ഗുജറാത്തിലെ വഡോദരയില്‍ പ്രളയജലത്തിനൊപ്പം വീടുകളില്‍ മുതലയുമെത്തി. വിശ്വാമിത്രി നദിയോട് ചേര്‍ന്നുള്ള ഒരു വീട്ടിലാണു 15 അടി നീളമുള്ള മുതല കയറിയത്. ഇതോടെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനം ഭയചകിതരായി. വിശ്വാമിത്രി നദിയിലെ ജലനിരപ്പ് ഉയരുകയാണ്.
ഇതേത്തുടര്‍ന്നു വാഹനങ്ങള്‍ ഒലിച്ചുപോയി.
ഗുജറാത്ത് ഗവൺമെന്റിന്റെ അഭ്യർത്ഥന മാനിച്ച്, ഇന്ത്യൻ ആർമിയുടെ ആറ് ട്രൂപ്പുകള്‍ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നു. നിലവിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് സൈന്യത്തിന്റെ വിന്യാസം.
സാമ പ്രദേശത്തെ കടകളില്‍ 8 അടിയിലധികം വെള്ളമുണ്ട്. വെള്ളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. നൂറുകണക്കിന് വാഹനങ്ങള്‍ ഇപ്പോഴും സാമ തടാകത്തിന് സമീപം കുടുങ്ങിക്കിടക്കുകയാണ്.
വൈദ്യുതിയും കുടിവെള്ളവുമില്ലാത്തത് നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കി. മുതലകളുടെ സാന്നിധ്യം ജനങ്ങളില്‍ ഭയം ഇരട്ടിയാക്കി ഉയര്‍ത്തി. ഇതോടെ സഹായത്തിനായി ആഴം കുറഞ്ഞ വെള്ളത്തിലേക്ക് പോലും ആളുകള്‍ ഇറങ്ങാന്‍ മടിക്കുകയാണ്. സംസ്ഥാനത്ത് കൂടുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗരാഷ്ട്രയിലും കച്ചിലും അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു.