സമയം അറിയാനാണ് നമ്മള്‍ എല്ലാവരും വാച്ച് ധരിയ്ക്കുന്നത്. ഇപ്പോള്‍ വാച്ചൊക്കെ കുറച്ച് സ്‌റ്റൈലായി മാറിയിട്ടുമുണ്ട്. വാച്ച് ഇപ്പോള്‍ കൈകളില്‍ നിന്ന് കഴുത്തില്‍ ധരിയ്ക്കുന്ന രീതിയിലാണ് ഫാഷന്‍ ട്രെന്‍ഡില്‍ മാറ്റം ഉണ്ടായിരിയ്ക്കുന്നത്. പോപ്പ് സെന്‍സേഷന്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് ഗ്രാമിയുടെ റെഡ് കാര്‍പെറ്റില്‍ എത്തിയ സ്റ്റെലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ടെയ്‌ലര്‍ സ്വിഫ്റ്റ് നെക്ലേസ് രൂപത്തിലാണ് കഴുത്തില്‍ വാച്ച് ധരിച്ചത്. 300 കാരറ്റ് ഡയമണ്ടില്‍ തീര്‍ത്ത കസ്റ്റം മെയ്ഡ് ലൊറെയ്ന്‍ ഷ്വാര്‍ട്ട്‌സ് വാച്ച് നെക്ലേസായിരുന്നു അത്. ഗായികയും ഫാഷന്‍ ഐക്കണുമായ റിയാന 2023ല്‍ത്തന്നെ വാച്ച് ചോക്കര്‍ ധരിച്ച് ശ്രദ്ധ നേടിയിരുന്നു. ജേക്കബ് ആന്‍ഡ് കോ കമ്പനിയുടെ കറുത്ത സ്ട്രാപ്പുകളും വൃത്താകൃതിയിലുള്ള വലിയ ഡയലുമുള്ള വാച്ചാണ് ചോക്കറായി താരം അണിഞ്ഞത്. അമേരിക്കന്‍ റാപ്പറായ മേഗന്‍ തി സ്റ്റാലിയന്‍ തന്റെ വാച്ച് റിങ്ങുകളുടെ വലിയ ശേഖരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

വിദേശികളായ സെലിബ്രിറ്റികള്‍ മാത്രമല്ല ബോളിവുഡ് താരങ്ങളും ഈ ട്രെന്‍ഡിന്റെ പിന്നാലെയാണ്. അമേരിക്കന്‍ ഗായികയും നടിയുമായ ഒലീവിയ റോഡ്രിഗോ പൂര്‍ണമായും വാച്ചുകള്‍ കൊണ്ട് നിര്‍മിച്ച ഷോര്‍ട്ട് സ്‌കേര്‍ട്ടും സ്ലീവ് ലെസ് ടോപ്പും ധരിച്ചെത്തിയ ഫോട്ടോഷൂട്ടും ഇതിനിടെ ശ്രദ്ധ നേടിയിരുന്നു. ഇയര്‍ റിങ്‌സ് രൂപത്തിലും വാച്ചുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഹാങ്ങിങ് ഡയലുകള്‍, ഡയല്‍ ആകൃതിയിലുള്ള സ്റ്റഡുകള്‍ തുടങ്ങി റിസ്റ്റ് വാച്ചിന്റെ അതേ ആകൃതിയില്‍ ഡിസൈന്‍ ചെയ്ത കമ്മലുകള്‍ വരെ വിപണിയില്‍ ലഭ്യമാണ്.