ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദിന്റെ (ജെ.ഇ.എം) വൈറ്റ് കോളര്‍ ഭീകര മോഡ്യൂള്‍ സൃഷ്‌ടിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട മൗലവി ഇര്‍ഫാന്‍ അഹമ്മദ് ഭീകരരാക്കാന്‍ പറ്റുന്നവരെ തെരഞ്ഞുപിടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. 13 പേരുടെ മരണത്തിന് ഇടയാക്കിയ ചെങ്കോട്ട ചാവേര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീരില്‍നിന്ന് ഇര്‍ഫാന്‍ അഹമ്മദ് അറസ്‌റ്റിലായിരുന്നു.
വിദ്യാസമ്പന്നരായ യുവ പ്രഫഷണലുകളെ ഭീകര സംഘടനയായ ജെ.ഇ.എമ്മുമായി ബന്ധിപ്പിക്കുകയായിരുന്നു ഇര്‍ഫാന്‍ അഹമ്മദിന്റെ പ്രധാന ദൗത്യം. ഹരിയാനയിലെ ഫരീദാബാദില്‍ ഡോക്‌ടര്‍മാരെ ഒന്നിപ്പിച്ച് വൈറ്റ് കോളര്‍ ഭീകര മോഡ്യൂള്‍ രൂപീകരിക്കുന്നതിനു മുമ്പ് ഇയാള്‍ മുസമില്‍ ഷക്കീലിനെ കണ്ടുമുട്ടി. റിക്രൂട്ട്‌മെന്റ് സജീവമാക്കാന്‍ ഷക്കീലിനെ ഇടപെടുത്തി.
ഭീകരാക്രമണങ്ങള്‍ക്കുള്ള ചാവേറുകളെ കണ്ടെത്താന്‍ ഇര്‍ഫാന്‍ അഹമ്മദ് മൂന്ന് തന്ത്രങ്ങളാണ് പയറ്റിയത്. ആളുകളുമായി ധാരാളമായി സംസാരിച്ച് അവര്‍ക്ക് ഇസ്ലാമിനെക്കുറിച്ച് താല്‍പ്പര്യമുണ്ടോ എന്ന് ഉറപ്പുവരുത്തുകയായിരുന്നു തന്ത്രങ്ങളിലൊന്ന്. തല്‍പരനെന്ന് ബോധ്യപ്പെട്ടാല്‍, കൂടുതല്‍ ദൃഢമായ ബന്ധം കെട്ടിപ്പടുക്കും. അങ്ങനെയാണ് ഒരു ആശുപത്രിയില്‍ വച്ച് മുസമില്‍ ഷക്കീല്‍ എന്ന ഡോക്‌ടറെ ആദ്യമായി കൈയിലെടുത്തതും.
സമാന കാഴ്‌ചപ്പാടുകളുള്ളവരെ തിരിച്ചറിയാന്‍ ഇര്‍ഫാന്‍ അഹമ്മദ് സാമൂഹിക മാധ്യമ പ്ര?ഫൈലുകള്‍ സ്‌കാന്‍ ചെയ്‌തു. വിഘടനവാദമോ തീവ്രവാദമോ ആയ പ്രത്യയശാസ്‌ത്രങ്ങള്‍ പുലര്‍ത്തുന്നവരെ കണ്ടാല്‍ അവരുമായി സമാനമായ മതപരമായ കാര്യങ്ങളും ഉള്ളടക്കവും പങ്കിടും. ജമ്മു കശ്‌മീര്‍ പോലീസ് അറസ്‌റ്റ് ചെയ്‌ത അദീല്‍ അഹമ്മദിനെ കൈയിലെടുത്തത് ഈ രീതിയിലൂടെയാണ്. പള്ളികളില്‍ പതിവായി പ്രാര്‍ഥനകള്‍ക്കു വന്നിരുന്നവരെ ഇര്‍ഫാന്‍ അഹമ്മദ് നിരീക്ഷിച്ചിരുന്നു. അവരെ ഭീകര മൊഡ്യൂളിലേക്ക് ആകര്‍ഷിക്കുകയായിരുന്നു മറ്റൊരു പദ്ധതി.
അദീല്‍ അഹമ്മദ് റാത്തര്‍ നിര്‍ദേശിച്ച ജാസിര്‍ ബിലാല്‍ വാനി എന്ന ഡാനിഷിനെ വലയിലാക്കിയത് ഈ മാര്‍ഗത്തിലാണ്. പാകിസ്‌താനിലെ ജെയ്‌ഷെ മുഹമ്മദ് ഹാന്‍ഡ്‌ലറായ ഹന്‍സുല്ലയുമായി ഇര്‍ഫാന്‍ അഹമ്മദിന് ബന്ധമുണ്ടായിരുന്നു. ജമ്മു കശ്‌മീരിലേക്ക് നുഴഞ്ഞുകയറിയ മറ്റൊരു ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഇര്‍ഫാന് രണ്ട് എ.കെ സീരീസ് അസോള്‍ട്ട് റൈഫിളുകള്‍ നല്‍കി.
മുസമില്‍ ഷക്കീല്‍ ജോലി ചെയ്‌തിരുന്ന ആശുപത്രിയിലെ ലോക്കറില്‍നിന്ന് ഈ തോക്കുകളിലൊന്ന് കണ്ടെടുത്തു. മറ്റൊന്ന് അറസ്‌റ്റിലായ ഷഹീന്‍ സയീദിന്റെ കാറിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. പാകിസ്‌താന്‍ ഹാന്‍ഡ്‌ലറോട് ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഇര്‍ഫാന്‍ അഹമ്മദ് 2023 ഓഗസ്‌റ്റില്‍ ആവശ്യപ്പെട്ടതായി ചോദ്യംചെയ്യലില്‍ വ്യക്‌തമാക്കി. അതോടെ ഹാന്‍ഡ്‌ലര്‍ എല്ലാ കോണ്‍ടാക്‌റ്റുകളും വിചേ്‌ഛദിച്ചു. ടെലിഗ്രാമിലൂടെ മാത്രമായിരുന്നു പിന്നീട് ബന്ധം.




