Crime

കാമുകിയെ പഠിപ്പിച്ച് ടീച്ചറാക്കി, പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്‍മാറി; ജീവനൊടുക്കി യുവാവ്, 14 വര്‍ഷത്തെ പ്രണയത്തിന്റെ അന്ത്യം

സ്വന്തം ജോലി പോലും ഉപേക്ഷിച്ച് കാമുകിയെ പഠിപ്പിക്കുകയും ജോലി നേടാന്‍ സഹായിക്കുകയും ചെയ്തിട്ടും കാമുകി വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കൊളാത്തല ഗ്രാമത്തിലാണ് സംഭവം. ചതുര്‍ഭുജ് ദാസ് എന്ന യുവാവാണ് ആണ് മരിച്ചത്. സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയായി ജോലിക്ക് കയറിയതിനു പിന്നാലെയാണ് കാമുകി വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. തിരസ്കരണം സഹിക്കാനാവാതെ ചതുർഭുജ് വിഷം കഴിച്ചതായി പറയുന്നു. ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ചതുര്‍ഭുജ് കാമുകിയെ പഠിപ്പിക്കുകയും ജോലി നേടാന്‍ സഹായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഹൈസ്കൂളില്‍ ജോലി ലഭിച്ചതിന് പിന്നാലെ കാമുകി തന്നെ ഉപേക്ഷിച്ചതില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്ന് ചതുര്‍ഭുജിന്റെ കുടുംബം ആരോപിക്കുന്നു. ഇരുവരും 14 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു.

ജോലി ലഭിച്ചതിന് ശേഷം കാമുകി ചതുര്‍ഭുജില്‍ നിന്ന് അകലുകയും ഏറെക്കാലമായി ചര്‍ച്ചയിലുണ്ടായിരുന്ന വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

“ദയവായി എന്റെ മകന് നീതി നൽകൂ. കഴിഞ്ഞ 15 വർഷമായി, ഞങ്ങളുടെ പെൺകുട്ടി എന്റെ മകനുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഒരു ഹൈസ്കൂളിൽ ജോലി ലഭിച്ച ശേഷം, അവൾ അവന്റെ വിവാഹാഭ്യർത്ഥന നിരസിച്ചു,” മരിച്ച യുവാവിന്റെ അമ്മ ദുഃഖത്തോടെ പറഞ്ഞു.

അവള്‍ നേരത്തെ വിവാഹം കഴിക്കുമെന്ന് പറഞ്ഞിരുന്നു, ഇരുവരും പരസ്പരം സമ്മതിച്ചിരുന്നു. ഡിസംബറിൽ അവരുടെ വിവാഹനിശ്ചയം നടത്താമെന്നും പിന്നീട് വിവാഹം നടത്താമെന്നും ഞാൻ അവനോട് പറഞ്ഞു. എന്നാൽ പെട്ടെന്ന്, അവർക്കിടയിൽ തർക്കം ഉടലെടുത്തു. അതിനിടയിൽ പെൺകുട്ടി അവനെ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞു, മകന്റെ ജോലിയെ വിമർശിക്കുകയും അവനെ ഒരു മോശം മനുഷ്യനെന്ന് വിളിക്കുകയും ചെയ്തു. ആ വാക്കുകൾ കേട്ടപ്പോൾ എന്റെ മകൻ പ്രതീക്ഷ നഷ്ടപ്പെട്ടു, വിഷം കഴിച്ചു, ”മരിച്ചയാളുടെ പിതാവ് രമാകാന്ത ദാസ് പറഞ്ഞു.