Crime

അറബിക് പ്രിന്‍റുളള കുര്‍ത്ത ധരിച്ചു; മതനിന്ദ ആരോപിച്ച് യുവതിക്ക് ആള്‍ക്കൂട്ട ആക്രമണം- വിഡിയോ

അറബിക് പ്രിന്‍റുളള കുര്‍ത്ത ധരിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയയായ യുവതിയെ രക്ഷിച്ച് പാക്കിസ്ഥാന്‍ പൊലീസ്. മതനിന്ദ ആരോപിച്ചാണ് നാട്ടുകാര്‍ യുവതിക്ക് നേരേ പാഞ്ഞടുത്തതെന്ന് വീഡിയോ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യുവതി ധരിച്ച കുര്‍ത്തയില്‍ പ്രിന്‍റ് ചെയ്തിരിക്കുന്ന അറബിക് അക്ഷരങ്ങള്‍ ഖുര്‍ആന്‍ വാക്യങ്ങളാണെന്ന് ചില നാട്ടുകാര്‍ തെറ്റിദ്ധരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഭര്‍ത്താവിനൊപ്പം റെസ്റ്റോറന്‍റില്‍ എത്തിയതായിരുന്നു യുവതി. ആ സമയത്താണ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവതിയെ വിചാരണ ചെയ്തത്. ഒരു കൂട്ടം ആളുകള്‍ മുദ്രാവാക്യം മുഴക്കുകയും യുവതിയെ വളയുകയും ചെയ്തു. ഉടന്‍ തന്നെ കുര്‍ത്ത അഴിച്ചുമാറ്റണം എന്നാവശ്യപ്പെട്ട് യുവതിക്ക് നേരെ ജനക്കൂട്ടം ആക്രോശിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തിയതാണ് യുവതിക്ക് രക്ഷയായത്.

എ.എസ്.പി. സൈയീദ ഷെഹർബാനോ നഖ്വി പ്രശ്നമുണ്ടാക്കിയ ജനങ്ങളുമായി സംസാരിച്ച് സംഘര്‍ഷാവസ്ഥ ഒഴിവാക്കി. തുടര്‍ന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷിച്ച് യുവതിയെ ‍ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി. സ്ഥലത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്ന വിഡിയോ പഞ്ചാബ് പൊലീസ് സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ചിരുന്നു.