Celebrity

വിവാഹം രഹസ്യം വെളിപ്പെടുത്തി നടി ലെന; വരൻ ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ

ഗഗന്‍യാന്‍ ബഹിരാകാശ യാത്രാ സംഘത്തിന്റെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെ താന്‍ വിവാഹം കഴിച്ചെന്ന് വെളിപ്പെടുത്തി നടി ലെന. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഈ വാര്‍ത്ത പങ്കുവെച്ചത്. ജനുവരിയില്‍ ഒരു പരമ്പരാഗത ചടങ്ങില്‍വച്ച് അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്നും ഗഗന്‍യാന്‍ ദൗത്യസംഘത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുയായിരുന്നു എന്നുമാണ് ലെനയുടെ വാക്കുകള്‍.

വിവാഹത്തിന്റെ ചിത്രങ്ങളും ലെന പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 27-നാണ് ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചത്. ഇതേ വേദിയില്‍ ലെനയും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്.
ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.’ ലെന കുറിച്ചു.

മലയാളിയായ ബഹിരാകാശ യാത്രികനുള്‍പ്പെടെ നാല് പേരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.


https://www.instagram.com/reel/C32SwdNPitp/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==