ഒരു കലണ്ടര്‍വര്‍ഷം എത്രയധികം ഏകദിനം കളിച്ചാലും ലോകകപ്പിലെ വിജയം നല്‍കുന്ന ആനന്ദം രാജ്യത്തിനും ആരാധകര്‍ക്കും നല്‍കുന്ന ആഹ്‌ളാദം ചില്ലറയല്ല. 2023 ലോകകപ്പില്‍ സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ടീമുകളും ഓരോ താരങ്ങളില്‍ കണ്ണു വെയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കണ്ണുവെയ്‌ക്കേണ്ട ചില പ്രധാന താരങ്ങള്‍ ഇവരാണ്.
അഫ്ഗാനിസ്ഥാന് ലോകകപ്പില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ റഷീദ്ഖാന്റെ പ്രകടനം ഏറ്റവും നിര്‍ണ്ണായകമായിരിക്കും. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ താരത്തിന് ബാറ്റ് കൊണ്ട് അവസാന ഓവറുകളില്‍ ടീമിനെ തുണയ്ക്കാനുമാകും. വാലറ്റത്ത് മികച്ച ഫിനിഷര്‍ കൂടിയായ താരത്തിന് 4.67 ഇക്കോണമിയില്‍ ലോകകപ്പിലെ എട്ട് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകളുണ്ട്.
ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആഷ്ടണ്‍ അഗറിന് പരിക്കേറ്റത് ഗുണമായത് ബാറ്റ്‌സ്മാന്‍ മാര്‍നസ് ലെബുഷാനേയ്ക്കാണ്. ലോകകപ്പിലേക്ക് പിന്‍വാതില്‍ പ്രവേശനം നടത്തി. 2023ല്‍ 10 ഇന്നിങ്സുകളില്‍ നിന്ന് ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പടെ 384 റണ്‍സ് നേടിയിട്ടുണ്ട്.
നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ബംഗ്ലാദേശിന്റെ പ്രതീക്ഷയാണ്. 14 ഇന്നിംഗ്സുകളില്‍ നിന്ന് 2 സെഞ്ച്വറികളും 5 അര്‍ധസെഞ്ചുറികളും അടങ്ങുന്ന 698 റണ്‍സ് നേടിയതിനാല്‍ ഈ വര്‍ഷം മികച്ച ബാറ്റിംഗ് പ്രകടനമാണ് ഈ ഓപ്പണര്‍ നടത്തുന്നത്. ഉപഭൂഖണ്ഡാന്തര സാഹചര്യങ്ങളില്‍, ബംഗ്ലാ കടുവകള്‍ക്ക് മികച്ച തുടക്കം നല്‍കാന്‍ ഷാന്റോയുടെ ഫോം വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.
ഇംഗ്‌ളണ്ട് ക്രിക്കറ്റ് ടീം നായകന്‍ ജോസ് ബട്‌ളറുടെ ഒറ്റയാളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഏകദിനത്തില്‍ നിന്നും വിരമിച്ച ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് തീരുമാനം തിരുത്തിയത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ബാറ്റിംഗിലും ബോളിലും ഗണ്യമായ സംഭാവന നല്‍കിയ സ്റ്റോക്‌സ് തന്റെ ടീമില്‍ ഉണ്ടായിരിക്കണമെന്ന നിര്‍ബ്ബന്ധം ജോസ് ബട്‌ളര്‍ക്കായിരുന്നു. 4.92 ഇക്കണോമിയില്‍ 7 വിക്കറ്റ് വീഴ്ത്തി, 11 മത്സരങ്ങളില്‍ നിന്ന് 289 റണ്‍സ് നേടി, 84 എന്ന അപരാജിത സ്‌കോര്‍ ഉള്‍പ്പെടെ സബ്മിറ്റ് ട്രോഫി സ്വന്തമാക്കി.
