ആന്ധ്രാപ്രദേശിൽ വിശാഖപട്ടണത്ത് കളിക്കുന്നതിനിടെ പാർക്ക് ചെയ്ത കാറിനുള്ളിലേക്ക് കയറിയ നാലു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. വിജയനഗരം ജില്ലയിലാണ് സംഭവം. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്. പാർക്കിങ് സ്ഥലത്തിട്ടിരുന്ന കാറിന്റെ ഡോറുകൾ ലോക്ക് ചെയ്തിരുന്നില്ല. തുടർന്ന് അബദ്ധത്തിൽ കാറിന്റെ ഡോറുകൾ ലോക്കാവുകയും കുട്ടികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
കാണാത്തതിനെ തുടർന്ന് രാവിലെ മുതൽ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഉദയ്(6), ചാരുമതി(8), ചാരിഷ്മ(6), മാനസവി(6) എന്നിവരാണ് മരിച്ചത്. എല്ലാവരും രാവിലെ കളിക്കാനായി വീട്ടിൽ നിന്ന് പുറത്ത് പോയതായിരുന്നു.
കഴിഞ്ഞ മാസം തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ നാലും അഞ്ചും വയസ് പ്രായമുള്ള കുട്ടികൾ കാറിനുള്ളിൽ കയറുകയും അബദ്ധത്തിൽ ഡോർ ലോക്കാവുകയും തുടർന്ന് രണ്ട് കുട്ടികള്‍ മരിക്കുകയും ചെയ്തിരുന്നു.