Featured Oddly News

പാർക്കിംഗിനെച്ചൊല്ലി സംഘർഷം; യുവാവിനെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പോലീസ്; വീഡിയോ വൈറല്‍

വാഹന പാര്‍ക്കിംഗിനെ ചൊല്ലി ഒരു യുവവ്യാപാരിയും പോലീസും തമ്മിലുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവാവിന്റെ വാഹനം ബാങ്കിന് പുറത്ത് പാർക്ക് ചെയ്തിരുന്നപ്പോൾ, യാതൊരു അറിയിപ്പുമില്ലാതെ വാഹനം പോലീസുകാർ കൊണ്ടുപോകാൻ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ വ്യാപാരിയായ ദീപാംശു യാദവ് ചോദ്യം ചെയ്തതോടെ തർക്കം ഉടലെടുത്തു. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

വീഡിയോ ദൃശ്യങ്ങളിൽ, 4-5 പോലീസുകാർ യുവാവിനെ കോളറിൽ പിടിച്ച് നിലത്തിട്ട് ക്രൂരമായി മർദ്ദിക്കുന്നതായി കാണാം. തുടർന്ന് വ്യാപാരി ഒരു പോലീസുകാരനെ കൈകാര്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. മിനുട്ടുകളോളം റോഡിലിട്ട് പോലീസുകാര്‍ യുവാവിനെ മര്‍ദ്ദിക്കുന്നത് കാണാം. എന്നാല്‍ തന്നെക്കൊണ്ട് കഴിയാവുന്ന രീതിയില്‍ യുവാവ് ഒറ്റയ്ക്ക് ചെറുത്തു നില്‍ക്കുന്നുണ്ട്.

പോലീസ് തന്നെ കരേലി പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് സ്റ്റേഷൻ ഇൻചാർജ് പ്രിയങ്ക കെവാട്ടിന്റെ മുന്നിൽവച്ച് വീണ്ടും മർദ്ദിച്ചതായി വ്യാപാരി ആരോപിച്ചു. എന്നാൽ, വ്യാപാരിയാണ് ആദ്യം തങ്ങളുടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്ന് പോലീസ് അവകാശപ്പെട്ടു.

പ്രതിഷേധം
വീഡിയോ വൈറലായതിനെ തുടർന്ന് നാട്ടുകാർക്കും വ്യാപാരികൾക്കുമിടയിൽ പ്രതിഷേധം ശക്തമായി. കോൺഗ്രസിന്റെ മുൻ എംഎൽഎ സഞ്ജയ് ശർമ്മയുടെ നേതൃത്വത്തിൽ വ്യാപാരികൾ കരേലി പോലീസ് സ്റ്റേഷൻ വളഞ്ഞ്, കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു.

പോലീസ് പ്രതികരണം
വിഷയം പരിഹരിക്കാൻ സ്ഥലത്തെത്തിയ അഡീഷണൽ എസ്പി സന്ദീപ് ഭൂരിയ, പ്രതിഷേധക്കാരുമായി സംസാരിക്കുകയും നീതിയുക്തമായ അന്വേഷണം ഉറപ്പ് നൽകുകയും ചെയ്തു. “ഒരു നിഷ്പക്ഷ അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും,” അദ്ദേഹം പറഞ്ഞു.

താൻ അന്യായമായി ആക്രമിക്കപ്പെട്ടെന്നും നീതി ലഭിക്കണമെന്നും വ്യാപാരി ആവശ്യപ്പെട്ടു. ഈ സംഭവം നഗരത്തിൽ വലിയ ചർച്ചയായി തുടരുകയാണ്.