Oddly News

2000 വര്‍ഷം പഴക്കമുള്ള ചുരുളിലെ വാക്ക് വായിച്ചു; എ.ഐ. ഉപയോഗിച്ച് 21 കാരന്‍ വിദ്യാര്‍ത്ഥി ചരിത്രമെഴുതി…!

ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സുമായി (എ.ഐ) ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ഇപ്പോള്‍ ലോകം. ഹോളിവുഡില്‍ അടക്കം വന്‍ സമരങ്ങള്‍ക്ക് കാരണമായ എ.ഐ. ഉപയോഗിച്ച് ഒരു 21 കാരന്‍ വിദ്യാര്‍ത്ഥി പക്ഷേ ചരിത്രമെഴുതിയിരിക്കുകയാണ്. 2000 വര്‍ഷം പഴക്കമുള്ള ചുരുളിന്റെ ഒരു ഭാഗം ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു വായിച്ചാണ് നെബ്രാസ്‌ക സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥി ചരിത്രം സൃഷ്ടിച്ചത്.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുരാതന പാപ്പിറസ് ചുരുളുകളിലെ രഹസ്യങ്ങള്‍ മനസ്സിലാക്കാനുള്ള മത്സരമായ വെസൂവിയസ് ചലഞ്ചില്‍ ലൂക്ക് ഫാരിറ്റര്‍ വിജയിച്ചു. നെബ്രാസ്‌ക-ലിങ്കണ്‍ സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സിലെ വിദഗ്ദ്ധനായ ലൂക്ക് 4 ചതുരശ്ര സെന്റിമീറ്ററില്‍ 10 അക്ഷരങ്ങള്‍ വായിച്ചെടുത്താണ് വിജയം നേടിയതെന്ന് വെസൂവിയസ് ചലഞ്ച് വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

ആദ്യ വാക്ക് വായിച്ചതിന് 40,000 ഡോളര്‍ സമ്മാനത്തുകയും ഇയാള്‍ നേടി. വെസൂവിയസ് ചലഞ്ച് അനുസരിച്ച്, വിദ്യാര്‍ത്ഥിയായ ലൂക്ക് കണ്ടെത്തിയ വാക്ക് ‘പര്‍പ്പിള്‍’ എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വെസൂവിയസ് ചലഞ്ച് വെബ്സൈറ്റില്‍ കുറിച്ചു. പുരാതന രേഖ റോമന്‍ നഗരമായ ഹെര്‍ക്കുലേനിയത്തില്‍ നിന്നാണ് ഈ ചുരുള്‍ കുഴിച്ചെടുത്തത് ക്രിസ്ത്യാബ്ദം 79 ല്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ നഗരം തകര്‍ന്നിരുന്നു. ചുരുള്‍ പക്ഷേ എങ്ങിനെയോ അതിനെ മറികടക്കുകയായിരുന്നു.

പാപ്പിറസിന്റെ ചുരുളിന്റെ പാളികള്‍ക്കുള്ളില്‍ നിന്ന് ഗ്രീക്ക് അക്ഷരങ്ങള്‍ ഈ ഉപകരണത്തിന് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു. ഹെര്‍ക്കുലേനിയത്തില്‍ നിന്ന് കണ്ടെടുത്ത ചുരുളുകള്‍ വളരെ ദുര്‍ബലമാണ്. അവ നിവര്‍ത്തി വായിക്കാന്‍ ശ്രമിക്കുന്നത് നന്നാക്കാനാവാത്തവിധം കേടുവരുത്തും. അതിലെ എഴുത്തുകള്‍ നഷ്ടമാക്കുകയും ചെയ്യും. പക്ഷേ, ചുരുള്‍ അഴിക്കാതെയും കേടു വരുത്താതെയും വാക്കുകള്‍ ഗവേഷകരെ കാണാന്‍ സഹായിക്കുന്നതാണ് ഫാരിറ്ററിന്റെ സ്‌കാനിംഗ് രീതി.

ചുരുളിനുള്ളില്‍ പുരാതന ഗ്രീക്കില്‍ എഴുതിയ ‘പര്‍പ്പിള്‍’ എന്ന വാക്ക് ഫാരിറ്ററിന്റെ സാങ്കേതികത വെളിപ്പെടുത്തി. കൂടുതല്‍ വിശകലനം ഉള്ളില്‍ എഴുതിയിരിക്കുന്ന വാക്കുകള്‍ കൂടുതല്‍ അണ്‍ലോക്ക് ചെയ്യാന്‍ സഹായിക്കും. കൂടുതല്‍ വാക്കുകള്‍ ഉള്ളില്‍ ഡീക്രിപ്റ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍, ആരാണ് ചുരുള്‍ എഴുതിയതെന്നും എന്താണ് അതിലെ ആശയമെന്നും ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താനാകും.