ഒരു വസ്തുവിന്റെ ഗന്ധം നമ്മുടെ വികാരങ്ങളെ എത്രമാത്രം സ്വാധീനിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ഒരു ഗന്ധം അനുഭവപ്പെുമ്പോള്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രോസസ്സ് ചെയ്യുന്നത് തലച്ചോറിനുളളിലെ ടിഷ്യുക്കളാണ്. ഓര്‍മ്മയേയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസുമായും മറ്റ് മസ്തിഷ്ക മേഖലകളുമായും ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ഇവിടെയാണ് അരോമ തെറാപ്പിയുടെ പ്രസക്തി. ചില പ്രത്യേകതരം എണ്ണകൾ ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന അരോമാതെറാപ്പി. ശ്വസിക്കുമ്പോൾ, എണ്ണകളിലെ സുഗന്ധ തന്മാത്രകൾ ഘ്രാണ നാഡികളിൽ നിന്ന് നേരിട്ട് തലച്ചോറിലേക്ക് സഞ്ചരിക്കുകയും തലച്ചോറിന്റെ വൈകാരിക കേന്ദ്രമായ അമിഗ്ഡാലയെ സ്വാധീനിക്കുകയും ചെയ്യുന്നു.
അരോമതെറാപ്പി നൂറ്റാണ്ടുകളായി ശാരീരികവും മാനസികവുമായ രോഗങ്ങളുടെ ചികിത്സിക്കായി ഉപയോഗിക്കുന്നു. മെച്ചപ്പെട്ട ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവയ്ക്കും വീക്കം എന്നിവ തടയാനും ഇത് സഹായകമാണ്. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുന്ന ചില സുഗന്ധങ്ങള്‍ താഴെ പറയുന്നു.
നാരങ്ങ
നിരവധി ഗുണങ്ങള്‍ക്ക് പേരുകേട്ട നാരങ്ങ മനസ്സിനെ ശാന്തമാക്കാനും ചര്‍മ്മം മെച്ചപ്പെടുത്താനും ദിവസം മുഴുവന്‍ പുതുമ നിലനിര്‍ത്താനും സഹായിക്കുന്നു. നാരങ്ങയിലെ സിട്രസ് തലച്ചോറിനെ പുനരുജ്ജീവിപ്പിക്കുന്നു. നാരങ്ങ, ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയവയുടെ സുഗന്ധം സമ്മര്‍ദ്ദവും ടെന്‍ഷനും കുറയ്ക്കാന്‍ ഫലപ്രദമാണ്.
ചന്ദനം
ചന്ദന സുഗന്ധം സമ്മര്‍ദ്ദം കുറയ്ക്കുന്നു ഒപ്പം ഉറക്കം മെച്ചപ്പെടുത്തുന്നു. പൊടിയായോ പേസ്റ്റ് രൂപത്തിലോ ലഭ്യമായ ചന്ദനം, ശരീരത്തിലും മനസ്സിലും അടിസ്ഥാനപരമായ സ്വാധീനത്തിന് ഇടയാക്കുമെന്ന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . കൂടാതെ, ഇത് പ്രകൃതിദത്തമായ വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നു, സമ്മര്‍ദ്ദം, ക്ഷീണം, തലവേദന എന്നിവ ലഘൂകരിക്കാന്‍ ഇത് സഹായകമാണ് .
മുല്ലപ്പൂ
മുല്ലപ്പൂവിന്റെ സുഗന്ധം മനസിന് സമാധാനം പ്രദാനം ചെയ്യുന്നു.
റോസ്
സമ്മര്‍ദ്ദവും പിരിമുറുക്കവും കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റീഡിപ്രസന്റ്, ടോണിക്ക്, സെഡേറ്റീവ് ഗുണങ്ങള്‍ റോസിന് ഉണ്ട്. ഇത് നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നു, ഒപ്പം ആവശ്യസമയങ്ങളില്‍ മാനസിക സന്തുലിതാവസ്ഥയും നല്‍കുന്നു,
കര്‍പ്പൂരം
കര്‍പ്പൂര എണ്ണ സമ്മര്‍ദ്ദം ഒഴിവാക്കി തലച്ചോറിനെ ശാന്തമാക്കുന്നു . എന്നിരുന്നാലും, അമിതമായ ഉപയോഗം ലോക്കല്‍ അനസ്‌തേഷ്യയ്ക്ക് സമാനമായി മരവിപ്പ് ഉണ്ടാക്കും.
രാമച്ചം
ഇന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന ഒരു പുല്‍ച്ചെടിയാണ് രാമച്ചം. രാമച്ചം എണ്ണയുടെ സുഗന്ധം നാഡീവ്യവസ്ഥയെ ശാന്തമാക്കാനും മികച്ച ഉറക്കം നല്‍കാനും ഉത്കണ്ഠയുടെയും സമ്മര്‍ദ്ദത്തിന്റെയും ലക്ഷണങ്ങള്‍ ലഘൂകരിക്കാനും സഹായിക്കുന്നു. പലപ്പോഴും ‘സമാധാനത്തിന്റെ എണ്ണ’ എന്ന് വിളിക്കപ്പെടുന്ന രാമച്ചം അതിന്റെ അടിസ്ഥാന ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്.