Sports

വെളിയിലോട്ട് വന്നാല്‍ നീ തീര്‍ന്നെന്ന് ഗംഭീര്‍ ഭീഷണിപ്പെടുത്തി; കെ.കെ. ആറിലെ സംഭവം ഓര്‍ത്തെടുത്ത് മനോജ് തിവാരി

തീപ്പൊരി ബാറ്റ്‌സ്മാനായിരുന്നിട്ടും ഇന്ത്യ കാര്യമായി ഉപയോഗിക്കാതെ പോയ പ്രതിഭകളുടെ പട്ടികയിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി നില്‍ക്കുന്നത്. അടുത്തിടെ ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞ താരം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ കളിച്ചിരുന്ന കാലത്ത് മുന്‍ നായകന്‍ ഗൗതംഗംഭീറുമായി ഉണ്ടാക്കിയ വഴക്കുകളുടെ അനേകം കഥകളാണ് പങ്കുവെച്ചിരിക്കുന്നത്.

2012 ല്‍ ഐപിഎല്‍ കിരീടം നേടിയ കെകെആര്‍ ടീമിന്റെ ഭാഗമായിരുന്നു മനോജ് തിവാരി. എന്നാല്‍ 2013 ലെ എഡിഷനില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഡ്രസ്സിംഗ് റൂമില്‍ ഇന്ത്യയുടെ 2011 ലോകകപ്പ് ഹീറോ ഗൗതം ഗംഭീറുമായി വഴക്കടിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഈ വഴക്കിനിയില്‍ ഗംഭീര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് താരം പറഞ്ഞു.

ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം 2010ലാണ് തിവാരി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായത്. പിന്നീട് ഫ്രാഞ്ചൈസിയുടെ അവിഭാജ്യ അംഗമായി വളര്‍ന്ന അദ്ദേഹം 2012-ല്‍ കെകെആറിന്റെ കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു. വാസ്തവത്തില്‍, ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്കെതിരെ വിജയ ബൗണ്ടറി നേടിയ അദ്ദേഹം ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചു കിരീടം നേടാന്‍ കൊല്‍ക്കത്ത ടീമിനെ സഹായിക്കുകയും ചെയ്തു.

എന്നാല്‍ അടുത്ത സീസണിനിടയില്‍ നായകന്‍ ഗംഭീറുമായി തിവാരി വഴക്കടിച്ചു. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ഒരു മത്സരത്തിനിടെ സംഭവം നടന്നതെന്ന് ഒരു പുതിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. ആ വഴക്കിനിടയില്‍ ” കളി കഴിഞ്ഞ് നീ സ്‌റ്റേഡിയത്തിന്റെ പുറത്തിറങ്ങുമ്പോള്‍ നിന്നെ ഞാനൊന്ന് കാണുന്നുണ്ട്. അന്നു നീ തീര്‍ന്നു.” ഗൗതം ഗംഭീര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് താരം പറഞ്ഞു.

കോട്ലയില്‍ മാധ്യമപ്രവര്‍ത്തകരുടെ കൂടാരം ഫീല്‍ഡില്‍ തന്നെയായിരുന്നു. ഗംഭീറിന്റെ വാക്കുകള്‍ എല്ലാവര്‍ക്കും കേള്‍ക്കാമായിരുന്നു. താരം അന്നങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും തിവാരി പറഞ്ഞു. കെകെആറിന്റെ ജഴ്‌സിയില്‍ 55 ഇന്നിംഗ്സുകള്‍ കളിച്ച തിവാരി, ഗംഭീറുമായുള്ള പോരാട്ടത്തില്‍ ഖേദം പ്രകടിപ്പിച്ചു. സീനിയര്‍ കളിക്കാരുമായി തനിക്ക് സാധാരണയായി നല്ല ബന്ധമാണെങ്കിലും, ആ സംഭവം തനിക്ക് മോശം പേര് നല്‍കിയെന്നും പറഞ്ഞു. ഗംഭീറുമായുള്ള ഈ പോരാട്ടം താരത്തിന് 2014 സീസണിന്റെ തുടക്കത്തില്‍ പുറത്തേക്ക് വഴി തുറന്നു.

ഒരു കാലത്ത് ഗംഭീറുമായുള്ള ബന്ധം മികച്ചതായിരുന്നു. അതിനാല്‍ എന്റെ പശ്ചാത്താപം കൂടുതലാണ്. കെകെആറിന് വേണ്ടി കളിക്കുമ്പോള്‍ അദ്ദേഹവുമായി നിരവധി ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ആരെയാണ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന തീരുമാനത്തില്‍ വരെ എനിക്ക് സ്വാധീനം ഉണ്ടായിരുന്നു. അദ്ദേഹം എല്ലാ കളിക്കാരുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ചു. പക്ഷെ പ്രതീക്ഷിച്ച പോലെ ആ ബന്ധം പിന്നീട് പുരോഗമിച്ചില്ല.