Oddly News Travel

വിമാനത്തിൽ ഭർത്താവിനടുത്ത് ഇരിക്കാൻ സീറ്റ് നൽകിയില്ല! 10 മണിക്കൂർ യാത്രയില്‍ 3 മണിക്കൂറും കരഞ്ഞ് യാത്രക്കാരി!

വിമാനത്തിലെ തന്റെ ഐൽ സീറ്റ് (aisle seat) മാറി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് സഹയാത്രിക 3 മണിക്കൂർ നേരം കരഞ്ഞതായി യു.എസ് യാത്രാ ബ്ലോഗറുടെ വെളിപ്പെടുത്തൽ. ഇസ്താംബൂളിൽ നിന്ന് വാഷിംഗ്ടൺ ഡി.സിയിലേക്കുള്ള 10 മണിക്കൂർ നീണ്ട യാത്രയ്ക്കിടെയാണ് സംഭവം . രണ്ട് വരികൾക്ക് മുന്നിലിരുന്ന തന്റെ ഭർത്താവിന്റെ അടുത്ത് പോയിരിക്കാൻ ആഗ്രഹിച്ച സ്ത്രീക്കാണ് ബ്ലോഗർ സീറ്റ് മാറി നൽകാൻ തയ്യാറാകാതിരുന്നത്.

തനിക്കുണ്ടായ ഈ അനുഭവം ടോമിക്കോ ഹാർവി ഈ ആഴ്ച ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. പിതാവിന്റെ വേർപാടിന് ശേഷം കസാക്കിസ്ഥാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ഹാർവിക്ക് ഈ അനുഭവമുണ്ടായത്.

വൈറലായ വീഡിയോയിൽ, കരഞ്ഞു തളർന്ന ഒരു സ്ത്രീക്ക് സമീപം ഹാർവി ഇരിക്കുന്നത് കാണാം. ഭർത്താവിന്റെ അടുത്ത് ഇരിക്കാൻ സാധിക്കാത്തതിനാലും തന്റെ ഐൽ സീറ്റ് വിട്ടുകൊടുക്കാൻ താൻ തയ്യാറാകാത്തതിനാലും ആ സ്ത്രീ തുടർച്ചയായി കരയുകയായിരുന്നുവെന്ന് ബ്ലോഗർ പറയുന്നു. ദീർഘദൂര യാത്രകളിൽ അപരിചിതരായ ആളുകൾ തങ്ങൾ തിരഞ്ഞെടുത്ത് ബുക്ക് ചെയ്ത സീറ്റുകൾ വിട്ടുതരുമെന്ന് മറ്റുള്ളവർ പ്രതീക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ സംഭവം ഹാർവിയെ ചിന്തിപ്പിച്ചു. ഒരുമിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അടുത്തടുത്ത സീറ്റുകൾ ബുക്ക് ചെയ്യുകയോ അല്ലെങ്കിൽ സീറ്റ് സെലക്ഷനായി പണം നൽകുകയോ വേണമെന്ന് അവർ വാദിച്ചു.

“ദീർഘദൂര വിമാനയാത്രകളിൽ ഒരു അപരിചിതനോട് സീറ്റ് മാറാൻ ആവശ്യപ്പെടാമെന്ന് ആളുകൾ കരുതുന്നത് എന്തുകൊണ്ടാണ്? വിമാനത്തിൽ സീറ്റ് മാറാൻ വിസമ്മതിക്കുന്നത് മര്യാദകേടാണോ? നിങ്ങൾക്ക് ഒരുമിച്ച് ഇരിക്കണമെങ്കിൽ, ഒന്നിച്ചു ബുക്ക് ചെയ്യുക അല്ലെങ്കിൽ സീറ്റ് സെലക്ഷനായി പണം നൽകുക,” അവർ ചോദിച്ചു.

വാഷിംഗ്ടൺ ഡി.സിയിൽ വിമാനമിറങ്ങിയ ശേഷം, ഭർത്താവിനടുത്ത് ഇരിക്കാതെ തന്നെ 10 മണിക്കൂർ യാത്ര വിജയകരമായി പൂർത്തിയാക്കിയതിന് താൻ ആ സ്ത്രീയോട് പരിഹാസരൂപേണ ആശംസകൾ അറിയിച്ചതായും ഹാർവി പറഞ്ഞു.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. സീറ്റ് മാറി നൽകാതിരുന്ന ഹാർവിയുടെ തീരുമാനത്തെ പിന്തുണച്ചാണ് ഭൂരിഭാഗം ആളുകളും രംഗത്തെത്തിയത്. മറ്റു യാത്രികർ സൗകര്യം ചെയ്തു തരുമെന്ന് പ്രതീക്ഷിക്കുന്നതിന് പകരം യാത്രക്കാർ മുൻകൂട്ടി സീറ്റുകൾ ക്രമീകരിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

“ഞാൻ എന്തായാലും സീറ്റ് മാറി കൊടുക്കില്ലായിരുന്നു! കൃത്യമായി പണം നൽകി സീറ്റ് തിരഞ്ഞെടുക്കുന്നവരെ കുറ്റബോധത്തിലാക്കുന്നത് ആളുകൾ അവസാനിപ്പിക്കണം,” എന്ന് ഒരു ഉപയോക്താവ് കുറിച്ചു. “അവർക്ക് നേരത്തെ തന്നെ ഒരുമിച്ച് സീറ്റ് ബുക്ക് ചെയ്യാമായിരുന്നു. ഞാൻ നൂറു ശതമാനവും നിങ്ങളോടൊപ്പം നിൽക്കുന്നു. ആവശ്യമില്ലാതെ മിഡിൽ സീറ്റിലേക്ക് മാറേണ്ട കാര്യം എനിക്കില്ല,” എന്ന് മറ്റൊരു വ്യക്തി അഭിപ്രായപ്പെട്ടു.

“ഭർത്താവില്ലാതെ 10 മണിക്കൂർ യാത്ര ചെയ്യാൻ കഴിയില്ലത്രേ, എന്നാൽ ഒരുമിച്ച് ഇരിക്കാൻ പണം നൽകുകയുമില്ല. ഇതൊന്നും നിങ്ങളുടെ പ്രശ്നമല്ല,” എന്ന് മൂന്നാമതൊരാൾ കൂട്ടിച്ചേർത്തു. “നിങ്ങൾ സീറ്റ് വിട്ടുകൊടുക്കാത്തതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. രണ്ടുപേർക്കും മിഡിൽ സീറ്റുകളാണ് ലഭിച്ചത്, അതിനർത്ഥം അവർ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണ് നൽകിയത് എന്നാണ്. അവർക്ക് ശരിക്കും ഒരുമിച്ച് ഇരിക്കണമെന്നുണ്ടായിരുന്നെങ്കിൽ അവർ അതുപോലെ ബുക്ക് ചെയ്യുമായിരുന്നു. പണം ലാഭിക്കാൻ വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്തത്. എന്നിട്ട് കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞ് സീറ്റ് നേടിയെടുക്കാമെന്ന് കരുതി,” എന്ന് നാലാമതൊരു ഉപയോക്താവും കുറിച്ചു.