കള്ളന്മാരുമില്ല, കടയില്‍ സാധനം വില്‍ക്കാന്‍ കടക്കാരുമില്ല, വീടുകള്‍ക്ക് കതകുമില്ല ഇതുവരെ ഗ്രാമത്തില്‍ മോഷണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പറഞ്ഞുവരുന്നത് നാഗാലാന്റിലെ 700 വര്‍ഷം പഴക്കമുള്ള ഖൊനോമാ ഗ്രാമത്തെക്കുറിച്ചാണ്. നൂറ്റാണ്ടുകളായി ഗ്രാമത്തിലെ അന്‍ഗാമി ഗോത്രജനത പുലര്‍ത്തിവരുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അവരെ സത്യസന്ധരായി നിലനില്‍ക്കാന്‍ സഹായിക്കുന്നു.
തങ്ങളുടെ സാംസ്‌ക്കാരിക പാരമ്പര്യത്തിലും പ്രകൃതിയുമായി ചേര്‍ന്നും ജീവിക്കുന്ന ഗോത്രജനത കാടുമായും കാട്ടുമൃഗങ്ങളുമായും ഒത്തുജീവിക്കുന്ന തങ്ങളുടെ പൈതൃകത്തിലൂടെയാണ് നീങ്ങുന്നത്. 2005 ല്‍ ഗ്രാമത്തെ ആദ്യത്തെ ഹരിതഗ്രാമമായി തെരഞ്ഞെടുത്തു. ഇവിടെ താമസിക്കുന്ന അംഗാമി ഗോത്രജനത 1998 ല്‍ തന്നെ ഇവിടെ എല്ലാത്തരത്തിലുമുള്ള വേട്ട നിരോധിച്ചു. വേട്ടയാടല്‍ 300 ലധികം അപൂര്‍വ്വ പക്ഷികളെയാണ് തുടച്ചു നീക്കിയതിനെ തുടര്‍ന്നാണ് ഈ നിയമം കൊണ്ടുവന്നിരുന്നു. ഖൊനോമാ ഗ്രാമത്തില്‍ നിങ്ങള്‍ക്ക് കടക്കാരനില്ലാത്ത കടകളില്‍ നിന്നും പച്ചക്കറികള്‍, ബുക്കുകള്‍, ചെറുകടികള്‍ എന്നിവയെല്ലാം വാങ്ങാനാകും. കച്ചവടക്കാരോ ക്യാമറകളോ ഇല്ലാത്ത കടകളില്‍ ഒരു ബോക്‌സുണ്ട്.
അതില്‍ പണം നിക്ഷേപിക്കാം. ഹൃദയം കവരുന്ന അനേകം കാര്യങ്ങളുണ്ട്. മുളംകുടിലുകളും പൂക്കള്‍ വിരിച്ച പാതകളും സൂര്യപ്രകാശത്താല്‍ പ്രശോഭിതമാകുന്ന പാടങ്ങളും അടുക്കളത്തോട്ടങ്ങളും മനോഹര കാഴ്ചകളാകും. നടന്നു കാണാന്‍ ഇഷ്ടപ്പെടുന്നെങ്കില്‍ 250 ലധികം സസ്യജാലങ്ങളും 45 തരം ഓര്‍ക്കിഡുകളും 84 തരം കാട്ടുപഴങ്ങളും നിറയുന്ന വനത്തിലൂടെയുള്ള യാത്ര മനോഹരമായിരിക്കും.
ചരിത്രാന്വേഷികളെങ്കില്‍ ഇവിടുത്തെ കോട്ടകൊത്തളങ്ങള്‍ ബ്രിട്ടീഷ്‌കാലത്ത് അവരോട് പോരാടിയ അന്‍ഗാമി പോരാളികളുടെ കഥകള്‍ പറഞ്ഞുതരും. മുളകൊണ്ട് മനോഹരമായ കലാവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലും മിടുക്കരാണ് അന്‍ഗാമികള്‍. പ്രാദേശിക കലാകാരന്മാരില്‍ നിന്നും പരിശീലനം ലഭിച്ച അനേകം മുളനെയ്ത്തുകാര്‍ ഇവിടെയുണ്ട്. അവരുടെ ഉല്‍പ്പന്നങ്ങള്‍ വീട്ടിലേക്ക് ഒരു മികച്ച സ്മാരകമായിരിക്കും.
ഇവിടെയെത്താന്‍ വിമാനമാര്‍ഗ്ഗം ദിമാപൂരില്‍ എത്തിയ ശേഷം രണ്ടരമണിക്കൂര്‍ കാര്‍യാത്ര നടത്തിയാല്‍ കൊഹിമയിലും അവിടെ നിന്നും 30 മിനിറ്റ് കൂടി സഞ്ചരിച്ച് ഖൊനോമയിലും എത്തിച്ചേരാനാകും. ഏറ്റവും അടുത്ത റെയില്‍വേസ്‌റ്റേഷന്‍ ദിമാപൂരാണ്. റോഡ്മാര്‍ഗ്ഗം ഗുവാഹട്ടി, കൊഹിമ വഴി ഖൊനോമയില്‍ എത്താനാകും. പര്‍വ്വതകാഴ്ചകളും കാര്‍ഷികവിളകളുള്ള ഭക്ഷണവും ചൂടുള്ള കഥകളുമായി അന്‍ഗാമി കുടുംബങ്ങള്‍ ഒരുക്കിയിട്ടുള്ള അനേകം ഹോംസ്‌റ്റേകളും ഇവിടെയുണ്ട്.




