കോടീശ്വരന്‍ ജെഫ് ബെസോസിനെ വിവാഹം കഴിക്കാന്‍ പോകുന്ന എന്ന ഒറ്റക്കാരണത്താല്‍ തന്നെ ശ്രദ്ധേയയാണ് മാധ്യമപ്രവര്‍ത്തക ലോറന്‍ സാഞ്ചസ്. അവര്‍ അടുത്തിടെ പുറത്തിറങ്ങിയപ്പോള്‍ കൈവശം വെച്ച കപ്പ് ഇപ്പോള്‍ വലിയ ശ്രദ്ധ നേടുകയാണ്.
ഇത് പക്ഷേ എല്ലാവരുടെയും പോലത്തെ ഒരു കപ്പ് കാപ്പിയല്ല! ലോറന്‍ സാഞ്ചസിന്റെ വൈറല്‍ സെന്‍സേഷനായ കപ്പ് ‘ബലെന്‍സിയാഗ കോഫി കപ്പ് ക്ലച്ച്’ ആണ്. അതായത് സാഞ്ചസ്, അടുത്തിടെ പുറത്തിറങ്ങിയപ്പോള്‍ കയ്യില്‍ വെച്ചിരുന്നത് ഒരു കോഫി കപ്പിന്റെ പകര്‍പ്പ് പോലെയുള്ള ഒരു ബാഗായിരുന്നെന്ന് സാരം. ഇന്റര്‍നെറ്റ്, ഫാഷന്‍ പ്രേമികളെ ആവേശഭരിതരാക്കിയ ബാഗ് കൂടുതല്‍ അന്വേഷണത്തില്‍, ആഡംബര ഫാഷന്‍ ഹൗസായ ബലെന്‍സിയാഗയില്‍ നിന്നുള്ള ഒരു അതുല്യമായ ഉല്‍പ്പന്നമായിരുന്നു അതെന്ന് കണ്ടെത്തി.
അസാധാരണമായ ഫാഷന്‍ പ്രസ്താവനകള്‍ക്ക് പേരുകേട്ട ഈ ബ്രാന്‍ഡ് ഇത്തവണ അതിന്റെ കോഫി കപ്പ് ക്ലച്ചുമായിട്ടാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഒരു ഡിസ്‌പോസിബിള്‍ ടു-ഗോ കോഫി കപ്പിന്റെ പകര്‍പ്പ് പോലെ കാണപ്പെടുന്ന ഹാന്‍ഡ്ബാഗിന് ‘9 AM ക്ലച്ച്’ എന്നാണ് കമ്പനി ഇട്ടിരിക്കുന്ന പേര്. 7.3 ഇഞ്ച് മുതല്‍ 4.3 ഇഞ്ച് വരെ വലിപ്പമുണ്ട്. കാള്‍ഫ്സ്‌കിന്‍, പിച്ചള എന്നിവകൊണ്ട് നിര്‍മ്മിച്ച ഈ കപ്പ് ബലെന്‍സിയാഗയുടെ ഫാള്‍ 2024 ശേഖരത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും, അതിലും ഞെട്ടിപ്പിക്കുന്ന കാര്യം അതിന്റെ വിലയാണ്.
ബലെന്‍സിയാഗയുടെ വെബ്സൈറ്റില്‍ ഈ ലെതര്‍ ക്ലച്ചിന് വിലയിട്ടിരിക്കുന്നത് 4.9 ലക്ഷം രൂപയാണ്. 5,750 ഡോളര്‍ വില വരുന്ന ബാഗിന് ഇന്ത്യന്‍ രൂപയില്‍ 4,90,516 നല്‍കണം. അതേസമയം പരമ്പരാഗത ഫാഷന്‍ ഐക്കണായ ബാലെന്‍സിയാഗ അതിന്റെ പാരമ്പര്യേതര ഡിസൈനുകള്‍ക്ക് വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇതാദ്യമല്ല. നേരത്തെ, ഫാഷന്‍ ഹൗസ് അതിന്റെ വൈറലായ ലേയുടെ പൊട്ടറ്റോ ചിപ്പ് ബാഗ് ക്ലച്ചും 2022 ലെ ശരത്കാല/ശീതകാല ശേഖരത്തിന്റെ ഭാഗമായി പുറത്തിറക്കിയ കുപ്രസിദ്ധമായ ഗാര്‍ബേജ് ബാഗ് പേഴ്സും ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായിരുന്നു.