Good News

ജോലി ചെയ്യണം താമസിക്കണം, യാത്ര ചെയ്യണം; എഞ്ചിനീയര്‍ ദമ്പതികള്‍ സ്‌കൂള്‍ബസ് വാങ്ങി വീട് പണിതു…!

നഗരങ്ങളില്‍ വാടകവീട് തപ്പിയെടുക്കുന്നതും വീടുകള്‍ സ്വന്തമാക്കുന്നതുമെല്ലാം അമേരിക്കയില്‍ ചെലവേറിയ കാര്യമാണ്. അതുകൊണ്ടാണ് സ്ഥിരതാമസത്തേയും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളില്‍ ഒന്നായ യാത്രയേയും എഞ്ചിനീയര്‍മാരായ ദമ്പതികള്‍ ജോഷും എമിലിയും ഒരുമിച്ചാക്കാന്‍ തീരുമാനിച്ചത്. ദീര്‍ഘകാലം പ്രണയിച്ചതിന് ശേഷം 2020 ല്‍ വിവാഹിതരായ ഇരുവരും 40 അടി നീളമുള്ള ഒരു സ്‌കൂള്‍ബസ് വാങ്ങി അത് വീടാക്കി ഡിസൈന്‍ ചെയ്തിരിക്കുകയാണ്.

യാത്രയോടുള്ള അവരുടെ പ്രണയവും അത് കൂടുതല്‍ ചെയ്യാനുള്ള ആഗ്രഹവും പരസ്പരം തിരിച്ചറിഞ്ഞ അവര്‍ ഒരു മൊബൈല്‍ ഹോം ഉണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ 2021 ജനുവരിയില്‍ ഒരു സ്‌കൂള്‍ ബസ് വാങ്ങുകയായിരുന്നു. യഥാര്‍ത്ഥ മൊബൈല്‍ ഹോമുകളേക്കാള്‍ വിലകുറവ് എന്നതായിരുന്നു സ്‌കൂള്‍ ബസുകളിലേക്ക് ഇവരെ എത്തിയത്. കൂടാതെ ഓരോരുത്തര്‍ക്കും സ്വന്തം ഓഫീസ് ആവശ്യമുള്ള ദമ്പതികള്‍ അതിനനുസരിച്ച് സ്‌പേസും ഡിസൈന്‍ ചെയ്തു. ഓഫീസിലെ മടുപ്പിക്കുന്ന ജോലിക്ക് പകരം പൂര്‍ണ്ണമായും വര്‍ക്ക് ഫ്രം ആക്കിയ ഇവര്‍ കൂടുതല്‍ യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ലക്ഷ്യമിട്ടാണ് മൊബൈല്‍ഹോം സെറ്റ് ചെയ്ത് എടുത്തത്.

ഇരുപതുകളുടെ അവസാനത്തിലാണ് ജോഷും എമിലിയും വിവാഹിതരായത്. എഞ്ചിനീയര്‍മാരായ ഇരുവരും 2020 ല്‍ അവര്‍ പൂര്‍ണ്ണമായും വിദൂര ജോലിയിലേക്ക് മാറി. 18 മാസമെടുത്താണ് പഴയ സ്‌കൂള്‍ബസിനെ ‘സ്‌കൂളി’ എന്ന് വിളിപേരുള്ള വീടാക്കി മാറ്റിയത്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ‘അറോറ ദി അഡ്വഞ്ചര്‍ ബസ്’ എന്ന് വിളിക്കപ്പെടുന്ന ‘സ്‌കൂളി’യ്ക്ക് ഏറെ ആരാധകരുണ്ട്. മേപ്പിള്‍ വുഡ് സീലിംഗ്, ഷവര്‍, ഫുള്‍ സര്‍വീസ് കിച്ചന്‍, സോളാര്‍ പാനലുകള്‍, സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. പരിവര്‍ത്തനത്തിന് 80,000 ഡോളര്‍ ചിലവാക്കിയത്. യാത്ര പോകാന്‍ വിമാന ടിക്കറ്റുകള്‍ക്കോ, ഹോട്ടലുകള്‍ക്കോ തങ്ങള്‍ക്ക് പണം നല്‍കേണ്ടി വരുന്നില്ലെന്നും സ്വന്തം പണം സ്വന്തമായി കൂടുതല്‍ അനുഭവിക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു.

”ചെലവുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തെയും അതിന് കണ്ടെത്തുന്ന സൗകര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.” ”തെക്കുപടിഞ്ഞാറന്‍ യുഎസില്‍ പൊതു ഉപയോഗത്തിനായി ധാരാളം സ്ഥലമുണ്ട്. ക്യാമ്പ് ഗ്രൗണ്ടുകളിലേക്ക് പോകുന്നതിന് പകരം അത്തരം ഭൂമി ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇത് ധാരാളം പണം ലാഭിക്കുന്നു,” എമിലി പറഞ്ഞു. അതേസമയം ‘സ്‌കൂളി ലൈഫ്’ അത്ര വിലകുറഞ്ഞതല്ല. ഡീസലിനായി പ്രതിമാസം ഏകദേശം 300 ഡോളര്‍ ചിലവാകുന്നുണ്ട്. ഒരു വര്‍ഷത്തേക്ക് അവരുടെ മൊബൈല്‍ ഹോം ഇന്‍ഷ്വര്‍ ചെയ്യുന്നതിനും ഒരു വലിയ തുക ചെലവാകുന്നുണ്ട്. സാറ്റലൈറ്റ് ഇന്റര്‍നെറ്റിന് 150 ഡോളറിന്റെ ഭീമമായ ഫീസുമുണ്ട്.

ബസിന്റെ സെപ്റ്റിക് ടാങ്ക് ശൂന്യമാക്കുന്നതിനും ഒരു തുക വരുന്നു. മാസത്തില്‍ ഇതു രണ്ടുതവണ ചെയ്യണം. ഇതുവരെ സ്‌കൂളി അലാസ്‌ക, ന്യൂ മെക്സിക്കോ, ടെക്സസ്, കൊളറാഡോ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി. ബസിന്റെ പ്രതിമാസ ചെലവ് വിചാരിച്ചതിലും കൂടുതലായതിനാല്‍ ഐഡഹോയില്‍ സ്വന്തമായി ഭൂമിവാങ്ങി അവിടെ സ്ഥിരതാമസമാക്കാന്‍ ഒടുവില്‍ തീരുമാനിച്ചിരിക്കുകയാണ്.