Good News

വിവാഹം കഴിഞ്ഞ് 10വര്‍ഷമായപ്പോള്‍ കാഴ്ച നഷ്ടമായി, ഇന്ത്യയിലെ അന്ധയായ ആദ്യത്തെ പാചക യൂട്യൂബർ

സുന്ദരമായ ഈ ഭൂമിയെ കണ്ട് ആസ്വദിച്ചുകൊണ്ടിരുന്ന ഒരു നിമിഷത്തില്‍ പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുകയെന്നത് വളരെ ദയനീയമായ അവസ്ഥയാണ്. പലരും തകര്‍ന്നുപോകും. എന്നാല്‍ അതില്‍ തോല്‍ക്കാന്‍ തയ്യാറാകാതെ അന്ധതയെ തോല്‍പ്പിച്ച ഒരു വ്യക്തി. ഈ പോരാളി മറ്റാരുമല്ല ബെംഗളൂരുകാരിയായ ഭൂമികയാണ്. വേറിട്ട രീതിയിലായിരുന്നു ഭൂമിക അന്ധതയെ നേരിട്ടത്. കുക്കിങ് യുട്യൂബ് ചാനല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാഴ്ചാ വെല്ലുവിളി നേരിടുന്ന സ്ത്രീകൂടിയാണ് ഭൂമിക.

കാഴ്ച പൂര്‍ണമായും നഷ്ടമായെങ്കിലും പാചക കലയിലൂടെയാണ് ഭൂമിക ജീവിതത്തിനെ തിരിച്ചുപിടിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ കുറഞ്ഞ ചേരുവകള്‍ ഉപയോഗിച്ച് രുചിയുള്ള ഭക്ഷണം ഉണ്ടാക്കാനായി ഭൂമികയ്ക്ക് സാധിക്കാറുണ്ട്. അതും തന്റെ കാഴ്ചപരിമിതികളെ തകര്‍ത്തുകൊണ്ടാണ്. യൂട്യൂബില്‍ ഭൂമിക കിച്ചണ്‍ എന്ന ഒരു കുക്കിങ് ചാനലും ഇവര്‍ ആരംഭിച്ചു. ഏതാണ്ട് 88000ല്‍ അധികം സബ്സ്‌ക്രൈബേഴ്സ് ഭൂമികയുടെ ചാനലിനുണ്ട്.

പച്ചക്കറികള്‍ വൃത്തിയാക്കുക, അവ മുറിക്കുക, സുഗന്ധ വ്യഞ്ജനങ്ങള്‍ തിരിച്ചറിയുക, അവ പാചകത്തിന് ഉപയോഗിക്കുക, ഭക്ഷണത്തിന്റെ മണം, രുചി തുടങ്ങി എല്ലാകാര്യങ്ങളും ഭൂമിക ഒറ്റയ്‌ക്കുതന്നെയാണ് ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് 10 വര്‍ഷത്തിന് ശേഷമാണ് ഭൂമികയുടെ കാഴ്ച നഷ്ടമാകുന്നത്. ന്യുറിറ്റിസ് എന്ന അപൂര്‍വ നേത്രരോഗമാണ് അന്ധതയ്ക്ക് കാരണമായത്.

2010ല്‍ തലവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഭൂമിക കണ്ണിന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞു.ക്രമേണ കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമാകുമെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2018ലാണ് കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമാകുന്നത്. ഭൂമികയുടെ ഒപ്പം അവളെ ചേര്‍ത്ത് പിടിച്ച് കുടുംബം കൂട്ടായുണ്ടായിരുന്നു.

ആദ്യ സമയത്ത് കാഴ്ചയില്ലാതെ പാചകം ചെയ്യുകയെന്നത് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. അക്കാലത്ത് ബ്ലൈന്‍ഡ് ഫ്രണ്ട് ലീ കുകുങ് എന്ന വാട്സ്പ്പ് ഗ്രൂപ്പില്‍ ഭൂമിക അംഗമായിരുന്നു. അതില്‍ നിന്ന് ലഭിച്ച പ്രചോദനവും ഉപദേശങ്ങളും ചാനല്‍ ഭംഗിയായി കൊണ്ടുപോകാനായി ഭൂമികയ്ക്ക് സഹായകമായി. ചാനല്‍ ആരംഭിച്ച് രണ്ട് മാസത്തിനകം തന്നെ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചു. ഭൂമികയുടെ പ്രധാന ശക്തി ഭര്‍ത്താവ് സുദര്‍ശന്‍ തന്നെയാണ്. വീഡിയോ ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും സുദര്‍ശന്‍ തന്നെയാണ്. മികച്ച വരുമാനവും ഭൂമികയ്ക്ക് ചാനലിലൂടെ ലഭിക്കുന്നു.