ഓരോ വിദ്യാർത്ഥിയും രാത്രിയും പകലും കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്നു. തുടർന്ന് ലഭിക്കുന്ന മാർക്ക് ചിലർക്ക് വിചാരിച്ചതിനേക്കാൾ കൂടുതൽ ആവാം മറ്റ് ചിലർക്ക് കുറവും. സത്യത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകള്‍ നല്ലരീതിയിൽ പരിശോധിക്കപ്പെടുന്നുണ്ടോ? ഈ ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഉപയോക്താക്കള്‍ നമ്മുടെ പരീക്ഷാ സംവിധാനത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ട് രംഗത്തെത്തി.
ബീഹാറിലെ അധ്യാപകർ എന്ന പേരിലുള്ള എക്സ് ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, ‘പിപിയു പരീക്ഷയുടെ പകർപ്പുകൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയും മാഡത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.’
ഒരു അധ്യാപിക വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പര്‍ നോക്കുകയായിരുന്നു വീഡിയോ . എന്നാൽ അത് ഉത്തരക്കടലാസ് മൂല്യനിർണ്ണയ കേന്ദ്രത്തില്‍ നിന്നുള്ള വീഡിയോയായിരുന്നു. നിരവധി അധ്യാപകര്‍ ഒരു മുറിയിലിരുന്ന് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പറുകള്‍ നോക്കുന്നതായി കാണാം .എന്നാൽ ടീച്ചറാകട്ടെ ഒരു ഉത്തരക്കടലാസ് വെറും 23 സെക്കന്‍റിനുള്ളിലാണ് പരിശോധിക്കുന്നത്. വിദ്യാർത്ഥി തുന്നിക്കെട്ടിയ പേപ്പറുകള്‍ എല്ലാം മറിച്ച് നോക്കാന്‍ പോലും ടീച്ചർ മെനക്കെടുന്നില്ല. എത്രയെന്ന് വ്യക്തമല്ലെങ്കിലും ഒരു മാര്‍ക്ക് ആ പേപ്പറില്‍ അവര്‍ നല്‍കുന്നുണ്ട്.
അധ്യാപികയുടെ തീര്‍ത്തും അലക്ഷ്യമായ മൂല്യനിര്‍ണ്ണയത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതിന് പിന്നാലെയാണ് അധ്യാപികയ്ക്കെതിരെ നടപടി എടുത്തെന്നാണ് റിപ്പോര്‍ട്ട്. വീഡിയോയ്ക്കെതിരെ നിരവധി പേര്‍ വിമർശനവുമായി രംഗത്തെത്തിട്ടുണ്ട്.