പ്രായഭേദമന്യേയാണ് ഇന്ന് ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. തിരക്കു പിടിച്ച ജീവിതം മൂലം പലപ്പോഴും സ്വയം ശ്രദ്ധിയ്ക്കാന്‍ സമയം കിട്ടാതെ പോകുന്ന ആളുകളാണ് കൂടുതലും. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. ജനിതകമായി വരുന്ന ഹൃദ്രോഗങ്ങളുടെ കാര്യത്തില്‍ നാം പലപ്പോഴും നിസ്സഹായരാണെങ്കിലും ജീവിതശൈലിയിലെ പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന ഹൃദ്രോഗത്തെ ഒന്ന് ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ തടയാന്‍ കഴിയും. ഹൃദയത്തിന് പ്രശ്‌നം വരുന്ന ഈ ജീവിതശൈലികളെ കുറിച്ച് മനസിലാക്കാം…..
അലസമായ ജീവിതശൈലി – കാര്യമായ വ്യായാമം ഇല്ലാതെയുള്ള അലസ ജീവിതശൈലി ഹൃദയത്തിന്റെ പേശികളെ ദുര്‍ബലപ്പെടുത്തും. ഇത് കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം എന്നിവയെല്ലാം വഷളാക്കുകയും ചെയ്യും. പടി കയറ്റം, വേഗത്തിലുള്ള നടത്തം എന്നിവയും ഹൃദയാരോഗ്യത്തിന് നല്ലതാണ്.
അനിയന്ത്രിതമായ പ്രമേഹം – അനിയന്ത്രിമായ പ്രമേഹ രോഗവും രക്തക്കുഴലുകള്‍ക്ക് ക്ഷതമേല്‍പ്പിക്കും. ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് അമിതവണ്ണം വരുന്നതും ഹൃദയാഘാത സാധ്യത ഉയര്‍ത്തും.
ദന്താരോഗ്യത്തിലെ ശ്രദ്ധക്കുറവ് – മോശം ദന്തശുചിത്വം ബാക്ടീരിയ നമ്മുടെ രക്തപ്രവാഹത്തിലേക്ക് എത്താന്‍ കാരണമാകും. ഇത് നീര്‍ക്കെട്ട്, രക്തധമനികളുടെ നാശം എന്നിവയ്ക്ക് കാരണമാകും. നിത്യവുമുള്ള പല്ല് തേപ്പ്, ഫ്ളോസിങ്, ദന്ത പരിശോധനകള്‍ എന്നിവ പല്ലിന്റെ മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിനും അത്യാവശ്യമാണെന്ന് ചുരുക്കം.
അമിതമായ മദ്യപാനം – അമിത മദ്യപാനം രക്തസമ്മര്‍ദം ഉയര്‍ത്തുകയും ഹൃദയപേശികളെ ദുര്‍ബലപ്പെടുത്തുകയും ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയും ചെയ്യും. മദ്യപാനം ഉപേക്ഷിക്കാന്‍ പറ്റുമെങ്കില്‍ ഉപേക്ഷിക്കുകയോ തീരെ പറ്റാത്തവര്‍ അത് പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.
നിരന്തരമായ സമ്മര്‍ദം – അനിയന്ത്രിതമായ സമ്മര്‍ദം ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് രക്തസമ്മര്‍ദം ഉയര്‍ത്തുകയും നീര്‍ക്കെട്ട് വര്‍ധിപ്പിക്കുകയും ചെയ്യും. നിരന്തരമായ സമ്മര്‍ദം അമിതമായി ഭക്ഷണം കഴിക്കാനും പുകവലിക്കാനുമുള്ള പ്രേരണയുണ്ടാക്കുകയും ചെയ്യാം. ഇതും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കും. യോഗ, മെഡിറ്റേഷന്‍, നടത്തം പോലുള്ളവ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
അമിതമായ വേദനസംഹാരികളുടെ ഉപയോഗം – ഐബുപ്രൂഫണ്‍ പോലുള്ള വേദനസംഹാരികളുടെ ദീര്‍ഘകാലത്തെ ഉപയോഗം രക്തസമ്മര്‍ദ്ധം ഉയര്‍ത്തി ഹൃദയാഘാതത്തിലേക്ക് നയിക്കാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ അത്തരം മരുന്നുകള്‍ ഉപയോഗിക്കരുത്.
പുകവലി – പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത ഇരട്ടിയോളമാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ പറയുന്നു. പുകയില രക്തധമനികളുടെ ഭിത്തികള്‍ക്ക് ക്ഷതമേല്‍പ്പിക്കുകയും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുകയും ചെയ്യും. രക്തത്തിലെ ഓക്സിജന്റെ അളവും പുകവലി മൂലം കുറയുന്നതാണ്. പുകവലിക്കുന്നത് മാത്രമല്ല, പുകവലിച്ചു കൊണ്ടിരിക്കുന്നവരുടെ സമീപത്ത് പോയി നില്‍ക്കുന്നത് മൂലമുള്ള സെക്കന്‍ഡ് ഹാന്‍ഡ് സ്മോക്കും ഹൃദയത്തെ അപകടത്തിലാക്കാം.
സ്ലീപ് അപ്നിയ – ഉറക്കത്തില്‍ ശ്വാസം നിലയ്ക്കാനും രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കാനും കാരണമാകുന്ന ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ ഹൃദയാരോഗ്യത്തെ അപകടത്തിലാക്കും. ശരിയായ രോഗനിര്‍ണ്ണയം, സിപാപ് തെറാപ്പി പോലുള്ള ചികിത്സകള്‍ ഹൃദയത്തിന് മേലുള്ള ഭീഷണി കുറയ്ക്കും.
മോശം ഭക്ഷണം, അമിതമായ ഉപ്പ് – സാച്ചുറേറ്റഡ് കൊഴുപ്പ്, ട്രാന്‍സ് ഫാറ്റ്, കൊളസ്ട്രോള്‍ എന്നിവ ചേര്‍ന്ന ഭക്ഷണം രക്തധമനികളില്‍ കൊഴുപ്പ് അടിയാനും അവയുടെ വ്യാസം ചുരുങ്ങാനും കാരണമാകും. ഭക്ഷണത്തിലെ അമിതമായ ഉപ്പ് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിച്ച് ഹൃദയത്തെ സമ്മര്‍ദ്ദത്തിലാക്കും. ഉപ്പ് കുറച്ച് പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും അടങ്ങിയ ഭക്ഷണക്രമം ശീലിക്കുന്നത് ഹൃദ്രോഗസാധ്യത ഗണ്യമായി കുറയ്ക്കും.
അമിതവണ്ണം – അമിതവണ്ണം, വയറിന് ചുറ്റുമുള്ള അമിതമായ കൊഴുപ്പ് എന്നിവയെല്ലാം ഉയര്‍ന്ന ചീത്ത കൊളസ്ട്രോളിനും ട്രൈഗ്ലിസറൈഡിനും കാരണമാകാം. ഇവ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നതാണ്. അമിതവണ്ണം ഉയര്‍ന്ന രക്തസമ്മര്‍ദം, ടൈപ്പ് 2 പ്രമേഹം എന്നിവയായും ബന്ധപ്പെട്ടിരിക്കുന്നു.




