Health

രക്തദാനത്തിലൂടെ അഞ്ച് കുട്ടികൾക്ക് എച്ച്.ഐ.വി ബാധ: ഏറ്റവും വലിയ പൊതുജനാരോഗ്യ വീഴ്ച

ഭോപാൽ: തലാസീമിയ ബാധിതരായ അഞ്ച് കുട്ടികൾക്ക് ജീവൻ രക്ഷിക്കാനായി നൽകിയ രക്തദാനത്തില്‍ ഉണ്ടായ പിഴവ് മധ്യപ്രദേശ് സമീപകാലത്ത് കണ്ട ഏറ്റവും വലിയ പൊതുജനാരോഗ്യ വീഴ്ചയായി മാറിയിരിക്കുകയാണ്. സത്നയിലെ സർക്കാർ ആശുപത്രികളിൽ രക്തം മാറ്റിവെക്കുന്നതിനിടെ കുട്ടികൾക്ക് എച്ച്.ഐ.വി (HIV) ബാധിച്ച രക്തം നൽകിയതായി എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കേവലം അശ്രദ്ധ മാത്രമല്ല, രക്തത്തിന്റെ സുരക്ഷ, നിരീക്ഷണം, ഉത്തരവാദിത്തം എന്നിവയിൽ സിസ്റ്റം പൂർണ്ണമായും പരാജയപ്പെട്ടതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അതിജീവനത്തിനായി കൃത്യമായ ഇടവേളകളിൽ രക്തം മാറ്റിവെക്കേണ്ടി വന്ന ഈ കുട്ടികൾക്ക്, മൂന്ന് വ്യത്യസ്ത ബ്ലഡ് ബാങ്കുകളിൽ നിന്നായി ആകെ 189 യൂണിറ്റ് രക്തമാണ് നൽകിയത്. ഇതിനിടയിൽ 150-ലധികം ദാതാക്കളിൽ നിന്നുള്ള രക്തവുമായി കുട്ടികൾ സമ്പർക്കത്തിൽ വന്നിട്ടുണ്ട്. ദാതാക്കളിൽ നിന്നുള്ള രക്തത്തിലൂടെയാണ് കുട്ടികൾക്ക് എച്ച്.ഐ.വി ബാധിച്ചതെന്ന് ജില്ലാതല അന്വേഷണ സമിതി സ്ഥിരീകരിച്ചു. രക്തപരിശോധനയിൽ പാലിക്കേണ്ട കർശനമായ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായാണ് റിപ്പോർട്ട്.

സംഭവത്തിൽ പൊതുജനാരോഗ്യ-കുടുംബക്ഷേമ വകുപ്പ് കർശന നടപടി സ്വീകരിച്ചു. ബ്ലഡ് ബാങ്ക് ഇൻ-ചാർജ്ജ്, രണ്ട് ലാബ് ടെക്നീഷ്യൻമാർ എന്നിവരെ സസ്പെൻഡ് ചെയ്യുകയും സത്ന ജില്ലാ ആശുപത്രിയിലെ മുൻ സിവിൽ സർജന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. മുൻ സിവിൽ സർജൻ ഡോ. മനോജ് ശുക്ലയോട് രേഖാമൂലം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്; വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന നടപടി സ്വീകരിക്കും.

ആയുഷ്മാൻ ഭാരത് സി.ഇ.ഒ ഡോ. യോഗേഷ് ഭർസത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാത്തോളജിസ്റ്റും ബ്ലഡ് ബാങ്ക് ഇൻ-ചാർജുമായ ഡോ. ദേവേന്ദ്ര പട്ടേൽ, ലാബ് ടെക്നീഷ്യൻമാരായ രാം ഭായ് ത്രിപാഠി, നന്ദലാൽ പാണ്ഡെ എന്നിവർക്കെതിരെ നടപടിയെടുത്തത്.

