Oddly News

രാത്രിയില്‍ പുറത്തു വന്ന് പക്ഷികളെ ജീവനോടെ തിന്നുന്നു ; സോംബി എലികളെ കൊല്ലാന്‍ പ്രത്യേക പദ്ധതി

രാത്രിയില്‍ കൂട്ടത്തോടെ പുറത്തു വന്ന് പക്ഷികളെ ജീവനോടെ തിന്നുന്ന ‘സോംബി എലികള്‍ ദ്വീപ് കീഴടക്കിയതിനെ തുടര്‍ന്ന് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു വിദൂര ദ്വീപില്‍ പത്തുലക്ഷത്തോളം എലികളെ നശിപ്പിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. മരിയോണ്‍ ദ്വീപിലാണ് എലികളുടെ കൂട്ടക്കശാപ്പ് നടത്താനൊരുങ്ങുന്നത്. ആറ് ഹെലികോപ്റ്ററുകളില്‍ നിന്നായി 550 ടണ്‍ വിഷം തളിച്ച് കൊല്ലാനാണ് പദ്ധതി.

ആല്‍ബട്രോസ് പക്ഷികളുടെ വീട് എന്നറിയപ്പെടുന്ന ദ്വീപില്‍ പക്ഷികളെ കൂട്ടത്തോടെ ആക്രമിച്ച് എലികള്‍ കൊന്നു തിന്നാന്‍ തുടങ്ങിയതോടെയാണ് പക്ഷികളെ രക്ഷിക്കാന്‍ എലികളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ ചെറിയ സംഘമായി നീങ്ങുന്ന എലികള്‍ ആല്‍ബട്രോസ് പക്ഷികളുടെ കൂടുകള്‍ തകര്‍ക്കുകയും കൂട്ടില്‍ ഉറങ്ങുന്ന പക്ഷിക്കുഞ്ഞുങ്ങളെ തിന്നുകയും ചെയ്യുകയാണ്. ഇരകളെ തിരഞ്ഞെടുത്ത ശേഷം, എലികള്‍ പക്ഷികളുടെ തലയില്‍ ഇരുന്നു, അവയുടെ മാംസം കടിച്ചുകീറും.

എലികളുടെ ക്രൂരതയ്ക്ക് ഇരയാകുന്ന പക്ഷിക്കുഞ്ഞുങ്ങള്‍ ആക്രമണത്തിന് ഇരയായി രോഗികളാകുകയും, ഭയാനകമായ ആക്രമണങ്ങളില്‍ നിന്ന് അണുബാധ ഉണ്ടായി മരണപ്പെടുകയും ചെയ്യുന്നു. പക്ഷികള്‍ കൂട്ടമായി ചത്തൊടുങ്ങിയതോടെ ദ്വീപില്‍ നടത്തിയ ആകാശനിരീക്ഷണത്തിലെ രാത്രി ദൃശ്യങ്ങളാണ് ‘സോംബി എലികള്‍’ പ്രവര്‍ത്തനക്ഷമമാണെന്ന് കാഴ്ചകള്‍ പുറത്തു കൊണ്ടുവന്നത്.

ഒരു എലി ഒരു പക്ഷിയുടെ തലയില്‍ ഇരിക്കുന്ന നിലയിലാണ് ഒരു ചിത്രം. ദ്വീപിലെ തദ്ദേശീയമല്ലാത്ത വേട്ടക്കാരില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് പക്ഷികള്‍ പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ദ്വീപിലെ ഡസന്‍ കണക്കിന് വരുന്ന വ്യത്യസ്ത പക്ഷി ഇനങ്ങളിലെ കുഞ്ഞുങ്ങള്‍ എലികള്‍ക്ക് ഇരയായതോടെ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരും വിവിധ പരിസ്ഥിതി സംഘടനകളും ചേര്‍ന്ന് ‘മൗസ്-ഫ്രീ മരിയോണ്‍’ എന്ന പേരില്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.

സൈനിക കൃത്യതയും 19.6 ദശലക്ഷം പൗണ്ട് ചെലവ് വരുന്ന ഒരു ബ്രഹത് പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയത്. ഇതിലൂടെ ദ്വീപില്‍ നിന്നും എലികളെ ഉന്മൂലനം ചെയ്യാമെന്നാണ് പ്രതീക്ഷ. 1800 കളുടെ തുടക്കത്തില്‍ ദ്വീപിലേക്ക് സീല്‍വേട്ടക്കാരുടെ കപ്പല്‍ വഴിയാണ് എലികള്‍ എത്തിച്ചേര്‍ന്നത്. മരിയോണ്‍ ദ്വീപിലെ ജീവികള്‍ തികച്ചും സമാധാനപരമായി സഹവസിച്ചിരുന്നപ്പോള്‍, 2000-കളില്‍ ചൂട് കൂടിയതിനാല്‍ കൂടുതല്‍ എലികള്‍ക്ക് ശൈത്യകാലത്തെ അതിജീവിക്കാന്‍ കഴിഞ്ഞു. ശൈത്യകാലത്തെ ദാരിദ്ര്യത്തെ അതിജീവിക്കാന്‍ വേണ്ടിയായിരുന്നു ആല്‍ബട്രോസിനെ ആക്രമിക്കാന്‍ തുടങ്ങിയതെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ആല്‍ബട്രോസിന് പുറമേ 29 ഇനം പക്ഷികള്‍ ഇവിടെയുണ്ട്.