ജോർജ്ജിയ സന്ദർശനത്തിന് പോയ വിനോദയാത്ര സംഘത്തിന് അധികൃതരിൽ നിന്ന് അഭിമുഖീകരിക്കേണ്ടി വന്ന മനുഷ്യത്വരഹിതമായ പെരുമാറ്റം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് യുവതി.
അര്‍മേനിയയില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഇന്ത്യാക്കാരോട് ജോര്‍ജ്ജിയന്‍ അധികാരികളുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെക്കുറിച്ചാണ് വിനോദസഞ്ചാരിയായ യുവതി പറയുന്നത്. ഭക്ഷണവും ടോയ്ലറ്റുമൊന്നും നല്‍കാതെ കൊടും തണുപ്പില്‍ അഞ്ചും ആറും മണിക്കൂര്‍ വഴിയരികില്‍ കന്നുകാലികളെ പോലെ ഇരുത്തിയെന്നാണ് ആക്ഷേപം.
56 പേര്‍ക്കാണ് ഈ ദുരനുഭവമെന്ന് സംഭവം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ച ധ്രുവീ പട്ടേല്‍ പറഞ്ഞു. സാധുവായ ഇ-വിസയും രേഖകളും ഉണ്ടായിരുന്നിട്ടും, സദാഖ്ലോ അതിര്‍ത്തിയില്‍ വെച്ച് അപമാനിക്കപ്പെടുകയും ദീര്‍ഘനേരം തടഞ്ഞുവെക്കപ്പെടുകയും ചെയ്തെന്ന് അവര്‍ പറഞ്ഞു. പോസ്റ്റനുസരിച്ച്, യാത്രികരെ തണുപ്പുള്ള കാലാവസ്ഥയില്‍ 5 മണിക്കൂറിലധികം കാത്തുനിര്‍ത്തി – ഭക്ഷണമോ ടോയ്ലറ്റോ ഉണ്ടായിരുന്നില്ല. അധികാരികള്‍ രേഖകളൊന്നും കാണിക്കാതെ 2 മണിക്കൂറിലധികം പാസ്പോര്ട്ടുകള് പിടിച്ചുവെച്ചു. അവരെ ‘കന്നുകാലികളെപ്പോലെ’ നടപ്പാതയില്‍ ഇരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും അവര്‍ പറഞ്ഞു.
അധികാരികള്‍ കുറ്റവാളികളെപ്പോലെ തങ്ങളുടെ വീഡിയോ എടുത്തെങ്കിലും തങ്ങള്‍ വീഡിയോ എടുക്കുന്നതില്‍ നിന്ന് തടഞ്ഞുവെന്നും അവര്‍ പറഞ്ഞു. രേഖകള്‍ പരിശോധിക്കാതെ തന്നെ വിസ തെറ്റാണ് എന്ന് അധികാരികള്‍ പറഞ്ഞുവെന്നും, ഈ പെരുമാറ്റം നാണക്കേടും അംഗീകരിക്കാന്‍ കഴിയാത്തതും ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അര്‍മേനിയയും ജോര്‍ജിയയും തമ്മിലുള്ള പ്രധാന അതിര്‍ത്തി കടന്നുപോകുന്ന സ്ഥലമായ സദാഖ്ലോയില് വെച്ചാണ് സംഭവം നടന്നത്.
‘ഇങ്ങനെയാണ് ജോര്‍ജിയ ഇന്ത്യക്കാരോട് പെരുമാറുന്നത്. ഇത് നാണക്കേടും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്!’ എന്ന് പറഞ്ഞുകൊണ്ടാണ് മിസ് പട്ടേല്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. ഈ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും ടാഗ് ചെയ്തുകൊണ്ട്, ‘ഇന്ത്യ ശക്തമായ നിലപാട് എടുക്കണം’ എന്ന് മിസ് പട്ടേല്‍ തന്റെ പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ഇത്തരം മോശം റിപ്പോർട്ടുകൾ ഉണ്ടായിട്ടും ഇന്ത്യക്കാർ ഇപ്പോഴും അവിടെ സന്ദർശിക്കുന്നത് എന്തുകൊണ്ടാണെന്നും ചിലർ ചോദിക്കുന്നുണ്ടായിരുന്നു. ജോർജ്ജിയൻ സർക്കാറിന്റെ വംശീയ വിവേചപരമായ രേഖാപരിശോധനകളെ കുറിച്ച് സ്ഥിരമായ പരാതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഒരു ഉപയോക്താവ്, ഇന്ത്യക്കാരുടെ ദുരിതങ്ങൾ വിശദീകരിക്കുന്ന വാർത്താ ലേഖനത്തിലേക്കുള്ള ലിങ്കും പങ്കിട്ടു.




