Featured Oddly News

കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്‌ 13 വയസുകാരന്‍! ശിക്ഷ എണ്‍പതിനായിരത്തോളം ജനങ്ങള്‍ നോക്കിനില്‍ക്കെ

കാബൂള്‍: അഫ്‌ഗാനിസ്‌താനില്‍ താലിബാന്‍ നിര്‍ദ്ദേശപ്രകാരം പരസ്യമായി വധശിക്ഷ നടപ്പാക്കിയത്‌ 13 വയസുകാരനെന്ന്‌ റിപ്പോര്‍ട്ട്‌. കിഴക്കന്‍ അഫ്‌ഗാനിസ്‌താനിലെ ഖോസ്‌തിലാണ്‌ സംഭവം. ഒന്‍പത്‌ കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ആളെയാണ്‌ ഖോസ്‌തിലെ സ്‌റ്റേഡിയത്തില്‍ എണ്‍പതിനായിരത്തോളം ജനങ്ങള്‍ നോക്കിനില്‍ക്കെ വധിച്ചത്‌.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗമായ പതിമൂന്നുകാരനാണ്‌ പ്രതിയെ വെടിവെച്ച്‌ കൊന്നത്‌. മംഗള്‍ എന്നാണ്‌ വധശിക്ഷയ്‌ക്ക്‌ വിധേയനായ ആളുടെ പേരെന്നാണ്‌ താലിബാന്‍ അധികൃതര്‍ പറയുന്നത്‌. ഇയാളെ അഫ്‌ഗാനിസ്‌താന്‍ സുപ്രീംകോടതി കുറ്റക്കാരനെന്ന്‌ കണ്ടെത്തിയിരുന്നു. താലിബാന്‍ പരമോന്നത നേതാവ്‌ ഹിബത്തുള്ള അഖുന്‍സാദ വധശിക്ഷയ്‌ക്ക്‌ അംഗീകാരം നല്‍കുകയായിരുന്നു.
യു.എസ്‌, നാറ്റോ സേനകളുടെ പിന്മാറ്റത്തിനുശേഷം 2021ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം പരസ്യമായി നടക്കുന്ന 12-ാമത്തെ വധശിക്ഷയാണിത്‌. ശിക്ഷ നടപ്പാക്കുന്നത്‌ കാണാന്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ എണ്‍പതിനായിരത്തിലധികം പേര്‍ സ്‌റ്റേഡിയത്തിലെത്തിലെത്തിയിരുന്നു.

10 മാസം മുന്‍പ്‌ ഖോസ്‌ത്ത്‌ നിവാസിയായ അബ്‌ദുള്‍ റഹ്‌മാനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ മംഗള്‍ കുറ്റക്കാരനെന്ന്‌ കോടതി വിധിച്ചിരുന്നു. പുറത്തുവന്ന വീഡിയോയില്‍ അഞ്ച്‌ തവണ വെടിയുതിര്‍ക്കുന്നതിന്റെയും തുടര്‍ന്ന്‌ നിരവധി പേര്‍ മതപരമായ മുദ്രാവാക്യം മുഴക്കുന്നതും കേള്‍ക്കാം. ഇക്കഴിഞ്ഞ ഒക്‌ടോബറിലും അഫ്‌ഗാനിസ്‌ഥാനില്‍ പരസ്യ വധശിക്ഷ നടപ്പാക്കിയിരുന്നു. യുവാവിനെയും ഗര്‍ഭിണിയായ ഭാര്യയെയും കൊലപ്പെടുത്തിയ പ്രതിയെ ഇരകളുടെ ബന്ധു തന്നെയാണ്‌ വധിച്ചത്‌. ബാദ്‌ഗിസ്‌ പ്രവിശ്യയുടെ തലസ്‌ഥാനമായ ഖലാ ഇ നവിലെ സ്‌റ്റേഡിയത്തിലായിരുന്നു ജനക്കൂട്ടം നോക്കിനില്‍ക്കെ പ്രതിയെ വധിച്ചത്‌.