ലോകകപ്പിന് തൊട്ടടുത്ത്് ഇന്ത്യന്‍ ടീമിലെ ഏറ്റവും സംസാരവിഷയം ഈ 22 കാരന്റെ ഫോമാണ്. കിട്ടിയ അവസരം എങ്ങിനെ ഉപയോഗിക്കാമെന്ന് കാട്ടിത്തന്ന ശുഭ്മാന്‍ ഗില്ലില്‍ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷ ഏറെയാണ്. ഏറ്റവും പ്രായം കുറഞ്ഞ ഏകദിന ഡബിള്‍ സെഞ്ച്വറി നേടിയതാരം ബാറ്റിംഗ് ഓര്‍ഡറില്‍ തന്റെ ജീവിതകാലം ആസ്വദിക്കുകയാണ്. 5 സെഞ്ചുറികളും 5 അര്‍ധസെഞ്ചുറികളും നേടിയ ഗില്‍ 2023ല്‍ ഇതുവരെ 1260 റണ്‍സ് നേടിയിട്ടുണ്ട്. ഗില്ലിന്റെ ജ്വലിക്കുന്ന ഫോം ഇന്ത്യയ്ക്ക് വലിയ പോസിറ്റീവ് ആയി മാറും.
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 5.08 എന്ന ഇക്കോണമിയില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തി ഡച്ച് ബൗളര്‍ ലോഗന്‍ വാന്‍ ബീക്കില്‍ നിന്നും നെതര്‍ലാന്‍ഡ്‌സ് ഏറെ പ്രതീക്ഷിക്കുന്നുണ്ട്. തന്റെ ഫോം ലോകകപ്പില്‍ താരത്തിനും ടീമിനും ഒരു നാഴികക്കല്ലാക്കാന്‍ കഴിയുമോ എന്ന് കണ്ടറിയണം.
2023ല്‍ 14 ഇന്നിങ്സുകളില്‍ നിന്ന് അഞ്ച് അര്‍ധസെഞ്ചുറികളും 492 റണ്‍സും നേടിയ വില്‍ യംഗ്, ന്യൂസിലാന്‍ഡിന് അടുത്തിടെ നല്‍കിയതെല്ലാം മികച്ച തുടക്കങ്ങളാണ്. അവ വലിയ സ്‌കോറുകളാക്കി മാറ്റാനായാല്‍ ന്യൂസിലന്റിന് ലോകകപ്പില്‍ വലിയ മുതല്‍ക്കൂട്ടായിരിക്കും.
പാകിസ്ഥാന്‍ സ്പീഡ്സ്റ്റര്‍ ഷഹീന്‍ അഫ്രീദി, ന്യൂബോളില്‍ അതിശയിപ്പിക്കുന്ന പ്രകടനം നടത്താന്‍ കഴിയുന്നയാളാണ്. തനിക്ക് പരിചിതമായ സാഹചര്യങ്ങളില്‍ ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കുന്നത് തുടരുകയും ചെയ്യും. ഈ വര്‍ഷം കളിച്ച 12 മത്സരങ്ങളില്‍ നിന്നായി 24 വിക്കറ്റുകളാണ് അഫ്രീദിയുടെ സമ്പാദ്യം.
കളിയുടെ ഏത് ഘട്ടത്തിലും ഗിയര്‍ മാറ്റാനുള്ള മികവാണ് ദക്ഷിണാഫ്രിക്ക ഹെന്റിച്ച് ക്ലാസനില്‍ നിന്നും പ്രതീക്ഷിക്കുന്നത്്. 2023ല്‍ 10 ഇന്നിംഗ്സുകളില്‍ നിന്നായി 408 റണ്‍സാണ് പ്രോട്ടീസ് മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ ചേര്‍ത്തത്. ഇതുവരെ ലോകകപ്പ് നേടിയിട്ടില്ലാത്ത ദക്ഷിണാഫ്രിക്കയുടെ മിന്നും താരമാണ് അദ്ദേഹം.
സ്പിന്‍-ഫ്രണ്ട്ലി ട്രാക്കുകളും ഐപിഎല്ലില്‍ കളിച്ച് നേടിയ അനുഭവവും കൊണ്ട് മഹേഷ് തീക്ഷണയെ ശ്രീലങ്ക ഏറെ ആശ്രയിക്കുന്നുണ്ട്. ഇന്ത്യയിലെ പരിചിതമായ സാഹചര്യം കൊണ്ട് ഈ വലംകൈ ഓഫ് സ്പിന്നര്‍ ബാറ്റര്‍മാര്‍ക്ക് വലിയ തലവേദനയായി മാറിയേക്കാം. 2023ല്‍ ഇതുവരെ 15 മത്സരങ്ങളില്‍ നിന്ന് 4.52 എന്ന എക്കോണമി റേറ്റോടെ 31 വിക്കറ്റുകള്‍ തീക്ഷണ നേടിയിട്ടുണ്ട്.