Featured Oddly News

14 വയസുകാരിയുമായി വിവാഹം, ബലമായി വീട്ടിലേക്ക് എടുത്തുകൊണ്ടു പോകുന്ന ഭർത്താവ്: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

റിപ്പോർട്ടുകൾ പ്രകാരം തമിഴ്‌നാട്ടിലെ തോട്ടമഞ്ഞ് പ്രദേശത്തെ ചെറിയ ഗ്രാമമായ തിമ്മത്തൂരിൽ നിന്നുള്ള കൗമാരക്കാരിയാണ് വീഡിയോയിൽ കാണുന്ന പെൺകുട്ടി. ഗ്രാമത്തിലെ ഒരു സ്‌കൂളിൽ ഏഴാം ക്ലാസ് വരെ പഠിച്ച ശേഷം വീട്ടിലിരിക്കുകയായിരുന്ന പെൺകുട്ടിയെ വീഡിയോയിൽ അവളെ എടുത്തുകൊണ്ടുപോകുന്ന ഈ യുവാവ് വിവാഹം കഴിച്ചത്രേ.

കർണാടകയിലെ കാളികുട്ടായി ഗ്രാമത്തിൽ നിന്നുള്ള കൂലിപ്പണിക്കാരനായ 29 കാരൻ മാദേശ് ആണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. മാർച്ച് 3 തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.

എന്നാൽ കല്യാണം കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് മടങ്ങിയ ശേഷം, പെൺകുട്ടി തന്റെ ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് പോകാൻ വിസമ്മതിക്കുകയും മാതാപിതാക്കളെയും ബന്ധുക്കളെയും ഈക്കാര്യം അറിയിക്കുകയും ചെയ്തു.

എന്നാൽ, മാദേഷും 38 കാരനായ സഹോദരൻ മല്ലേഷും ഭാര്യയും ചേർന്ന് പെൺകുട്ടിയെ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവം കണ്ടുനിന്നവരിൽ ചിലർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ മുത്തശ്ശി നൽകിയ പരാതിയിൽ ഡെങ്കണിക്കോട്ടയിലെ വനിതാ പോലീസ് സ്‌റ്റേഷൻ അന്വേഷണം നടത്തുകയും മാദേഷ്, മല്ലേഷ്, ഭാര്യ എന്നിവരെയും പെൺകുട്ടിയുടെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പോക്‌സോ നിയമത്തിലെയും ശൈശവ വിവാഹ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ അഞ്ചു പേരും രണ്ട് വർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും അനുഭവിക്കേണ്ടിവരും. നിലവിൽ പെൺകുട്ടി തന്റെ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് താമസിക്കുന്നത്.

ഇന്ത്യയിൽ ഒരു സ്ത്രീയുടെ നിയമപരമായ വിവാഹപ്രായം 18 വയസ്സാണ്. എന്നിരുന്നാലും, ശൈശവ വിവാഹങ്ങൾ രാജ്യത്തുടനീളം വ്യാപകമായി തുടരുകയാണ്. കർണാടകയിൽ മാത്രം 2023-2024 കാലയളവിൽ 180 ശൈശവ വിവാഹങ്ങളെ കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഇതിൽ 105 വിവാഹങ്ങൾ തടയുകയും ബാക്കി 75 വിവാഹങ്ങളിൽ പോലീസ് കേസെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *