Health

പാനി പൂരി പ്രിയരേ, ജാഗ്രത…; കാന്‍സര്‍ ഘടകങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്

പലർക്കും പ്രിയങ്കരമായ ജനപ്രിയ തെരുവ് ലഘുഭക്ഷണമായ പാനി പൂരിയില്‍ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കര്‍ണാടക ആരോഗ്യ വകുപ്പ് നടത്തിയ സുരക്ഷാപരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍. കോട്ടൺ മിഠായി, ഗോബി മഞ്ചൂറിയൻ, കബാബ് എന്നിവയിൽ കൃത്രിമ കളറിംഗ് ഏജന്റായ റോഡാമൈൻ-ബി നിരോധിച്ചതിന് പിന്നാലെയാണ് ഈ വാർത്ത വരുന്നത്.

തെരുവ് കച്ചവടക്കാർ, കല്യാണ മണ്ഡപങ്ങൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഉദ്യോഗസ്ഥർ 200-ലധികം പാനി പൂരി സാമ്പിളുകൾ ശേഖരിച്ചു. മൊത്തം സാമ്പിളുകളിൽ 40 എണ്ണവും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തി. ഈ 40എണ്ണത്തില്‍ കൃത്രിമനിറങ്ങളും കാൻസറിന് കാരണമാകുന്ന ഘടകങ്ങളും കണ്ടെത്തി. 18 സാമ്പിളുകൾ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്നും തെളിഞ്ഞു.

ബ്രില്യന്റ് ബ്ലൂ, സണ്‍സെറ്റ് യെല്ലോ, ടാർട്രാസൈൻ തുടങ്ങിയ രാസവസ്തുക്കൾ പാനി പൂരി സാമ്പിളുകളിൽ കണ്ടെത്തി, ഇത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ചില സമ്പിളുകളില്‍ അമിതമായ അളവിൽ ബാക്ടീരിയയും കണ്ടെത്തി. സിന്തറ്റിക് കളറുകൾ അമിതമായി ചേർത്ത് ഷവര്‍മ വിറ്റ ശാലകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധനയിൽ സ്ഥിരീകരിച്ചാൽ വകുപ്പ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു ഉറപ്പ് നൽകി. ഏത് തരത്തിലുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്നും അതിൽ എന്താണ് ഉൾപ്പെടുന്നതെന്നും ആളുകൾ അറിഞ്ഞിരിക്കണം. റസ്റ്റോറൻ്റ് ഉടമകളും ശുചിത്വം പാലിക്കാൻ ഉത്തരവാദിത്തമുള്ളവരായിരിക്കണം. അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.