Featured Fitness

ദിവസവും 300 പുഷ്-അപ്പുകൾ, ഐസ് ബാത്ത്: ടെലഗ്രാം സിഇഒ പവൽ ദുറോവിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങൾ

തന്റെ ദീർഘകാല ആരോഗ്യം ലക്ഷ്യമിട്ട് ടെലഗ്രാം സിഇഒ പവൽ ദുറോവ് ദിവസവും ചെയ്യുന്നത് 300 പുഷ്-അപ്പുകൾ. ഒപ്പം ഐസ് ബാത്തും. പവൽ ദുറോവ് ഫിറ്റ്‌നസിനെ തികച്ചും വ്യത്യസ്തമായ തലത്തിലാണ് കാണുന്നത്. ക്ഷണികമായ കാര്യങ്ങളേക്കാള്‍ അദ്ദേഹം പ്രാധാന്യം നൽകുന്നത് അച്ചടക്കത്തിനും ദീർഘകാല ഫലങ്ങൾക്കുമാണ്. അദ്ദേഹത്തിന്റെ ദിനചര്യകളും ആരോഗ്യ ശീലങ്ങളും ശാരീരികവും മാനസികവുമായ പതിവ് അതിരുകൾ ഭേദിക്കാനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. മിക്കവർക്കും പ്രയാസകരമെന്ന് തോന്നുന്ന തീവ്രമായ ശീലങ്ങളാണ് ഇദ്ദേഹം അനുവര്‍ത്തിക്കുന്നത്.

പവൽ ദുറോവിന്റെ ഫിറ്റ്‌നസ് ദിനചര്യ

ദിവസേനയുള്ള പുഷ്-അപ്പുകളും സ്ക്വാറ്റുകളും മടുപ്പുളവാക്കുന്നതാണെന്ന് ദുറോവ് സമ്മതിക്കുന്നുണ്ടെങ്കിലും, ആത്മനിഷ്ഠ (Self-discipline) വളർത്തുന്നതിൽ അവയ്ക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം പറയുന്നു. എല്ലാ ദിവസവും രാവിലെ ഈ ദിനചര്യയോടെയാണ് അദ്ദേഹം തുടങ്ങുന്നത്. ഇത് അദ്ദേഹത്തിന് തന്റെ ജോലിയുടെ തുടക്കം മികച്ച രീതിയിൽ ആരംഭിക്കാൻ സഹായിക്കുന്നു. “ഞാൻ എല്ലാ ദിവസവും രാവിലെ 300 പുഷ്-അപ്പുകളും 300 സ്ക്വാറ്റുകളും ചെയ്യും. അതിനുപുറമെ, ആഴ്ചയിൽ അഞ്ചോ ആറോ തവണ ജിമ്മിൽ പോകും, ഓരോ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ ചെലവഴിക്കും,” അദ്ദേഹം ഫ്രിഡ്മാനോട് പറഞ്ഞു.