Oddly News

8 വയസ്സുകാരൻ ഓൺലൈനിൽ ഓർഡർ ചെയ്തത് 70,000 ലോലിപോപ്പുകൾ, വില 3.3 ലക്ഷം രൂപ ! അമ്പരന്ന് അമ്മ

മാതാപിതാക്കൾ അറിയാതെ ഓൺലൈൻ വഴി കുട്ടികൾ സാധനങ്ങൾ ഓർഡർ ചെയ്യുന്നത് സമീപ കാലങ്ങളിൽ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതുപോലൊരു ഓർഡർ ആരും ചെയ്തു കാണാൻ വഴിയില്ല. കെന്‍റക്കിയിൽ ഒരു എട്ട് വയസുകാരന് സംഭവിച്ചത് വന്‍ അബദ്ധമാണ്. അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് 70,000 ലോലിപോപ്പുകളാണ് ആമസോണില്‍ നിന്ന് മകന്‍ വാങ്ങിക്കൂട്ടിയത്.

ആമസോണില്‍ നിന്ന വന്ന ഓര്‍ഡര്‍ കണ്ട് അമ്മ സ്ത്ബ്ധയായിപ്പോയി. ഏകദേശം 4200 ഡോളറാണ് (മൂന്നര ലക്ഷം രൂപ) അമ്മയുടെ അക്കൗണ്ടില്‍നിന്ന് നഷ്ടമായത്. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. ഉടൻ തന്നെ അവരത് ക്യാൻസൽ ചെയ്യാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു. കാരണം അതിനോടകം തന്നെ 22 വലിയ പെട്ടികളിലായി ലോലിപോപ്പ് അവരുടെ വീട്ടുപടിക്കൽ എത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അമ്മ ഹോളി ലാഫാവേഴ്‌സ് ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പും പങ്കുവെച്ചു. ഫീറ്റല്‍ ആല്‍ക്കഹോള്‍ സ്‌പെക്ട്രം ഡിസോര്‍ഡര്‍ (FASD) ബാധിച്ച ലിയാം തന്റെ കൂട്ടുകാര്‍ക്കായി ഒരു കാര്‍ണിവല്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നു. ഇതിനായി ലോലിപോപ്പുകള്‍ സമ്മാനമായി നല്‍കാനും വിചാരിച്ചിരുന്നു. എന്നാല്‍ ലോലിപോപ്പുകള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ എണ്ണം കുറച്ചധികമായിപ്പോയി.

ആമസോണുമായി ബന്ധപ്പെട്ട് ഡെലിവറി നിര്‍ത്തിവയ്ക്കണമെന്ന് അവര്‍ നിര്‍ദേശിച്ചിരുന്നു. എന്നിട്ടും 22 പെട്ടി ലോലിപോപ്പുകള്‍ ഹോളിയുടെ വീട്ടിലെത്തി. ഹോളിയുടെ പോസ്റ്റ് കണ്ടതോടെ അയല്‍ക്കാരും സുഹൃത്തുക്കളും ചെറിയ കട നടത്തുന്നവരുമെല്ലാം അധികമുള്ള ലോലിപോപ്പ് വാങ്ങാന്‍ മുന്നോട്ടുവന്നു. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത കൂടി വന്നതോടെ മുഴുവന്‍ പണവും തിരികെ നല്‍കാന്‍ ആമസോണ്‍ തയ്യാറായി.