ഇന്ത്യയില്‍ ഏകദേശം 83 ശതമാനം ആളുകള്‍ നടുവേദന കാരണം ദൈനംദിന ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .
ഉദാസീനമായ ജീവിതശൈലി, ശരീരഭാരം, കനത്ത ശാരീരിക അദ്ധ്വാനം, നീണ്ട സമയം ഇരിക്കുക, സമ്മര്‍ദ്ദകരമായ ജോലികളില്‍ ഏര്‍പ്പെടുക തുടങ്ങിയ കാരണങ്ങള്‍ നടു വേദനയ്ക്ക് കാരണം ആകുന്നുവെന്നാണ് ബെംഗളൂരുവിലെ എസ്ബിഎഫ് ഹെല്‍ത്ത്കെയറിലെ സീനിയര്‍ ഇന്റഗ്രേറ്റഡ് തെറാപ്പി സ്പെഷ്യലിസ്റ്റ് ഡോ മോനിഷ വ്യക്തമാക്കുന്നത് . നട്ടെല്ല്, കഴുത്ത് മുതല്‍ താഴത്തെ പുറം വരെ നീളുന്ന എസ് ആകൃതിയിലുള്ളതോ വളഞ്ഞതോ ആയ നീളമുള്ള അസ്ഥിയാണ്.
നട്ടെല്ലിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് മുമ്പ്, നട്ടെല്ലിന്റെ ശരീരഘടന മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് ഡോക്ടര്‍ മോനിഷ പറയുന്നു. നട്ടെല്ലിന് ഡിസ്‌കുകളാല്‍ കുഷ്യന്‍ ചെയ്ത മുപ്പത്തിമൂന്ന് കശേരുകളുണ്ട്.
മനുഷ്യശരീരത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അഞ്ച് വ്യത്യസ്ത മേഖലകളായി ഇവയെ തിരിച്ചിരിക്കുന്നു.
നടുവേദന പലതരം
- ഡീജനറേറ്റീവ് ഡിസ്‌ക് രോഗം – ഡിസ്‌കില്‍ അടങ്ങിയിരിക്കുന്ന ദ്രാവകങ്ങള്‍ അല്ലെങ്കില്‍ ജലത്തിന്റെ അളവ് വറ്റി പോകുന്ന അവസ്ഥ.
ഇത് പ്രധാനമായും പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നമാണ്. നട്ടെല്ലിലെ കശേരുക്കളെ കുഷ്യന്‍ ചെയ്യുന്ന ഇന്റര്‍വെര്‍ട്ടെബ്രല്‍ ഡിസ്‌കുകളുടെ വിള്ളല്‍ അല്ലെങ്കില്‍ തേയ്മാനം എന്നിവയില്‍ നിന്നാണ് ഇത് ആരംഭിക്കുന്നത്. കഠിനമായ വേദന, ബലഹീനത അല്ലെങ്കില്‍ മരവിപ്പ് ഇത് നിമിത്തം അനുഭവപ്പെടുന്നു . - സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് അല്ലെങ്കില്‍ ഡീജനറേറ്റീവ് ന്യൂറോ മസ്‌കുലാര്‍ ഡിസീസ്: ഏകദേശം 25% യുവതലമുറയും ദീര്‍ഘനേരം ഇരിക്കുന്നവരാണ് . നീണ്ട നേരം ഇരിക്കുമ്പോഴും, നില്‍ക്കുമ്പോഴും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ഡിസ്‌ക് അതിന്റെ സ്ഥാനത്ത് നിന്ന് തെന്നിമാറി മറ്റൊന്നിലേക്ക് മുന്നോട്ട് പോകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ തെറ്റായ ക്രമീകരണം ഞരമ്പുകളില്‍ ഞെരുക്കത്തിന് കാരണമായേക്കാം. വിട്ടുമാറാത്ത നടുവേദന, തുട വേദന എന്നിവ ഇതിന്റെ ചില ലക്ഷണങ്ങളാണ്.
- ലംബര്‍ സ്പൈനല്‍ സ്റ്റെനോസിസ്: സുഷുമ്നാ കനാലിന്റെ സങ്കോചം മൂലമാണ് ഇത് സംഭവിക്കുന്നത്. തന്മൂലം ഞരമ്പുകള്‍ ഞെരുങ്ങുന്നതിന് കാരണമാകുന്നു. ഇത് ക്രമേണ കാലുകളിലേക്ക് നീങ്ങുന്നു. കാലിലോ, കാല്‍വണ്ണകളിലോ, സന്ധികളിലോ ഉള്ള വേദന, മരവിപ്പ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
- സയാറ്റിക്ക പുറകില്‍ നിന്ന് കാലിലേക്ക് സയാറ്റിക്ക നാഡിയുടെ പ്രകോപനം അല്ലെങ്കില്‍ കംപ്രഷന്‍: ഇന്ത്യയില്‍, സയാറ്റിക്കയുടെ വ്യാപനം 10% മുതല്‍ 40% വരെ കണക്കാക്കപ്പെടുന്നു. ജോലി ചെയ്യുന്നവരെ അപേക്ഷിച്ച് (3.8%) ജോലി ചെയ്യാത്തവരില്‍ (7.9%) ഇത് കൂടുതല്‍ സാധാരണമാണ്. മിക്ക സന്ദര്‍ഭങ്ങളിലും, പുറകിലെ ഒന്നോ അതിലധികമോ ഞരമ്പുകള്‍ കംപ്രസ് ചെയ്യുമ്പോള്‍ സയാറ്റിക്ക ഉണ്ടാകുന്നു,
- സ്ലിപ്പ്ഡ് ഡിസ്‌ക്: -20% യുവാക്കളും 75% ത്തിലധികം പ്രായമായവരും ഡിസ്‌കുകള്‍ സ്ലിപ്പ് ആകുന്നത് നിമിത്തം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
വേദന എങ്ങനെ കൈകാര്യം ചെയ്യാനാകും
ശരിയായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, ശരിയായ ഭാരം നിലനിര്‍ത്തുക (18 മുതല്‍ 24 വരെ ബിഎംഐ), ഇരിക്കാന്‍ ഇടവേളകള്‍ എടുക്കുക, മതിയായ വിശ്രമം എന്നിവ നടുവേദന തടയാനും, കുറയ്ക്കാനും സഹായകമാണ്.
എന്നിരുന്നാലും, നടുവേദനയ്ക്കുള്ള പരമ്പരാഗത ചികിത്സയില്‍ ഫിസിക്കല്‍ തെറാപ്പി ലഭ്യമാണ്. കൂടാതെ കൈറോപ്രാക്റ്റിക് മാനിപ്പുലേറ്റീവ് തെറാപ്പി (സിഎംടി) മറ്റ് കൈറോപ്രാക്റ്റിക് ചികിത്സകള്‍, ഓസ്റ്റിയോപതിക് എന്നിവയും നടുവേദയ്ക്ക് സഹായകമാണ് .