‍ നിറഞ്ഞ പ്രണവിനെയായിരുന്നു ഗാനത്തിലുടനീളം കാണാന്‍ സാധിച്ചിരുന്നത്. ഷൂട്ടിംഗ് സെറ്റിലുള്ള അത്രയും പേരും ആഘോഷത്തിമര്‍പ്പില്‍ നിന്നാണ് ഈ ഗാനം ചിത്രീകരിച്ചിരിയ്ക്കുന്നത്. പ്രണവ് അഭിനയിക്കുമ്പോള്‍ അതിനൊപ്പം തന്നെ പാട്ട് പാടി അഭിനയിച്ച് തകര്‍ക്കുകയാണ് സംവിധായകന്‍ കൂടിയായ വിനീത് ശ്രീനിവാസനും സെറ്റ് മുഴുവനും. ”എന്തൊരു വൈബാണ് ” -എന്നാണ് മേക്കിംഗ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കമന്റ് ചെയ്യുന്നത്.

ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്. വിനീത് ശ്രീനിവാസന്റെ വരികള്‍ക്ക് അമൃത് രാംനാഥ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍, അമൃത് രാംനാഥ്, ദേവു ഖാന്‍ മങ്കണിയാര്‍ എന്നിവര്‍ ചേര്‍ന്നാണ്. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രമായി എത്തും. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം റംസാന്‍ – വിഷു റിലീസായി ഏപ്രില്‍ പതിനൊന്നിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.