ഒമ്പത് മാസത്തെ മൗനം സംഭവങ്ങളുടെ സമയക്രമം പരിശോധിക്കുമ്പോൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച വ്യക്തമാകുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് ആദ്യത്തെ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായി കണ്ടെത്തിയത്. ഏപ്രിൽ മാസത്തോടെ കൂടുതൽ കുട്ടികളിൽ രോഗം സ്ഥിരീകരിച്ചു. എന്നാൽ, മാസങ്ങളോളം ഈ വിവരം ആശുപത്രി ഭരണകൂടമോ ജില്ലാ അധികൃതരോ ഔദ്യോഗികമായി പുറത്തുവിട്ടില്ല. ഈ കാലയളവിൽ ബ്ലഡ് ബാങ്കുകളിൽ അടിയന്തര ഓഡിറ്റ് നടത്താനോ പൊതുജാഗ്രതാ നിർദ്ദേശം നൽകാനോ അധികൃതർ തയ്യാറായില്ല.

മാർച്ച് 20-നാണ് 15 വയസ്സുള്ള തലാസീമിയ രോഗിക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. മാർച്ച് 26-നും 28-നും ഇടയിൽ രണ്ട് കുട്ടികൾക്ക് കൂടി രോഗം കണ്ടെത്തി. ഏപ്രിൽ 3-ന് നാലാമത്തെ കേസും റിപ്പോർട്ട് ചെയ്തു. ഇത്രയധികം കേസുകൾ വന്നിട്ടും ഒമ്പത് മാസത്തോളം അധികൃതർ മൗനം പാലിച്ചു എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

കുടുംബങ്ങളുടെ ദുരിതം തിരുത്താനാവാത്ത ഈ വീഴ്ചയ്ക്ക് വലിയ വില നൽകേണ്ടി വരുന്നത് സാധാരണക്കാരായ കുടുംബങ്ങളാണ്. തന്റെ മകൾക്ക് ഒമ്പതാം വയസ്സിലാണ് തലാസീമിയ സ്ഥിരീകരിച്ചതെന്നും അതിനുശേഷം രക്തം മാറ്റിവെച്ചാണ് അവൾ ജീവിക്കുന്നതെന്നും ഒരു പിതാവ് എൻ.ഡി.ടി.വിയോട് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് അവൾക്ക് എച്ച്.ഐ.വി ബാധിച്ച വിവരം കുടുംബം അറിഞ്ഞത്.

രക്തത്തിലെ പ്ലാസ്മ പരിശോധിക്കാൻ നിലവിൽ സംവിധാനമുണ്ടെങ്കിലും, പ്രാദേശികമായി പരിശോധിക്കുന്ന പ്ലേറ്റ്‌ലെറ്റുകളിലൂടെയാകാം വൈറസ് ബാധിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇത് നിലവിലെ പരിശോധനാ സംവിധാനത്തിലെ വലിയൊരു വിടവാണ് കാണിക്കുന്നത്.

രാഷ്ട്രീയ വിവാദം സർക്കാർ വിവരങ്ങൾ ഒളിപ്പിച്ചു വെക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 2025-ൽ രക്തം മാറ്റിവെക്കുന്നതിലൂടെ ഒരാൾക്ക് എച്ച്.ഐ.വി ബാധിക്കുന്നത് വെറുമൊരു അപകടമല്ല, മറിച്ച് ക്രിമിനൽ കുറ്റമാണെന്ന് കോൺഗ്രസ് നേതാവ് ഡോ. വിക്രാന്ത് ഭൂരി പറഞ്ഞു. 250 ദാതാക്കളിൽ 125 പേരെ മാത്രമാണ് കണ്ടെത്താനായതെന്നും ഇത് രേഖകൾ സൂക്ഷിക്കുന്നതിലെ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മധ്യപ്രദേശിൽ നിലവിൽ 70,000-ത്തിലധികം എച്ച്.ഐ.വി രോഗികളുണ്ട്. ഇത്തരം സാഹചര്യത്തിൽ രക്തസുരക്ഷയിലുണ്ടാകുന്ന ചെറിയ വീഴ്ച പോലും വലിയൊരു പൊതുജനാരോഗ്യ ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അന്വേഷണ സമിതികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കൃത്യമായ നടപടികൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.