Travel

ഒരു വിമാനത്തിലും കയറിയില്ല ; 15മാസം കൊണ്ടു രണ്ടു കൂട്ടുകാര്‍ സഞ്ചരിച്ചത് 27 രാജ്യങ്ങളില്‍

ഒരു വിമാനത്തില്‍പോലും യാത്രചെയ്യാതെ മറ്റൊരു രാജ്യത്തേക്കും മറ്റൊരു ഭൂഖണ്ഡത്തേക്കും പോകുക എന്നത് അല്‍പ്പം കൗതുകകരമായ കാര്യമാണ്. അപ്പോള്‍ 15മാസത്തിനുള്ളില്‍ 27 രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു എന്നു കേള്‍ക്കുമ്പോഴോ? ഈ യാത്രകള്‍ക്കായി വിമാനം ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ഈ യാത്രകളുടെ കഥയാണ് യൂറോപ്പില്‍ നിന്നുള്ള സുഹൃത്തുക്കളായ ടോമാസോ ഫരിനാമിനെയും അഡ്രിയാന്‍ ലാഫുവിനും പറയാനുള്ളത്.

യഥാക്രമം ഇറ്റലിയില്‍ നിന്നും സ്‌പെയിനില്‍ നിന്നുമുള്ള ടോമാസോ ഫരിനാമും അഡ്രിയാന്‍ ലാഫുവും പറക്കുന്നതിനുപകരം ബോട്ടുകളിലാണ് യാത്രകള്‍ ചെയ്തത്. ഈ അസാധാരണ മാര്‍ഗ്ഗം സ്വീകരിച്ചതിനാല്‍ ലോകപര്യവേക്ഷണത്തിന് 7,700 ഡോളര്‍ (ഏകദേശം 6,46,000 രൂപ) മാത്രമാണ് ചെലവായത്. പരിസ്ഥിതി സൗഹൃദവും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കലും മുന്‍നിര്‍ത്തിയാണ് ഇവര്‍ ബോട്ട് യാത്ര സ്വീകരിച്ചത്. ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ ഒരു ബോട്ട് ക്യാപ്റ്റനുമായുള്ള സംഭാഷണത്തിലൂടെയാണ് യാത്ര ക്രമീകരിച്ചതെന്നും ഇവര്‍ പറയുന്നു.

അവരുടെ യാത്ര പരിസ്ഥിതി സൗഹൃദം മാത്രമല്ല, ചെലവ് കുറഞ്ഞതുമാണ്. യാത്രയില്‍ അനുഭവപരിചയമില്ലാതെ അറ്റ്ലാന്റിക്കിന് കുറുകെ യാത്ര ചെയ്യാനുള്ള അവരുടെ തീരുമാനം കുടുംബാംഗങ്ങളെ വല്ലാതെ വിഷമിപ്പിച്ചു. അതേസമയം പനാമ ഉള്‍ക്കടലില്‍ ആദ്യ 10 ദിവസം തികച്ചും ഭയാനകമായിരുന്നുവെന്ന് ഫരീനം പറഞ്ഞു. പരുക്കന്‍ കാറ്റും കൊടുങ്കാറ്റും കൂറ്റന്‍ തിരമാലകളും നേരിടേണ്ടിവന്നെന്നും ഇവര്‍ പറഞ്ഞു.

ഈ വെല്ലുവിളികള്‍ക്കിടയിലും, ഇരുവരും തങ്ങളുടെ യാത്ര തുടര്‍ന്നു, ഓസ്‌ട്രേലിയയില്‍ എത്തുമെന്ന പ്രതീക്ഷയില്‍ പസഫിക്കിനു കുറുകെ കപ്പല്‍ യാത്ര തുടര്‍ന്നു. ഇതിനിടെ അവര്‍ വിവിധ ദ്വീപുകളിലിറങ്ങി സന്ദര്‍ശനം നടത്തി. ഇവരുടെ അതുല്യമായ യാത്രയുടെ വിശദാംശങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിടുന്നുമുണ്ട്. മനുഷ്യര്‍ പ്രകൃതിയുമായി യോജിച്ച് ജീവിക്കുന്ന ഒരു ലോകം സങ്കല്‍പ്പിക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫരീനം പറഞ്ഞു.