Featured Oddly News

നിധിയുമായി ഇന്ത്യയിലേക്ക് വന്ന കപ്പല്‍ കാണാതായി; 500 വര്‍ഷത്തിനുശേഷം മരുഭൂമിയില്‍ കണ്ടെത്തി…!

സ്വര്‍ണ്ണം, ചെമ്പ്, പുരാവസ്തുക്കള്‍ എന്നിവയുടെ അസാധാരണ നിധിശേഖരവുമായി ബോം ജീസസ് എന്ന 500 വര്‍ഷം പഴക്കമുള്ള പോര്‍ച്ചുഗീസ് കപ്പലിന്റെ അവശിഷ്ടം നമീബിയയിലെ മരുഭൂമിയില്‍ കണ്ടെത്തി. 1533-ല്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ഈ കപ്പലില്‍ 2,000 സ്വര്‍ണ്ണ നാണയങ്ങള്‍, ചെമ്പ് കഷ്ണങ്ങള്‍, ആനക്കൊമ്പ്, കൂടാതെ അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു മസ്‌ക്കറ്റ് തുടങ്ങിയ അമൂല്യ വസ്തുക്കള്‍ ഈ നിധിയില്‍ ശ്രദ്ധേയമായി സൂക്ഷിച്ചിരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു.

വജ്ര ഖനിത്തൊഴിലാളികള്‍ 2008-ല്‍ കണ്ടെത്തുന്നതുവരെ ഇത് മണലിനടിയില്‍ മറഞ്ഞിരുന്നു. ഈ കണ്ടെത്തല്‍ സമുദ്ര ചരിത്രത്തിന്റെ അവിശ്വസനീയമായ ഒരു കഥയാണ് പറയുന്നത്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന വലിയ പോര്‍ച്ചുഗീസ് സമുദ്ര വ്യാപാര പാതയുടെ ഭാഗമായിരുന്നു ബോം ജീസസ്. ശക്തമായ ഒരു കൊടുങ്കാറ്റാണ് കപ്പല്‍ തകര്‍ച്ചയ്ക്ക് കാരണമായത്.

നൂറ്റാണ്ടുകളായി, മാറിക്കൊണ്ടിരിക്കുന്ന തീരപ്രദേശങ്ങളും മരുഭൂമിയിലെ മണല്‍ത്തിട്ടകളും അവശിഷ്ടങ്ങളെ മറച്ചുപിടിച്ചു. കപ്പലിന്റെ കൂറ്റന്‍ തടിപ്പെട്ടികളില്‍ സംരക്ഷിച്ചതിനാല്‍, 2,000 സ്വര്‍ണ്ണ നാണയങ്ങള്‍ സുരക്ഷിതമായിരുന്നു. പോര്‍ച്ചുഗലിലെ ജോവോ മൂന്നാമന്‍ രാജാവിന്റെ ഭരണകാലം മുതലുള്ള ഈ നാണയങ്ങള്‍, 16-ാം നൂറ്റാണ്ടിലെ വാണിജ്യത്തിന്റെയും വ്യാപാരത്തിന്റെയും പോര്‍ച്ചുഗലിനെ ആഫ്രിക്കയിലും ഇന്ത്യയിലും അതിനപ്പുറമുള്ള കോളനികളുമായി ബന്ധിപ്പിച്ച സാമ്പത്തിക ഇടപാടുകളിലേക്ക് വെളിച്ചം വീശുന്നതാണ്.

സ്വര്‍ണ്ണത്തിന് പുറമേ, കപ്പലില്‍ ചെമ്പ് കട്ടികള്‍, വെള്ളി നാണയങ്ങള്‍, നാവിഗേഷന്‍ ഉപകരണങ്ങള്‍, ഒരു മസ്‌ക്കറ്റ് എന്നിവയും ഉണ്ടായിരുന്നു, ഇവയെല്ലാം അക്കാലത്തെ സാങ്കേതിക- വ്യാപാര പുരോഗതിയെ എടുത്തുകാണിക്കുന്നു. കണ്ടെത്തലില്‍ ആനക്കൊമ്പുകളും ഉള്‍പ്പെടുന്നു, ഇത് ആഫ്രിക്കന്‍ ആനക്കൊമ്പ് വ്യാപാരത്തില്‍ കപ്പലിന്റെ പങ്കാളിത്തത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. സതേണ്‍ ആഫ്രിക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാരിടൈം ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ചിലെ മുഖ്യ പുരാവസ്തു ഗവേഷകനായ ഡോ. ഡയറ്റര്‍ നോളിയുടെ അഭിപ്രായത്തില്‍, സ്വര്‍ണ്ണ നാണയങ്ങള്‍ നിറച്ച നിധി പെട്ടി കണ്ടെത്തിയത് കപ്പലിന്റെ ഐഡന്റിറ്റി ബോം ജീസസ് ആണെന്ന് സ്ഥിരീകരിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ബാം ജീസസിന്റെ തകര്‍ച്ചയില്‍ വിദഗ്ദ്ധരുടെ അനുമാനം ഇങ്ങിനെയാണ്.

മരുഭൂമിയുടെ സവിശേഷമായ പാരിസ്ഥിതിക സാഹചര്യങ്ങളാണ് കപ്പലിന്റെയും അതിലെ ഉള്ളടക്കങ്ങളുടെയും സംരക്ഷണത്തിന് കാരണമായത്. കപ്പല്‍ തകര്‍ച്ചകള്‍ക്ക് പേരുകേട്ട നമീബിയന്‍ തീരപ്രദേശത്തെ കുപ്രസിദ്ധമായ കൊടുങ്കാറ്റിന്റെ ഇരയാണ് ബോം ജീസസ്. കൊടുങ്കാറ്റില്‍ കപ്പല്‍ തീരത്തോട് അടുക്കാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അത് ഒരു പാറയില്‍ കൂട്ടിയിടിച്ച് മറിഞ്ഞു. നമീബിയന്‍ മരുഭൂമിയിലെ കഠിനമായ കാലാവസ്ഥ നൂറ്റാണ്ടുകളായി കപ്പലിന്റെ അവശിഷ്ടങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. കാലക്രമേണ കടല്‍ത്തീരം പിന്‍വാങ്ങിയപ്പോള്‍, കപ്പലും അതിലെ പുരാവസ്തുക്കളും മണലിനടിയില്‍ കുഴിച്ചിടപ്പെട്ടു.

ഇപ്പോള്‍ ബോം ജീസസിന്റെ ഉടമസ്ഥാവകാശം നമീബിയന്‍ ഗവണ്‍മെന്റിനാണ്. കപ്പല്‍ പോര്‍ച്ചുഗല്‍ രാജാവിന്റെ ‘രാജ്യത്തിന്റെ കപ്പല്‍’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, നിധി സൂക്ഷിക്കാന്‍ പോര്‍ച്ചുഗീസ് സര്‍ക്കാര്‍ നമീബിയയെ അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *