Sports

ഇന്ത്യന്‍ വനിതകളുടെ ഓട്ടക്കൈയ്യലൂടെ ചോര്‍ന്നത് ഏഴു ക്യാച്ചുകള്‍ ; ഓസീസിന് തുണച്ചത് വമ്പന്‍ ഭാഗ്യങ്ങള്‍

ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടെയും വനിതകള്‍ തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ പുറത്താക്കാന്‍ മത്സരിക്കുന്നതിന് പകരം ഗ്രൗണ്ടില്‍ വീറും വാശിയും കാട്ടിയത് അവരുടെ ക്യാച്ച് താഴെയിടാന്‍. മത്സരത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരെല്ലാം കൂടി താഴെയിട്ടത് ഏഴു ക്യാച്ചുകള്‍.

മുംബൈയിലെ വരണ്ടതും സ്പിന്‍ സൗഹൃദപരവുമായ പ്രതലത്തില്‍, ഇന്ത്യയുടെ സ്പിന്‍ കുന്തമുനയായ ദീപ്തി ശര്‍മ്മയുടെ ബൗളിംഗ് ആക്രമണം ഓസ്ട്രേലിയയെ 8 വിക്കറ്റിന് 258 എന്ന നിലയില്‍ ഒതുക്കി. എന്നിരുന്നാലും, കളത്തില്‍ ഇന്ത്യ മെല്ലെപ്പോയിരുന്നില്ലെങ്കില്‍ സ്‌കോര്‍ ഇതിലും കുറയുമായിരുന്നു. ആദ്യത്തെ എട്ടു ഓവറുകളില്‍ തന്നെ മൂന്ന് ക്യാച്ചുകളാണ് നഷ്ടമാക്കിയത്.

ഏറ്റവും കൂടുതല്‍ അവസരം കിട്ടിയത് ഓപ്പണര്‍ ഫോബി ലിച്ച്ഫീല്‍ഡിനായിരുന്നു. 1, 10, 16 എന്നിവയില്‍ ലൈഫ് നേടി, മൂന്ന് തവണ രക്ഷപ്പെട്ട ലിച്ച്ഫീല്‍ഡ് പിന്നീട് 98 ഡെലിവറികള്‍ നിന്നും 63 റണ്‍സും നേടി.
ഓപ്പണര്‍ ലിച്ച്ഫീല്‍ഡിനെ പുറത്താക്കാന്‍ രണ്ടാം പന്തില്‍ തന്നെ അവസരം കിട്ടിയതാണ്. ഷോര്‍ട്ട് എക്സ്ട്രാ കവറിലൂടെ പായിച്ച ഷോട്ടിന് അമന്‍ജേ്യാത് ഇടതുവശത്തേക്ക് ഡൈവ് ചെയ്‌തെങ്കിലും കിട്ടിയില്ല.

അഞ്ചാമത്തെ ഓവറിന്റെ അവസാന പന്തിലായിരുന്നു രണ്ടാമത്തെ അവസരം. മിഡ് ഓഫില്‍ മന്ദാനയായിരുന്നു അവസരം തുലച്ചത്. മുന്നോട്ട് ഡൈവ് ചെയ്ത മന്ദാനയുടെ കൈകളില്‍ പതിച്ചെങ്കിലും വഴുതിപ്പോയി. ലിച്ച്ഫീല്‍ഡിന്റെ വഴിക്ക് കൂടുതല്‍ ഭാഗ്യം.

എട്ടാമത്തെ ഓവറിന്റെ മൂന്നാമത്തെ പന്തില്‍ ഇത്തവണ ആദ്യ സ്ലിപ്പില്‍ കൈവിട്ടത് ഭാട്ടിയ. ലിച്ച്ഫീല്‍ഡ് ഈ ലെങ്ത് പന്തില്‍ ഒരു ഔട്ട് എഡ്ജ് കിട്ടിയെങ്കിലും ഭാട്ടിയ രണ്ട് തവണ പന്ത് തട്ടി താഴെയിട്ടു. 17 ാം ഓവറിന്റെ അഞ്ചാം പന്തില്‍ റാണയ്ക്ക് അവസരം വന്നു. തലയ്ക്ക് മുകളിലൂടെ പറന്ന പന്തില്‍ അവള്‍ വലതു കൈ ഉയര്‍ത്തി ചാടിയെങ്കിലും വിരലുകളില്‍ തട്ടിപ്പോയി.

നാല്‍പ്പത്തിമൂന്നാം ഓവറില്‍ മന്ദാന മിഡ് വിക്കറ്റില്‍ വീണ്ടും അവസരം കളഞ്ഞു. 48 ാംഓവറിന്റെ രണ്ടാംപന്തില്‍ ഹര്‍മാന്‍ പ്രീത് കൗര്‍ മിഡ് വിക്കറ്റില്‍ അവസരം കളഞ്ഞു. ഏഴാമത്തെ ക്യാച്ച് കളഞ്ഞത് ദീപ്തിയായിരുന്നു. ഡീപ് മിഡ്വിക്കറ്റില്‍ നിന്ന് ഓടിയെടുക്കാന്‍ ശ്രമിച്ച പന്ത് വിരലുകളില്‍ തട്ടിത്തെറിച്ചു. പക്ഷേ 38 റണ്‍സ് വഴങ്ങി ദീപ്തിയുടെ ഉജ്വല ബൗളിംഗ് ഓസീസിനെ പിടിച്ചുകെട്ടാന്‍ സഹായിച്ചു.