Oddly News

വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടി ; 600,000 ഗാലന്‍ മദ്യം പോയി ; തെരുവിലൂടെ ഒഴുകിയത് ചുവന്ന വീഞ്ഞു നദി

വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടിയതിനെ തുടര്‍ന്ന് വഴിയിലൂടെ ഒഴുകിയത് വീഞ്ഞ് നദി. പോര്‍ച്ചുഗലിലെ ചെറിയ നഗരമായ സാവോ ലോറെന്‍കോ ഡീ ബെയ്‌റോയിലായിരുന്നു വീഞ്ഞൊഴുകിയത്. വെറും 2000 പേര്‍ മാത്രമുള്ള നഗരത്തില്‍ 600,000 ഗാലന്‍ മദ്യം വഹിച്ചിരുന്ന ലെവിറ ഡിസ്റ്റിലറിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കുകള്‍ ആയിരുന്നു പൊട്ടിയത്.

തെരുവുകളിലൂടെ ചുവന്ന വീഞ്ഞിന്റെ നദി ഒഴുകുന്നത് കണ്ടപ്പോള്‍ ചെറിയ പട്ടണത്തിലെ ആള്‍ക്കാര്‍ സ്തംഭിച്ചുപോയി. സാവോ ലോറെന്‍കോ ഡി ബെയ്‌റോയിലെ കുത്തനെയുള്ള കുന്നിലൂടെ ചുവന്ന ദ്രാവകം ഒഴുകുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളിലും എത്തിയിട്ടുണ്ട്. ചോര്‍ന്ന വീഞ്ഞ് ഒളിമ്പിക്‌സ് വലിപ്പമുള്ള ഒരു നീന്തല്‍ക്കുളം നിറയ്ക്കാന്‍ പാകത്തിലുള്ളതായിരുന്നു.

ഇത് പാരിസ്ഥിതിക മുന്നറിയിപ്പിനും കാരണമായി. സെര്‍ട്ടിമ നദിയിലേക്ക് വീഞ്ഞ് ഒഴുകിചേരുന്നത് തടയാന്‍ ഉദ്യോഗസ്ഥര്‍ തടയണ കെട്ടി അടുത്തുള്ള വയലിലേക്ക് ഒഴുക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസ്റ്റിലറിക്ക് സമീപമുള്ള ഒരു വീട്ടിലെ ബേസ്‌മെന്റില്‍ വൈന്‍ കയറി. സംഭവത്തില്‍ ലെവിറ ഡിസ്റ്റിലറി ക്ഷമാപണം നടത്തുകയും വൈന്‍ കുതിര്‍ന്ന ഭൂമി ഡ്രെഡ്ജ് ചെയ്യുകയും ചെയ്തു.

കേടുപാടുകള്‍ വൃത്തിയാക്കുന്നതിനും നന്നാക്കുന്നതിനുമായി ബന്ധപ്പെട്ട ചെലവുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും ടീമുകള്‍ ഉടനടി അത് ചെയ്യുമെന്നും വാര്‍ത്താക്കുറിപ്പുമിറക്കി.