ബെംഗളുരുവിനെ നടുക്കി വന്‍ കവര്‍ച്ച. പ്രമുഖ കെട്ടിട നിര്‍മാതാവിന്റെ വീട്ടില്‍ നിന്നു വീട്ടുവേലക്കാരിയും ഭര്‍ത്താവും 18 കോടിയുടെ സ്വര്‍ണവും വെള്ളിയും രത്നങ്ങളും കവര്‍ന്നു. ഞയറാഴ്ച വീട്ടുടമയും കുടുംബവും ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു വൻ കവര്‍ച്ച. നേപ്പാള്‍ സ്വദേശികളായ ദമ്പതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.
യമലൂരുവിലെ ബിൽഡറായ ശിവകുമാറിന്റെ വസതിയിലാണ് നാടിനെ നടുക്കിയ ഈ മോഷണം നടന്നത്. 20 ദിവസം മുമ്പ് മാത്രം വീട്ടിൽ ജോലിക്കെത്തിയ ദമ്പതികളാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.
ജനുവരി 25-ന് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു മോഷണം. ശിവകുമാർ സുഹൃത്തുക്കളോടൊപ്പം ഫിലിപ്പീൻസിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. ഭാര്യയും മകനും മരുമകളും ബന്ധുവീട്ടിലേക്കും പോയി. തിരിച്ചെത്തിയപ്പോഴാണ് ലോക്കറുകൾ തകർത്ത നിലയിലും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടതായും ശ്രദ്ധയിൽപ്പെട്ടത്.
ദിനേശ്, കമല എന്നിവരാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞു. കമല വീട്ടുജോലിക്കാരിയായും ദിനേശ് സെക്യൂരിറ്റി ഗാർഡായുമാണ് ജോലി ചെയ്തിരുന്നത്. വെറും 20 ദിവസത്തിനുള്ളിൽ ഉത്തരവാദിത്തത്തോടെ ജോലികൾ ചെയ്ത് ഇവർ വീട്ടുകാരുടെ വിശ്വാസം നേടിയെടുത്തിരുന്നു.
ഇവർക്ക് മുമ്പ് ഒൻപത് മാസത്തോളം ഇവിടെ ജോലി ചെയ്തിരുന്ന വികാസ്, മായ എന്നീ ദമ്പതികൾ നാട്ടിലേക്ക് പോകാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പകരം ആളെ ഏർപ്പാടാക്കിയ ശേഷം മടങ്ങിയാൽ മതിയെന്ന് ശിവകുമാർ നിർദ്ദേശിച്ചതനുസരിച്ചാണ് ദിനേശും കമലയും എത്തിയത്.
പുറത്തുപോകാമെന്ന് പറഞ്ഞ് കമല വീട്ടിലെ മറ്റ് ജോലിക്കാരെ തന്ത്രപൂർവ്വം പുറത്തേക്ക് കൊണ്ടുപോയി. ഇതിന് പിന്നാലെ ദിനേശ് അഞ്ചോ ആറോ കൂട്ടാളികളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംഘം ആദ്യം വീട്ടിലെ യുപിഎസ് (UPS) സംവിധാനം ഓഫ് ചെയ്യുകയും തുടർന്ന് താഴത്തെ നിലയിലെയും ഒന്നാം നിലയിലെയും കിടപ്പുമുറികളിലെ ലോക്കറുകൾ തകർക്കുകയും ചെയ്തു.
11.5 കിലോ സ്വർണം, വജ്രാഭരണങ്ങൾ, 5 കിലോ വെള്ളി, 11.5 ലക്ഷം രൂപ എന്നിവയാണ് പ്രതികൾ കവർന്നത്. ഇതിന് മൊത്തം 18 കോടി രൂപ വിലമതിക്കും. സംഭവത്തിന് പിന്നിൽ നേപ്പാളി സംഘമാണെന്ന് പോലീസ് സംശയിക്കുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടന്നിരിക്കുന്നത്.
മാരത്തഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി ഊർജിതമായ തിരച്ചിൽ ആരംഭിച്ചു. പ്രതികളെ കണ്ടെത്താനും മോഷണമുതൽ വീണ്ടെടുക്കാനുമായി നിരവധി ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.




