Good News

ഒറ്റ ചെടിയില്‍നിന്നു 32000 തക്കാളി, മൂന്നരക്കിലോ ഭാരമുള്ള തക്കാളി ! ചില തക്കാളി വിശേഷങ്ങള്‍…

ഇന്ത്യക്കാര്‍ ഭക്ഷിക്കുന്ന തക്കാളി വ്യത്യസ്ത സവിശേഷതകളുള്ളയാളാണ് . കറിവെക്കാനായി ഉപയോഗിക്കുന്ന തക്കാളി പച്ചക്കറിയായിയാണ് നമ്മള്‍ കാണുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഒരു പഴവര്‍ഗമാണ് ഇത്. തക്കാളികള്‍ തെക്കന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ നിന്നാണ് ലോകമെങ്ങും എത്തിയതെന്നാണ് കരുതപ്പെടുന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിളവ് നല്‍കിയ തക്കാളി ചെടിയുള്ളത് യു എസിലാണ്. ഫ്‌ളോറിഡയിലെ വാള്‍ട്ട് ഡിസ്‌നി വേള്‍ഡിലുള്ള ഈ തക്കാളി ചെടിയില്‍നിന്ന് 32000 തക്കാളികള്‍ ആണ് ഒരു വര്‍ഷം ലഭിച്ചത്. ഹെയര്‍ലൂം ടൊമാറ്റോ എന്ന വിഭാഗത്തില്‍പ്പെട്ടതാണിത്. ഒന്നര വര്‍ഷമെടുത്താണ് ഈ മരം പൂര്‍ണവളര്‍ച്ചയിലെത്തിയത്. ഫ്‌ളോറിഡയിലെ വാല്‍ട്ട് ഡിസ്‌നി വേള്‍ഡിലുള്ള തക്കാളിമരത്തിന് 56.73 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുണ്ട്.

ബ്രിട്ടനിലെ ലങ്കാഷറിലാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള തക്കാളി ചെടി വളര്‍ന്നത്. 65 അടി പൊക്കമാണ് ഇതിനുള്ളത്. ലോകത്തില്‍വച്ച് വലിയ തക്കാളി വിളവെടുത്തത് 1986ല്‍ യുഎസിലെ ഒക്ലഹോമയിലാണ്. മൂന്നരക്കിലോയധികം ഭാരമുണ്ടായിരുന്നു ഈ തക്കാളിക്ക്.

ലാ ടോമാറ്റീന സ്‌പെയിനില്‍ നടക്കുന്ന ഒരു വ്യത്യസ്തമായ ഉത്സവമാണ്. അന്നേ ദിവസം തക്കാളികള്‍ അന്യോന്യം എറിഞ്ഞു നശിപ്പിക്കുന്നു. 1945 മുതലാണ് ഈ ഉത്സവം ആഘോഷിക്കാനായി തുടങ്ങിയത്. ഈ ഉത്സവത്തിനെതിരെ ചില വിമര്‍ശനങ്ങളുമുണ്ട്. ഭക്ഷണസാധാനമായ തക്കാളി അനാവശ്യമായി നശിപ്പിച്ചുകളയുന്നുവെന്നാണ് ഇതില്‍ പ്രധാനം. എന്നാല്‍ നിലവാരവും വിലയും കുറഞ്ഞ തക്കാളിയാണ് ഉത്സവത്തിനായി ഉപയോഗിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്.