Health

മഴക്കാലമാണ് ; പ്രതിരോധശേഷി കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

സര്‍വസാധാരണമായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് പനി. എന്നാല്‍ മഴക്കാലത്ത് പനിയെ കൂടുതല്‍ കരുതണം. കാരണം, ചെറിയ ജലദോഷത്തില്‍ തുടങ്ങി എലിപ്പനി, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, ടൈഫോയിഡ്, കോളറ വരെ പകരാവുന്ന രോഗങ്ങള്‍ ഇക്കാലത്ത് പടര്‍ന്ന് പിടിക്കുന്നു. ശുചിത്വം പാലിക്കുക എന്നതാണ് പനിയെ കരുതുന്നതിനുള്ള പ്രാഥമിക നടപടി. സ്വയം ചികിത്സ ഒഴിവാക്കുകയും തിളപ്പിച്ചാറിച്ച വെള്ളം കുടിക്കാനും മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. വെള്ളത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍, പനി, ജലദോഷം എന്നിവയൊക്കെ മാറ്റാന്‍ ഭക്ഷണത്തില്‍ ചിലത് ഉള്‍പ്പെടുത്തണം. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തുന്നതായിരിക്കണം ഡയറ്റ്….

  • വെളുത്തുള്ളി – എല്ലാ വീടുകളിലും സുലഭമാണ് വെളുത്തുള്ളി. കറികള്‍ക്ക് രുചിയും മണവും കൂട്ടാന്‍ മാത്രമല്ല വെളുത്തുള്ളി ആരോഗ്യത്തിനും ഏറെ നല്ലതാണ്. അണുബാധ തടയാന്‍ സഹായിക്കുന്ന ആന്റിമൈക്രോബയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ വെളുത്തുള്ളിയിലുണ്ട്. മാത്രമല്ല ശരീരത്തില്‍ അണുബാധയ്‌ക്കെതിരെ പോരാടുന്നതിന് ആവശ്യമായ വെളുത്ത രക്താണുക്കളുടെ ഉല്‍പാദനത്തെയും ഇത് ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. വെളുത്തുള്ളി അസംസ്‌കൃതമായി ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്. അതിനാല്‍ ഇത് സാലഡ് ഡ്രെസ്സിംഗുകളിലോ സ്പ്രെഡുകളിലോ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
  • ഇഞ്ചി – ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഞ്ചി. ഇതിലെ ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് എന്നിവ ശരീരത്തിലെ പല അണുബാധകളും ഇല്ലാതാക്കാന്‍ സഹായിക്കും. ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ നല്ലതാണ് ഇഞ്ചി. വെള്ളത്തില്‍ ഇഞ്ചിയിട്ട് തിളപ്പിച്ച് കുടിക്കുന്നത് പല ഗുണങ്ങളാണ് നല്‍കുന്നത്.
  • സിട്രസ് പഴങ്ങള്‍ – രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഏറെ മികച്ചതാണ് സിട്രസ് പഴങ്ങള്‍. ഓറഞ്ച്, നാരങ്ങ പോലെയുള്ളവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും രോഗപ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രാവിലെ ചെറുചൂടുള്ള നാരങ്ങാ നീര് ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്.
  • മഞ്ഞള്‍ – എല്ലാ വീടുകളിലും മഞ്ഞള്‍ ലഭ്യമാണ്. ഇത് ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് മഞ്ഞള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വളരെ മികച്ചതാണ്. ടി, ബി കോശങ്ങളുടെയും രോഗപ്രതിരോധ കോശങ്ങളെയും ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. നന്നായി ആഗിരണം ചെയ്യാന്‍ കുരുമുളക്, വെളിച്ചെണ്ണ, അല്ലെങ്കില്‍ നെയ്യിക്കൊപ്പം ഇത് കഴിക്കാവുന്നതാണ്.