Oddly News

നീന്തലിനിടെ കയ്യിൽ കടിച്ചത് കടൽ സിംഹം, ഷാർക്ക് ആണെന്ന് തെറ്റിദ്ധരിച്ചു കൗമാരക്കാരി

തെക്കൻ കാലിഫോർണിയൻ ബീച്ചിൽ 15 കാരിക്ക് നേരെ കടൽ സിംഹത്തിന്റെ ആക്രമണം. ഞായറാഴ്ച ലോംഗ് ബീച്ചിന്റെ കേഡറ്റ് ലൈഫ് ഗാർഡ് പ്രോഗ്രാമിനായി നീന്തൽ പരീക്ഷ നടത്താനിരുന്ന ഫീബി ബെൽട്രാൻ എന്ന പെൺകുട്ടിക്കാണ് ഓഷ്യൻ ബൊളിവാർഡ് ലൈഫ് ഗാർഡ് ടവറിന് മുന്നിൽവെച്ച് ആക്രമണം നേരിട്ടത്.

“എവിടെ നിന്നാണെന്ന് അറിയില്ല, എന്റെ കയ്യിൽ എന്തോ കടിക്കുന്നതുപോലെ എനിക്ക് തോന്നി. ബെൽട്രാൻ ടീൻ കെടിഎൽഎയോട് പറഞ്ഞു. “ഞാൻ അതിന്റെ ഒരു നിഴൽ മാത്രമാണ് കണ്ടത്. ഞാൻ ആകെ ആഗ്രഹിച്ചത് അതൊരു സ്രാവ് ആകരുതേ എന്ന മാത്രമായിരുന്നു. എന്റെ കൈ കടിച്ചെടുക്കരുതേ എന്നെ കൊല്ലരുതെ, എന്ന് മാത്രമാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്” എന്നാണ് ഫീബി പറഞ്ഞത്.

എന്നാൽ തന്നെ ആക്രമിച്ചത് ഒരു സ്രാവ് ആണെന്ന് കരുതിയ കൗമാരക്കാരിക്ക് തെറ്റി. യഥാർത്ഥത്തിൽ ഫീബിയെ ആക്രമിച്ചത് 700 പൗണ്ട് വരെ ഭാരവും ആറടി വരെ ഭാരവുമുള്ള ഒരു കടൽ സിംഹമായിരുന്നു. ആക്രമണത്തിൽ ഒന്നിലധികം തവണ പെൺകുട്ടിക്ക് കടിയേൽക്കുകയും, ചതവുകൾ ഉണ്ടാകുകയും ചെയ്തെങ്കിലും സാരമായ പരിക്കുകൾ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട്‌.

ആക്രമണത്തിന് പിന്നാലെ ലൈഫ് ഗാർഡുകൾ പെൺകുട്ടിയെ ഉടൻ തന്നെ രക്ഷപ്പെടുത്തുകയും അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച് തെക്കൻ കാലിഫോർണിയൻ തീരത്തെ ആൽഗകൾ കടൽ സിംഹങ്ങളെ വിഷലിപ്തമാക്കുന്നതാണ് അവ കൂടുതൽ ആക്രമണകാരികളും മനുഷ്യർക്ക് ഭീഷണിയും ഉയർത്താൻ കാരണം.

ആൽഗകളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഡൊമോയിക് ആസിഡ് എന്ന ഈ വിഷ പദാർത്ഥം കടൽ സിംഹങ്ങളിൽ ആരോഗ്യ പ്രശ് നങ്ങൾ സൃഷ്ടിക്കുകയും അവയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നതാണ് ഇത്തരം ആക്രമണങ്ങൾക്ക് കാരണമാകുന്നത്.

മകളെ ആക്രമിച്ചത് സ്രാവ് ആണെന്ന് കരുതി പെൺകുട്ടിയുടെ അമ്മയും കടുത്ത പരിഭ്രാന്തിയിലായിരുന്നു.

“ഒരു ചിറക് പോലെ എന്തോ വരുന്നത് ഞാൻ കണ്ടു, ആ സമയത്ത് ആരോ ‘സ്രാവ്’ എന്ന് നിലവിളിക്കുന്നത് കേട്ടു. ഉടൻ തന്നെ ഞങ്ങൾ എല്ലാവരും വെള്ളത്തിലേക്ക് കുതിച്ചു, അപ്പോഴാണ് അത് ആക്രമിക്കുന്നത് എന്റെ മകളെയാണെന്ന് ഞാൻ മനസ്സിലാക്കിയത്. അതോടെ ഞാൻ തകർന്നുപോയി” ബിബി ബെൽട്രാൻ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ കടൽത്തീരത്ത് പോകുന്നവർ ഇത്തരത്തിലുള്ള ഒറ്റപ്പെട്ടതോ അക്രമകാരിയോ ആയ സസ്തനിയെ എന്തിനെയെങ്കിലും കണ്ടാൽ ഉടൻ തന്നെ ഏറ്റവും അടുത്തുള്ള ലൈഫ് ഗാർഡിനെ അറിയിക്കാനും അധികൃതർ നിർദ്ദേശം നൽകി.