Crime

രണ്ട് മാർക്ക് കുറഞ്ഞു, അധ്യാപികയ്ക്ക് വിദ്യാർത്ഥിയുടെ അതിക്രൂരമർദ്ദനം- നടുക്കുന്ന ദൃശ്യങ്ങൾ

കണക്ക് പരീക്ഷയിൽ രണ്ട് മാർക്ക് കുറഞ്ഞതിന്റെ പേരില്‍ 17 വയസ്സുള്ള വിദ്യാർത്ഥി അധ്യാപികയെ ക്രൂരമായി മർദ്ദിച്ചു. തായ്‌ലൻഡിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. അധ്യാപികയെ വിദ്യാർത്ഥി അടിക്കുകയും, ഇടിക്കുകയും, ചവിട്ടുകയും, കടിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

ഓഗസ്റ്റ് 5-ന് ഉതൈ താനിയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. കണക്ക് പരീക്ഷയിൽ ലഭിച്ച മാർക്കിൽ വിദ്യാർത്ഥി അതൃപ്തനായിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചത്. ഫേസ്ബുക്കിൽ ‘ടീച്ചർ ആർട്ടി’ എന്ന പേജ് നടത്തുന്ന അധ്യാപിക ഓഗസ്റ്റ് 10-ന് ഈ സംഭവം ഫേസ്ബുക്കിൽ പങ്കുവെച്ചു.


കൗമാരക്കാരനായ വിദ്യാർത്ഥിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അധ്യാപിക അറിയിച്ചു. 20-ൽ 18 മാർക്ക് ലഭിച്ച വിദ്യാർത്ഥി രണ്ട് മാർക്ക് കുറഞ്ഞതിന്റെ കാരണം ചോദിച്ചപ്പോഴാണ് സംഭവം. ഉത്തരം ശരിയാണെങ്കിലും കണക്ക് ചെയ്ത രീതി കാണിക്കാത്തതിനാലാണ് മാർക്ക് കുറച്ചതെന്ന് അധ്യാപിക വിശദീകരിച്ചു.

എങ്കിലും മുഴുവൻ മാർക്കും നൽകണമെന്ന് വിദ്യാർത്ഥി നിരന്തരം ആവശ്യപ്പെട്ടു. എന്നാൽ അധ്യാപിക വഴങ്ങിയില്ല. ഇതിൽ പ്രകോപിതനായ വിദ്യാർത്ഥി അവരെ ആക്രമിക്കാൻ തുടങ്ങി. സിസിടിവി ദൃശ്യങ്ങളിൽ, വിദ്യാർത്ഥി അധ്യാപികയെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് കാണാം.

ഒരു പുരുഷ അധ്യാപകൻ ഇടപെട്ടാണ് ആക്രമണം അവസാനിപ്പിച്ചത്. ആക്രമണത്തിൽ അധ്യാപികയുടെ കണ്ണിനും തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റു. സംഭവത്തെത്തുടർന്ന് വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. നിയമപരമായ നടപടികളെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.