Oddly News

1,200 വര്‍ഷത്തെ പഴക്കമുള്ള ശവകുടീരം ; മനുഷ്യബലിയ്‌ക്കൊപ്പം കണ്ടെത്തിയത് സ്വര്‍ണ്ണനിധിയും

പനാമയില്‍ 1,200 വര്‍ഷത്തെ പഴക്കമുള്ള ശവകുടീരം കണ്ടെത്തിയിരിയ്ക്കുകയാണ് പുരാവസ്തു ഗവേഷകര്‍. കോക്ലെ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഇപ്പോള്‍ ഖനനം നടക്കുന്ന എല്‍ കാനോ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്, പനാമ സിറ്റിയില്‍ നിന്ന് ഏകദേശം 100 മൈല്‍ തെക്കുപടിഞ്ഞാറാണ്. ഗവേഷകര്‍ കണ്ടെത്തിയ ശവകുടീരത്തേക്കാള്‍ അതില്‍ കണ്ടെത്തിയ സ്വര്‍ണ്ണമാണ് പുരാവസ്തു ഗവേഷകരുടെ കണ്ണ് തള്ളിച്ചത്.

ശവകുടീരം പ്രാദേശിക കോക്ലെ സംസ്‌കാരത്തില്‍ നിന്നുള്ള ഒരു പ്രധാന മേധാവിയുടേത് ആയിരിക്കാമെന്ന് എല്‍ കാനോ ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. അടക്കം ചെയ്യപ്പെട്ട വ്യക്തിക്ക് 30 വയസിനടുത്ത് പ്രായമുണ്ട്. പ്രധാന വ്യക്തിയെ മാറ്റിനിര്‍ത്തിയാല്‍ ‘സഹചാരികളായി അദ്ദേഹത്തെ സേവിക്കാന്‍ ത്യാഗം സഹിച്ച’ മറ്റ് 31 വ്യക്തികളെയും ഈ ശവകുടീരത്തില്‍ കണ്ടെത്തിയെന്ന് ഖനനത്തിന് നേതൃത്വം നല്‍കിയ ഡോ. ജൂലിയ മയോ പറഞ്ഞു. ഇപ്പോഴും ഖനനം നടക്കുകയാണെന്നും അതിനാല്‍ ആളുകളുടെ എണ്ണത്തെ കുറിച്ച് അവസാനവാക്ക് പറയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശവകുടീരത്തില്‍ അടക്കം ചെയ്യപ്പെട്ടയാള്‍ക്ക് വേണ്ടി നടത്തിയ മനുഷ്യബലിയുടെ അവശിഷ്ടങ്ങളും ശവകുടീരത്തില്‍ നിന്നും കണ്ടെത്തി. തെക്ക് – വടക്ക് അമേരിക്കന്‍ വന്‍കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വളരെ ചെറിയൊരു ഭൂഭാഗമാണ് പനാമ. ഇരുവന്‍കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനാല്‍ ഈ പ്രദേശം വഴിയാണ് പണ്ട് മനുഷ്യര്‍ കാല്‍നടയായി ഇരുഭൂഖണ്ഡങ്ങളിലേക്കും സഞ്ചരിച്ചിരുന്നത്.

അടക്കം ചെയ്യപ്പെട്ട വ്യക്തിയോടൊപ്പം നിരവധി പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ബലി അര്‍പ്പിക്കപ്പെട്ട രീതിയില്‍ അതേ ശവകുടീരത്തില്‍ നിന്നും കണ്ടെത്തി. പനാമയില്‍ നിലനിന്നിരുന്ന പുരാതന ശവസംസ്‌കാര രീതിയിലേക്കുള്ള ഏറ്റവും പുതിയ വാതിലാണ് കണ്ടെത്തലെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സ്വര്‍ണ്ണ വളകള്‍, സ്വര്‍ണ്ണ മുത്തുകള്‍ കൊണ്ട് അലങ്കരിച്ച രണ്ട് ബെല്‍റ്റുകള്‍, മുതലകളുടെ രൂപത്തോട് സാമ്യമുള്ള കമ്മലുകള്‍, സ്വര്‍ണ്ണം പൊതിഞ്ഞ ബീജത്തിമിംഗലത്തിന്റെ പല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച കമ്മലുകള്‍, വൃത്താകൃതിയിലുള്ള സ്വര്‍ണ്ണ തകിടുകള്‍ എന്നിവ ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.

പുരുഷന്റെയും സ്ത്രീയുടെയും ആകൃതിയിലുള്ള കമ്മലുകള്‍, രണ്ട് മണികള്‍, നായയുടെ പല്ലുകള്‍ കൊണ്ട് അലങ്കരിച്ച രണ്ട് പാവാടകള്‍, അസ്ഥിയില്‍ തീര്‍ത്ത ഒരു കൂട്ടം ഓടക്കുഴലുകള്‍ എന്നിവയും ഇവിടെ നിന്ന് കണ്ടെത്തി. ഒരു സ്ത്രീയുടെ ശരീരത്തിന് മുകളില്‍ അവര്‍ക്ക് അഭിമുഖമായ രീതിയിലാണ് പ്രധാനപ്പെട്ടയാളെ അടക്കം ചെയ്തത്. ഇത് ഇത്തരം ശവകുടീരങ്ങളില്‍ കാണാറുള്ള സാധാരണ ആചാരമാണെന്നും ഗവേഷണ സംഘം കൂട്ടിച്ചേര്‍ത്തു. 2022 മുതല്‍ ഈ പ്രദേശത്ത് ഖനനം നടക്കുകയാണ്. എല്‍ കാനോ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് ഏതാണ്ട് എഡി 700 ല്‍ ശ്മശാനഭൂമിയായിരുന്നെന്നും എന്നാല്‍ എഡി 1000-മാണ്ടോടെ പ്രദേശം വിജനമായെന്നും സാംസ്‌കാരിക മന്ത്രാലയം പറയുന്നു.