Oddly News

പ്രൊഫഷണൽസ് തോറ്റുപോകുമല്ലോ? ഹൃദയങ്ങൾ കീഴടക്കി കുരുന്നിന്റെ ബെല്ലി ഡാൻസ് വീഡിയോ

കുഞ്ഞുകുട്ടികളെ സംബന്ധിക്കുന്ന വീഡിയോകൾ ഇഷ്ടമില്ലാത്തതായി ആരുംതന്നെ ഉണ്ടാകില്ല. അവരുടെ നിഷ്കളങ്കമായ മുഖവും, കൊഞ്ചലൂറുന്ന ചിരിയും ആരുടേയും മനംകവരുന്നതാണ്. അതേസമയം അസാമാന്യ പ്രകടങ്ങൾ കാഴ്ച്ചവെക്കുന്ന കുരുന്നുകളും ഇക്കൂട്ടത്തിൽ ഉണ്ട്. ചിലപ്പോൾ മുതിർന്നവരെപോലും കടത്തിവെട്ടുന്ന കുഞ്ഞുങ്ങളുടെ ഇത്തരം കഴിവുകൾ പലപ്പോഴും ഞെട്ടലോടെയായിരിക്കും നാം കാണുന്നത് തന്നെ. എന്നാൽ ഒരിക്കൽ കൂടി ഞെട്ടാൻ തയ്യാറായിക്കോ. കാരണം സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്സ്താക്കളുടെ കയ്യടിയും പ്രശംസയും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു കൊച്ചു പെൺകുട്ടിയുടെ ആകർഷകമായ ബെല്ലി ഡാൻസിന്റെ അതിമനോഹരമായ വീഡിയോയാണിത്.

ചടുലമായ അവളുടെ ചുവടുകൾ ലോകമെമ്പാടുമുള്ള ഹൃദയങ്ങൾ കീഴടക്കി. വീഡിയോകണ്ട് പലരും തങ്ങളുടെ സന്തോഷം പങ്കുവെച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട, വീഡിയോയിൽ ഒരു ബെല്ലി ഡാൻസിംഗ് ക്ലാസ്സ്‌ ആണ് കാണിക്കുന്നത്. അവിടെ ഒന്നര വയസ്സുള്ള ഒരു പെൺകുട്ടിയെ കാണിക്കുന്നു. മറ്റ് വിദ്യാർത്ഥികൾ ഇൻസ്ട്രക്ടറുടെ നിര്‍ദേശങ്ങള്‍ പിന്തുടരുമ്പോൾ, ഈ കൊച്ചു നർത്തകി അവളുടെ സ്വന്തം താളത്തിലേക്ക് നീങ്ങാൻ ശ്രമിക്കുകയാണ്. വീഡിയോയുടെ അടിക്കുറിപ്പിൽ “ബേബി മാർ” എന്ന് പരാമർശിച്ചിരിക്കുന്ന ഈ കൊച്ചുകുട്ടി തന്റെ സ്വാഭാവികമായ കഴിവും പ്രകടനവും കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കി.

‘ടിയാരെ നാനി സലാപ’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെക്കപ്പെട്ടത്. ‘ഇവളാണ് ഞങ്ങളുടെ കുഞ്ഞ് നർത്തകി, ഒന്നര വയസ്സ് മാത്രം പ്രായമേ ഉള്ളു, ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞ് മാർ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൻതോതിൽ വൈറലായി, ഇതിനോടകം ഒമ്പത് ദശലക്ഷത്തിലധികം ലൈക്കുകൾ വീഡിയോ നേടിക്കഴിഞ്ഞു. അതോടൊപ്പം കൊച്ചു മിടുക്കിയും പ്രശസ്തയായി.

നിരവധി ആളുകൾ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. ഒരു ഉപയോക്താവ് എഴുതി, “അധ്യാപികയേക്കാൾ തികഞ്ഞ കുഞ്ഞ് (ചിരിക്കുന്ന ഇമോജികളോടെ)” മൂന്നാമതൊരാൾ തമാശരൂപേണ പരിഹസിച്ചു, “അവളാണ് ഇൻസ്ട്രക്ടർ, അല്ലേ?”

ഏതായാലും കുഞ്ഞ് മാറിന്റെ ആഹ്ലാദകരമായ നൃത്തശൈലി കാഴ്ചക്കാരെ എത്രമാത്രം ആഴത്തിൽ സ്വാധീനിച്ചുവെന്ന് വീഡിയോയിലെ കമന്റുകൾ കണ്ടാൽ തന്നെ അറിയാം.